'റോൾസ് റോയ്‌സല്ല, ഒന്നും സ്വീകരിക്കാനുള്ള സമയമല്ലിത്'; വാർത്തകൾ നിഷേധിച്ച് സൗദി കോച്ച്
|തങ്ങളുടെ ടീം വൺ ഹിറ്റ് വണ്ടറല്ലെന്നും കളിയെ കാര്യമായാണ് സമീപിക്കുന്നതെന്നും ഹെർവേ റെനാഡ്
ഖത്തർ ലോകകപ്പിൽ അർജൻറീനക്കെതിരെ തകർപ്പൻ വിജയം നേടിയ സൗദി അറേബ്യൻ ടീമംഗങ്ങൾക്ക് രാജകുടുംബം റോൾസ് റോയ്‌സ് നൽകുന്നുവെന്ന വാർത്ത നിഷേധിച്ച് കോച്ച് ഹെർവേ റെനാഡ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മെസ്സിപ്പടയെ വീഴ്ത്തിയ സൗദി ടീമിലെ താരങ്ങൾക്ക് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് ആർഎം6 മില്യൺ റോൾസ് റോയ്‌സ് കാർ നൽകുമെന്ന് വാർത്ത പുറത്തുവന്നിരുന്നു. ഇതിനെ ഫ്രഞ്ചുകാരനായ കോച്ച് നിഷേധിച്ചതായാണ് ദി സൺ റിപ്പോർട്ട് ചെയ്തത്.
തങ്ങളുടെ ടീം വൺ ഹിറ്റ് വണ്ടറല്ലെന്നും കളിയെ കാര്യമായാണ് സമീപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ടീമിലെ താരങ്ങളാരും രാജകുടുംബത്തിൽ നിന്ന് സമ്മാനങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നും പറഞ്ഞു. 'ഈ കാര്യത്തിൽ ഒന്നും സത്യമില്ല, നമുക്ക് ഗൗരവ സമീപനമുള്ള ഫെഡറേഷനും കായിക മന്ത്രാലയവുമുണ്ട്. എന്തെങ്കിലും സ്വീകരിക്കാനുള്ള സമയമല്ലിത്' റെനാഡ് വ്യക്തമാക്കി.
'ഒരു മത്സരം മാത്രമാണ് കഴിഞ്ഞത്. വളരെ പ്രധാനപ്പെട്ട രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്. ഇനിയും മികച്ച കാര്യങ്ങളാണ് നാം പ്രതീക്ഷിക്കുന്നത്' സൗദി ഫുട്‌ബോളിന്റെ വഴികാട്ടി ചൂണ്ടിക്കാട്ടി. അർജൻറീനക്കെതിരെയുള്ള മത്സരം നാം നിർബന്ധമായും കളിക്കേണ്ട മൂന്നു മത്സരങ്ങളിൽ ഒന്നായിരുന്നുവെന്നും അന്നത്തെ വാർത്താസമ്മേളനം നിങ്ങൾ ഓർക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാനത്തിൽ ഒന്നാമതായോ രണ്ടാമതായോ മാറുകയാണ് പ്രധാന കാര്യമെന്നും കോച്ച് വ്യക്തമാക്കി. അനുഭവ സമ്പത്തിന്റെ കാര്യത്തിൽ ഗ്രൂപ്പിൽ ഏറ്റവും താഴ്ന്ന സ്ഥാനമാണ് ടീമിനുള്ളതെന്നും പറഞ്ഞു. ഇപ്പോൾ വിനയാന്വിതരായിരിക്കണമെന്നും അല്ലെങ്കിൽ നാളെ നന്നായി കളിക്കാനാകില്ലെന്നും കോച്ച് ചൂണ്ടിക്കാട്ടി. പോളിഷ് വംശജരാണ് റെനാഡിന്റെ മുത്തച്ഛനും മുത്തശ്ശിയും.
അതേസമയം, പരിക്കേറ്റ സൗദി ലെഫ്റ്റ് ബാക്ക് യാസർ അൽ ഷഹ്‌റാനിയുടെ പാൻക്രിയാസ് സർജറി പൂർത്തിയായി. അർജൻറീനക്കെതിരെയുള്ള മത്സരത്തിൽ സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസിയുമായി കൂട്ടിയിടിച്ചാണ് ഷഹ്‌റാനിക്ക് പരിക്കേറ്റത്. 'ഞങ്ങൾക്ക് അദ്ദേഹത്തെ മിസ് ചെയ്യും, അദ്ദേഹത്തിന്റെ ഓർമകളിലാണ് ഞങ്ങൾ' റെനാഡ് പറഞ്ഞു.
ചൊവ്വാഴ്ച അർജൻറീനയെ വീഴ്ത്തിയ സൗദി ഇന്ന് പോളണ്ടിനെതിരെ ഇറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകീട്ട് 6.30നാണ് മത്സരം. ഗ്രൂപ്പ് സിയിലെ ഈ മത്സരത്തിൽ ജയിച്ചാൽ സൗദിക്ക് പ്രീക്വാർട്ടർ പ്രവേശം ഉറപ്പാക്കാം. അങ്ങനെ നടന്നാൽ രണ്ടാം വട്ടമാകും സൗദി അവസാന 16 ടീമുകളുടെ പട്ടികയിൽ ഇടംപിടിക്കുന്നത്.
എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ലയണൽ മെസ്സിയുടെ നേതൃത്വത്തിലെത്തിയ അർജന്റീനയുടെ വമ്പൻ താരനിരയെ ആദ്യ മത്സരത്തിൽ സൗദി അറേബ്യ അട്ടിമറിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ടുഗോളുകൾക്കായിരുന്നു വിജയം. ആദ്യ പകുതിയിൽ മെസ്സിയുടെ പെനാൽട്ടി ഗോളിൽ മുന്നിട്ടു നിന്നിരുന്ന അർജൻറീനയെ രണ്ടാം പകുതിയിൽ സൗദി നിഷ്പ്രഭമാക്കി. രണ്ടാം പകുതിയിൽ 48-ാം മിനിറ്റിലാണ് അർജന്റീനയെ വിറപ്പിച്ച് സൗദി താരം സാലിഹ് അൽ ഷഹ്‌രിയുടെ ഗോൾ പിറന്നത്. 53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാം ഗോളും അടിച്ചു. ഇതോടെ മത്സരത്തിൽ സൗദി ഒരു ഗോളിന്റെ ലീഡ് നേടി (2-1). തുടർന്ന് അർജൻറീനയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു സൗദി പുറത്തെടുത്തത്. അധികസമയം വരെ മത്സരം മുറുകിയിട്ടും അർജന്റീനയ്ക്ക് ലീഡ് തിരിച്ചുപിടിക്കാനായില്ല.
ഒന്നാം പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു രണ്ടാം പകുതിയിൽ സൗദിയുടെ ഐതിഹാസികമായ തിരിച്ചുവരവ്. സൗദിയുടെ ആ തിരിച്ചുവരവിന് പിന്നിൽ കോച്ച് ഹെർവേ റെനാഡിന്റെ ഒരു ഷോക്ക് ട്രീറ്റ്മെന്റിന് വലിയ പങ്കുണ്ടെന്ന കാര്യം പുറത്തു വന്നിരുന്നു. ഒന്നാം പകുതിക്ക് ശേഷം ഡ്രസ്സിങ് റൂമിലെത്തിയ കോച്ച് നിരാശരായിരിക്കുന്ന കളിക്കാർക്ക് മുന്നിൽ പൊട്ടിത്തെറിച്ചു. മെസ്സിക്കൊപ്പം ഫോട്ടെയെടുക്കാനല്ല നിങ്ങൾ വന്നത് എന്നും പ്രസിങ് ഗെയിം എന്നാൽ കളിക്കാർക്ക് മുന്നിൽ വെറുതെ നിൽക്കലല്ല എന്നും രൂക്ഷമായ ഭാഷയിലാണ് കോച്ച് കളിക്കാരോട് പറഞ്ഞത്.
'മെസി മൈതാന മധ്യത്താണ്.. അയാളുടെ കയ്യിലാണ് പന്ത്...നിങ്ങൾ അപ്പോഴും പ്രതിരോധനിരയിൽ തന്നെ നിൽക്കുകയാണ്. ഫോണെടുത്ത് മെസ്സിക്കൊപ്പം ഫോട്ടോ എടുക്കൂ. പ്രസിങ് എന്നാൽ കളിക്കാർക്ക് മുന്നിൽ വെറുതെ നിൽക്കലല്ല.. നമ്മൾ തിരിച്ചു വരുമെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ.. അവർ ലാഘവത്തിലാണ് കളിക്കുന്നത്. നോക്കൂ ഇത് ലോകകപ്പാണ്. നിങ്ങൾക്ക് നൽകാനുള്ളതെല്ലാം നൽകൂ'- കോച്ച് പറഞ്ഞു. ഇതിനു ശേഷമായിരുന്നു സൗദിയുടെ ഗംഭീര തിരിച്ചു വരവ്. കോച്ചിന്റെ ഡ്രസ്സിങ് റൂം സംഭാഷണം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
സൗദിയോടേറ്റ ഞെട്ടിക്കുന്ന തോൽവി അർജന്റീനയുടെ പ്രീക്വാർട്ടർ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങൾ അർജന്റീനയ്ക്ക് നിർണായകമാണ്. മെക്സിക്കോയോടും പോളണ്ടിനോടുമാണ് ഗ്രൂപ്പിൽ അർജന്റീനയുടെ ഇനിയുള്ള മത്സരങ്ങൾ. പോളണ്ട്- മെക്സിക്കോ മത്സരം സമനിലയിൽ പിരിഞ്ഞതുകൊണ്ട് ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയിച്ചാൽ അർജന്റീനയ്ക്ക് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടാം. എന്നാൽ, ഒരു സമനിലയും ഒരു ജയവുമാണ് നേടുന്നതെങ്കിൽ മറ്റുള്ള ടീമുകളുടെ വിജയത്തെ ആശ്രയിച്ചിരിക്കും അർജന്റീനയുടെ ഭാവി.
ഒരു ജയം നേടിയ സൗദിയാണ് മൂന്ന് പോയിന്റുമായി നിലവിൽ ഗ്രൂപ്പ് സിയിൽ ഒന്നാമത്. ഒരു പോയിന്റുള്ള പോളണ്ടും മെക്സിക്കോയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ സമനില നേടിയാൽ പോലും സൗദിക്ക് പ്രീക്വാർട്ടറിലെത്താം.
Coach Herve Renaud has denied reports that the royal family is giving Rolls Royces to members of the Saudi Arabian team after their stunning win over Argentina.