Football
flick
Football

നിശബ്ദമായി ബെർണബ്യൂ; ഹാൻസി ഫ്ലിക്ക് ബാഴ്സയുടെ രക്ഷകൻ

safvan rashid
|
27 Oct 2024 12:01 PM GMT

റയലിനെതിരെ അണിനിരന്ന ടീമിൽ ആറ് പേർ 21 വയസ്സിൽ കുറഞ്ഞവരാണ്. ക്ഷാമ കാലത്ത് ക്ലബിനെ കുറ്റം പറഞ്ഞിരിക്കാതെ ലാമാസിയ അക്കാദമിയെ വിശ്വസിച്ചതിന്റെ ഫലം കൂടിയാണിത്

നിശബ്ദമായി ബെർണബ്യൂ; ഹാൻസി ഫ്ലിക്ക് ബാഴ്സയുടെ രക്ഷകൻലണ്ടറൊന്ന് രണ്ട് മാസം പിറകോട്ട് മറിക്കാം. ക്യാമ്പ്നൗവിൽ നിന്നും നാം കേട്ടിരുന്നതൊക്കെയും മോശം വാർത്തകളായിരുന്നു. ബാഴ്സലോണയെന്ന

വിഖ്യാതക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കനം ലോകമാ​കെ അറിഞ്ഞുതുടങ്ങി. തങ്ങൾക്ക് വേണ്ട താരങ്ങളെ എത്തിക്കാൻ പോലും സാധിക്കാത്ത, എതിരാളികളാൽ പാപ്പരാസികളെന്ന് വിളികേട്ടിരുന്ന നൂറ്റാണ്ട് ചരിത്രമുള്ള ​ക്ലബ്. ലാലിഗയിൽ കിരീടം റയലിന് പത്ത് പോയന്റ് പിന്നിലായാണ് അവർ അടിയറവ് വെച്ചത്. ചാമ്പ്യൻസ് ലീഗിലാകട്ടെ, പി.എസ്.ജിയോട് നാണം കെട്ട് പുറത്തുപോകേണ്ടിവന്നു. മാഡ്രിഡ് ക്ലബുകൾ അപഹസിക്കുന്നത് പോട്ടെ എന്ന് വെക്കാം. പക്ഷേ കാറ്റലോണിയ പ്രവിശ്യയിൽ നിന്ന് തന്നെയുള്ള ജിറൂണ വരെ അവരെ പരിഹസിച്ച് തുടങ്ങിയത് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.


ഫുട്ബോൾ ലോകത്തിന് മുന്നിൽ ബാഴ്സലോണ തലയുയർത്താനാകാതെ നിൽക്കുമ്പോൾ അപ്പുറത്ത് മാ​​​​ഡ്രിഡിൽ ആഘോഷങ്ങൾ നുരഞ്ഞുപൊങ്ങുകയായിരുന്നു. ലാലിഗയും ചാമ്പ്യൻസ് ലീഗും സാന്റിയാഗോ ബെർണബ്യൂവിലെ അലമാരയിൽ തിളങ്ങിനിൽക്കുന്നു. ലോകഫുട്ബോളിന്റെ സിംഹാസനമായ ബാലൻഡി ഓറിലിരിക്കാൻ അവരുടെ മൂന്ന് താരങ്ങൾ മത്സരിക്കുന്നു. ബാഴ്സയിൽനിന്നും താരങ്ങൾ കൂടുവിടുമ്പോൾ മാഡ്രിഡിൽ കിലിയൻ എംബാ​​പ്പെയും എൻ​​ട്രിക്കുമടക്കമുള്ളവരുടെ പട്ടാഭിഷേകങ്ങൾ നടക്കുകയായിരുന്നു. ചാവിയെന്ന തങ്ങളുടെ മാനേജറെ ബാഴ്സലോണ പുറത്താക്കുമ്പോൾ റയലിൽ കാർലോ ആഞ്ചലോട്ടി നെഞ്ചുവിരിച്ചുനിന്നു.

ബാഴ്സ​യുടെ മാനം രക്ഷിക്കാൻ ഇനിയാര് വരും? ഏറെ ചർച്ചകൾക്കൊടുവിൽ ജർമനിയിൽ പണിയില്ലാതെയിരിക്കുന്ന ഹാൻസി ഫ്ലിക്കുമായി ക്ലബ് കരാർ ഒപ്പിടുന്നു. വലിയ താരങ്ങളെ എത്തിക്കാനുള്ള ശേഷിയൊന്നും ഇപ്പോൾ തങ്ങൾക്കില്ലെന്നാണ് മാനേജ്മെന്റ് ഫ്ലിക്കിനെ അറിയിച്ചത്. യാഥാർഥ്യം മനസ്സിലാക്കിയാണ് ഫ്ലിക്ക് പെരുമാറിയത്. ലാമാസിയ അക്കാഡമിയിലെ കുട്ടികളെയും ഉള്ള താരങ്ങളെയും വെച്ച് അയാളൊരു ടീമൊരുക്കി. റയലിന്റെ സക്വാഡ് വാല്യൂവിന്റ പകുതി മാത്രം മൂല്യമുള്ളൊരു ടീം.

27-10-2024

ഈ ദിനം ഒരു റയൽ ആരാധകനും ഒരിക്കലും മറക്കില്ല. നിന്ന നിൽപ്പിൽ സാന്റിയാഗോ ബെർണബ്യൂവിനെ ഭൂമി പിളർന്നങ്ങ് കൊണ്ടുപോയിരുന്നെങ്കിൽ എന്ന് ചില റയൽ ആരാധകരെങ്കിലും ചിന്തിച്ചിരിക്കും. ബാഴ്സലോണയോട് റയൽ മുമ്പും തോറ്റിട്ടുണ്ട്. പക്ഷേ നിലവിലെ ഫോമിലും സാഹചര്യങ്ങളിലും ഈ തോൽവി അവരെ വല്ലാതെ വേദനിപ്പിക്കുന്നു.

ലാലിഗയിലെ അശ്വമേധത്തിനും ബയേൺ മ്യൂണിക്കിനെതിരായ പകവീട്ടലിനും ശേഷമാണ് ബാഴ്സ എൽക്ലാസിക്കോക്കെത്തിയത്. റയലിനാകട്ടെ, ലാലിഗയിലെ തുടർവിജയങ്ങളുടെയും ചാമ്പ്യൻസ്‍ലീഗിലെ ഐതിഹാസികമായ തിരിച്ചുവരവിന്റെയും തിളക്കമുണ്ടായിരുന്നു. ഹാൻസി ഫ്ലിക്ക് ബാഴ്സയെ ഉണർത്തിയിട്ടുണ്ടാകാം. പക്ഷേ സാന്റിയാഗോ​ ബെർണബ്യൂവിൽ വന്ന് തങ്ങളെ തോൽപ്പിക്കാനൊന്നും അവരായിട്ടില്ല എന്നുതന്നെയാണ് റയൽ ആരാധകർ വിശ്വസിച്ചത്. ഗൂഗിൾ പ്രഡിക്ഷനും ഓപ്റ്റ അനലിസ്റ്റിന്റെ പ്രവചനവുമെല്ലാം റയലിന് വലിയ സാധ്യതകളാണ് നൽകിയിരുന്നത്.


അങ്ങനെ വിഖ്യാതമായ എൽക്ലാസിക്കോക്ക് ബെർണബ്യൂവിൽ വിളക്കൊരുങ്ങി. വെള്ളപുതച്ച് ഹാല മാഡ്രിഡ് പാടി റയൽ ആരാധകരെത്തി. ഫുട്ബോൾ ലോകം റയലും ബാഴ്സയും എന്നീ രണ്ടുകരകളിലായി മാറി. അതിവേഗക്കാരായ റയൽ മുന്നേറ്റ നിരക്കായി ഒരു ചതുരപ്പൂട്ട് ഹാൻസി ഫ്ലിക്ക് കരുതിവെച്ചിരുന്നു. പ്രതിരോധ താരങ്ങളെ മുന്നിലേക്ക് നീക്കി നിർത്തിയുള്ള ഹൈഡിഫൻസീവ് ലൈൻ എന്ന അപകടരമായ ടാക്റ്റിക്സാണ് ഫ്ലിക്ക് പ്രയോഗിച്ചത്. അത് ഫലം കണ്ടു. ആദ്യത്തെ 30 മിനുറ്റിൽ ത​ന്നെ ഏഴുതവണയാണ് റയൽ താരങ്ങൾ ഓഫ് സൈഡ് ട്രാപ്പിൽ കുടുങ്ങിയത്. ഓഫ് സൈഡ് ഫ്ലാഗ് മുക്കിക്കളഞ്ഞ ആരവങ്ങളിൽ കിലിയൻ എംബാപ്പെയുടെ ഗോളും ഉൾപ്പെടും. പക്ഷേ മുൻനിരയിലും മധ്യനിരയിലുമെല്ലാം ബാഴ്സ ആദ്യ പകുതിയിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഗോൾകീപ്പർ ഇനാക്കി പെനയുടെ മിസ്പാസുകളും കണ്ടു. ആദ്യപകുതിയിൽ റയൽ ഗോൾമുഖത്ത് കാര്യമായ ഭീഷണികളൊന്നുമുണ്ടായില്ല.

ആദ്യപകുതിയിൽ നേരിയ എഡ്ജുണ്ടായിരുന്നെങ്കിലും രണ്ടാം പകുതിയിൽ സ്വന്തം തട്ടകം റയലിനൊരു നരകമായി മാറി. ഹാൻസി ഫ്ലിക്ക് നടത്തിയ സബ്സിറ്റ്യൂഷൻ കളിയെ മാറ്റിമറിക്കാൻ പോന്നതായിരുന്നു. ഫെർമിൻ ലോപ്പസിനെ പിൻവലിച്ച് ഫ്രാങ്കി ഡിജോങ്ങിനെ കൊണ്ടുവന്നത് കളിയെ മാറ്റിമറിച്ചു.


ഡിജോങ്ങിന്റെ വരവോടെ കറ്റാലൻമാർ കളംപിടിച്ചുതുടങ്ങി. രണ്ടുമിനുറ്റുകൾക്കുള്ളിൽ ലെവൻഡോവ്സ്കി തീർത്ത രണ്ടു ഫിനിഷുകൾ റയലിനെ അക്ഷരാർത്ഥത്തിൽ സ്തബ്ധരാക്കി. തങ്ങളുടെ എംബാപ്പെയെന്ന 25 കാരന് സാധിക്കാത്ത ഫിനിഷുകൾ 36 കാരനായ ലെവൻഡോവ്സ്കി നേട​ിയെടുക്കുന്നത് റയൽ ആരാധകർ വേദനയോടെ നോക്കിനിന്നു. ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേയുള്ള അവസരമായിരുന്നു ആദ്യത്തേതെങ്കിൽ രണ്ടാമത്തേത് ഒരു പെർഫെക്ട് ഹെഡറായിരുന്നു. ലെവൻഡോവ്സിക്ക് പാകമായി ആ ക്രോസുതിർത്ത അലചാൻഡ്രോ ബാൽഡെക്കാണ് അതിന്റെ ക്രെഡിറ്റ് നൽകേണ്ടതെങ്കിൽ അതിന്റെ കുറ്റം ചരേണ്ടത് മാർക്കിങ്ങിൽ അലസരായ റയൽ ഡിഫൻസിലേക്കാണ്. രണ്ടുമികച്ച അവസരങ്ങൾ കൂടി വന്നണഞ്ഞെങ്കിലും ലെവൻഡോവ്സ്കിക്ക് അത് ഗോളാക്കി മാറ്റാനായില്ല.

രണ്ടെണ്ണം വീണെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷകൾ എവി​ടെയോ റയലിനുണ്ടായിരുന്നു. കാരണം കംബാക്കുകൾ അവരുടെ ഡിഎൻഎയിൽ ഉള്ളതാണ്. 63ാം മിനുറ്റിൽ വിനീഷ്യസിന്റെ വില്ലുപോലെ വളഞ്ഞൊരു പാസിൽ എംബാപ്പെ ഗോളിനടുത്തെത്തിയെങ്കിലും ഗോൾകീപ്പർക്ക് മുന്നിലുടക്കി.


77ാം മിനുറ്റിൽ യമാലിന്റെ വലങ്കാലൻ ഷോട്ട് റയലിന്റെ അവശേഷിച്ച പ്രതീക്ഷകളെക്കൂടി പിളർന്നു. 83ാം മൂന്നാംമിനുറ്റിൽ റാഫീന്യ കിടിലൻ ചിപ്പ് ഗോളിലൂടെ ലീഡ് നാലാക്കി ഉയർത്തുമ്പോൾ സാന്റിയാഗോ ബെർണബ്യൂ അക്ഷരാർത്ഥത്തിൽ നിശബ്ദമായി മാറി. സന്തോഷം അതിരുവിട്ട ബാഴ്സ കോച്ചിങ് സ്റ്റാഫുകളുടെ പ്രകടനങ്ങൾ റയലിനെ ചൊടിപ്പിച്ചു. ലോകം കുലുങ്ങിയാലും ക്ഷുഭിതനായി കാണാത്ത കാർലോ ആഞ്ചലോട്ടി ഹാൻസി ഫ്ലിക്കിന് നേരെ വിരൽ ചൂണ്ടി ദേഷ്യപ്പെടുന്നതും കണ്ടു. റയലിന്റെ ലാലിഗയിലെ തോൽവിയറിയാത്ത 42 മത്സരങ്ങളുടെ തേരോട്ടം ഇതോടെ അവസാനിച്ചു. അത് ബെർണബ്യൂവിൽ വെച്ച് ബദ്ധവൈരികളുാമയി ഒട്ടും ആഗ്രഹിക്കാത്ത വിധത്തിലായത് അവരെ വേദിപ്പിക്കുന്നു.

ലമീൻ യമാൽ, റാഫീന്യ, റോബർട്ട് ലെവൻഡോവ്സ്സി. മൂന്നുതലമുറകളിൽ പെട്ട ഈ അറ്റാക്കിങ് ട്ര​ിയോ ലാലിഗ മൈതാനങ്ങളെ ത്രസിപ്പിച്ച് മുന്നേറുകയാണ്. പരസ്പരം ഗോളടിച്ചും ഗോളടിപ്പിച്ചും മുന്നേറുന്ന ഈ മൂവർ സംഘത്തിന് മുന്നിൽ പേരുകേട്ട പ്രതിരോധക്കോട്ടകൾ വരെ തുളയുന്നു.


ദി ഡോൺ എന്ന് റയൽ ആരാധകർ വിളിക്കുന്ന കാർലോ ആഞ്ചലോട്ടിക്ക് മത്സരത്തെക്കുറിച്ച് എന്ത് പറയാനുണ്ടാകും?. ആരാധകർ ഉറ്റുനോക്കിയത് അതായിരുന്നു. ‘‘സ്​കോർ ബോർഡിൽ കാണുന്നതിനക്കോൾ നന്നായി ഞങ്ങൾ കളിച്ചു. ഈ തോൽവി വേദനിപ്പിക്കുന്നുണ്ട്. പക്ഷേ പോരാട്ടം തുടരും. ഞങ്ങൾക്ക് അവസരങ്ങളുണ്ടായിരുന്നു. പക്ഷേ ഫിനിഷുകൾ ക്ലിനിക്കലായിരുന്നില്ല. ആദ്യ പകുതിയിൽ ഞാൻ ഹാപ്പിയായിരുന്നു. അതേ ലൈനായിരുന്നു തുട​രേണ്ടത്’’ ആഞ്ചലോട്ടി പറഞ്ഞു. കൂടാതെ അവസാനമായി ബാഴ്സയോട് 4-0ത്തിന് തോറ്റ വർഷം ലാലിഗയും ചാമ്പ്യൻസ് ലീഗു ഞങ്ങൾ വിജയിച്ചിരുന്നു എന്ന മുന്നറിയിപ്പും നൽകിയാണ് ആഞ്ചേലോട്ടി തിരിഞ്ഞുനടന്നത്.

അപ്പുറത്ത് ഫ്ലിക്കിനാകട്ടെ, എല്ലാം വിചാരിച്ചപോലെ സംഭവിച്ച ഭാവമായിരുന്നു. റയലിനെതിരെ അണിനിരന്ന ടീമിൽ ആറ് പേർ 21 വയസ്സിൽ കുറഞ്ഞവരാണ്. ക്ഷാമ കാലത്ത് ക്ലബിനെ കുറ്റം പറഞ്ഞിരിക്കാതെ ലാമാസിയ അക്കാദമിയെ വിശ്വസിച്ചതിന്റെ ഫലം കൂടിയാണിത്. കറ്റാലൻ തെരുവുകളും നഗരത്തിലെ നിശാക്ലബുകളും ഹാൻസി ഫ്ലിക്കിൽ പുതിയൊരു രക്ഷകനെ കണ്ടുതുടങ്ങിയിരിക്കുന്നു.

Similar Posts