Football
Ivan Vukomanovic- Kerala Blasters FC

ഇവാൻ വുകമിനോവിച്ച്‌

Football

'റഫറിയുടെ തീരുമാനം തെറ്റ്, ഗോൾ അനുവദിക്കരുതായിരുന്നു': യൂറോപ്യൻ റഫറിമാർ വുകമിനോവിച്ചനോട് പറഞ്ഞത്....

Web Desk
|
5 March 2023 2:35 PM GMT

പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ബ്ലാസ്റ്റേഴ്‌സ് അധികാരികളെ ഉദ്ധരിച്ചാണ് ഇങ്ങനെയൊരു റിപ്പോർട്ട് വരുന്നത്. പ്രമുഖ ഫുട്‌ബോൾ സോഷ്യൽമീഡിയ പ്രൊഫൈലുകളെല്ലാം ഇക്കാര്യം ട്വീറ്റ് ചെയ്യുന്നുണ്ട്

കൊച്ചി: ഐ.എസ്.എല്ലിലെ നോക്കൗട്ടിൽ കേരളബ്ലാസ്റ്റേഴ്‌സിനെതിരെ ബംഗളൂരു എഫ്‌.സി താരം സുനിൽ ഛേത്രി നേടിയ വിവാദ ഗോളിന്റെ അലയൊലികൾ അടങ്ങുന്നില്ല. റഫറിയുടെ തീരുമാനം തെറ്റായിരുന്നുവെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വുകമിനോവിച്ചിന്റെ കളി ഉപേക്ഷിക്കുവാനുള്ള തീരുമാനം ശരിയായിരുന്നുവെന്നുമുള്ള അഭിപ്രായത്തിന് പിന്തുണ ഏറുകയാണ്.

ഇപ്പോഴിതാ യൂറോപ്പിൽ നിന്നുള്ള പ്രമുഖ റഫറിമാർ ഗോള്‍ അനുവദിക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് വ്യക്തമാക്കുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കം നിയന്ത്രിച്ച റഫറിമാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. വുകമിനോവിച്ച് തന്നെയാണ് റഫറിമാർക്ക് വീഡിയോ അയച്ചുകൊടുത്തത്. വീഡിയോ പരിശോധിച്ച യൂറോപ്യൻ റഫറിമാരാണ് തീരുമാനം തെറ്റായിരുന്നുവെന്നും ഗോൾ അനുവദിക്കരുതെന്നും വ്യക്തമാക്കിയത്.

പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ബ്ലാസ്റ്റേഴ്‌സ് അധികാരികളെ ഉദ്ധരിച്ചാണ് ഇങ്ങനെയൊരു റിപ്പോർട്ട് വരുന്നത്. പ്രമുഖ ഫുട്‌ബോൾ സോഷ്യൽമീഡിയ പ്രൊഫൈലുകളെല്ലാം ഇക്കാര്യം ട്വീറ്റ് ചെയ്യുന്നുണ്ട്. അതേസമയം ഇവാൻ വുകമിനോവിച്ചിന് പിന്തുണയുമായി മുൻ ബ്ലാസ്റ്റേഴ്സ് താരം ആൽവാരോ വാസ്ക്വസ് രംഗത്ത് എത്തി. വുകമിനോവിച്ചിന്റേത് ധീരമായ തീരുമാനം ആയിരുന്നുവെന്നാണ് ആൽവാരോ വാസ്ക്വസ് വ്യക്തമാക്കിയത്. മത്സരം ഇങ്ങനെ അവസാനിച്ചു എന്നത് സങ്കടകരമായിരുന്നുവെന്നും പക്ഷെ കോച്ച് ചെയ്തത് ധീരമായ കാര്യമാണെന്നുമായിരുന്നു വാസ്ക്വസിന്റെ അഭിപ്രായം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ അഭിപ്രായം.

ലാ ലീഗയിലും പ്രീമിയര്‍ ലീഗിലും കളിച്ച പരിചയമുള്ള മുപ്പത്തിയൊന്നുകാരനായ ആല്‍വാരോ വാസ്‌ക്വസാണ് ഐഎസ്എല്ലിലെ മോശം റഫറീയിങ്ങനെ വിമർശിക്കുന്നത്. ലാ ലിഗയില്‍ ഗെറ്റാഫെയ്‌ക്കൊപ്പം മൂന്ന് സീസണില്‍ കളിച്ച വാസ്‌ക്വസ്, സ്വാന്‍സീ സിറ്റിക്ക് ഒപ്പം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും കളിച്ചിട്ടുണ്ട്. എസ്പാന്‍യോള്‍, സരഗോസ, ജിമ്‌നാസ്റ്റിക് എന്നീ ക്ലബുകള്‍ക്കായും കളിച്ചു.


Similar Posts