Football
ബെഞ്ചിലിരുന്നു മടുത്തു; ആരാധകർക്ക് പ്രിയങ്കരനായ യുവതാരം ബാഴ്‌സ വിടുന്നു

റിക്വി പ്യുജ്

Football

ബെഞ്ചിലിരുന്നു മടുത്തു; ആരാധകർക്ക് പ്രിയങ്കരനായ യുവതാരം ബാഴ്‌സ വിടുന്നു

Web Desk
|
13 May 2022 9:21 AM GMT

റൊണാൾഡ് കൂമന് പകരം വന്ന കോച്ച് ഷാവിയിൽ പ്യുജിന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കാര്യമായ അവസരങ്ങൾ ലഭിച്ചില്ല

എഫ്.സി ബാഴ്‌സലോണയുടെ യുവ മിഡ്ഫീൽഡർ റിക്വി പ്യൂജ് ഈ സീസൺ അവസാനത്തോടെ ക്ലബ്ബ് മാറും. അവസരം കിട്ടിയപ്പോഴൊക്കെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും തനിക്ക് കൂടുതൽ കളിസമയം നൽകാൻ കോച്ച് ഷാവി ഹെർണാണ്ടസ് തയാറാകാത്ത സാഹചര്യത്തിൽ ക്ലബ്ബ് വിടാൻ 22-കാരൻ തീരുമാനിച്ചതായി സ്പാനിഷ് മാധ്യമം മുണ്ടോ ഡിപോർട്ടിവോ റിപ്പോർട്ട് ചെയ്തു. ബാഴ്‌സയുടെ ലാ മാസിയ അക്കാദമിയിലൂടെ കളിച്ചുവളർന്ന താരം 2018-ൽ സീനിയർ ടീമിനു വേണ്ടി അരങ്ങേറ്റം കുറിച്ചെങ്കിലും ഇതുവരെ 40 മത്സരങ്ങളിൽ മാത്രമാണ് കളിക്കാനായത്. മിക്ക കളികളിലും സബ്‌സ്റ്റിറ്റിയൂട്ടായി മാത്രമാണ് പ്യുജിന് അവസരം ലഭിച്ചത്.

ലാ മാസിയയിലെയും യൂത്ത് ലെവലിലെയും മികച്ച പ്രകടനത്തെ തുടർന്ന് ആരാധകരുടെ പ്രിയം പിടിച്ചുപറ്റിയ പ്യുജ്, കേളീശൈലിയിൽ ഇതിഹാസതാരം ആേ്രന്ദ ഇനിയസ്റ്റയോടെയാണ് ഉപമിക്കപ്പെട്ടിരുന്നത്. പന്തടക്കം, വേഗത, ഡ്രിബ്ലിങ്ങിലും പാസുകളിലുമുള്ള മികവ് എന്നിവ കൊണ്ട് അനുഗൃഹീതനായ താരത്തെ ടീമിന്റെ ഭാവിതാരമായാണ് ആരാധകർ കണ്ടിരുന്നത്. 2018 പ്രീസീസണിൽ എ.സി മിലാനെതിരെ മികച്ച പ്രകടനം നടത്തിയ പ്യുജിനെ ഇറ്റാലിയൻ ടീമിന്റെ കോച്ചായിരുന്ന ഗന്നാരെ ഗട്ടുസോയുടെ പ്രശംസയ്ക്ക് പാത്രമാവുകയും ചെയ്തു.

2018-ൽ കോപ ദെൽ റേയിൽ ബാഴ്‌സ സീനിയർ ടീമിനായി അരങ്ങേറിയ താരം 2020-ലാണ് ഫസ്റ്റ് ടീം അംഗമായി പ്രമോട്ട് ചെയ്യപ്പെട്ടത്. എന്നാൽ, ബാഴ്‌സ ബിയുടെ പ്രധാന താരമായിരുന്ന പ്യുജിന് കോച്ചായിരുന്ന റൊണാൾഡ് കൂമൻ വേണ്ടത്ര അവസരം നൽകാതിരുന്നത് ആരാധകരുടെ വിമർശത്തിന് കാരണമായി. 2019-20 സീസണിൽ കപ്പ് മത്സരങ്ങളടക്കം അഞ്ച് കളികളിൽ മാത്രമാണ് പ്യുജിന് സ്റ്റാർട്ടിങ് ഇലവനിൽ അവസരം ലഭിച്ചതെങ്കിൽ 2020-21 ൽ അത് വെറും രണ്ടായി കുറഞ്ഞു.

കൂമന് പകരം ഷാവി ഹെർണാണ്ടസ് പരിശീലകനായപ്പോൾ രാശി തെളിയുമെന്ന് കരുതിയെങ്കിലും താരസമ്പന്നമായ ബാഴ്‌സ മിഡ്ഫീൽഡിൽ പ്യുജിന് സ്ഥിരമായി അവസരം ലഭിച്ചില്ല. വെറ്ററൻ താരം സെർജിയോ ബുസ്‌ക്വറ്റ്‌സിനും ഫ്രെങ്കി ഡിയോങ്ങിനുമൊപ്പം തന്നേക്കാൾ പ്രായം കുറഞ്ഞ പെഡ്രി, ഗാവി, നിക്കോ ഗോൺസാലസ് എന്നിവർക്ക് കോച്ച് അവസരം നൽകിയപ്പോൾ മിക്ക മത്സരങ്ങളിലും ബെഞ്ചിലിരിക്കാനായിരുന്നു 22-കാരന്റെ വിധി.

കഴിഞ്ഞ ചൊവ്വാഴ്ച സെൽറ്റ വിഗോയ്‌ക്കെതിരായ മത്സരത്തിൽ പ്യുജിനെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിൽ ഷാവിക്കെതിരെ ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധമുയർത്തിയിരുന്നു. പെഡ്രി, നിക്കോ, സെർജിയോ ബുസ്‌ക്വറ്റ്‌സ് എന്നിവർ ഇല്ലാതിരുന്നിട്ടും രണ്ടാം പകുതിയിൽ മാത്രമാണ് പ്യുജിന് അവസരം ലഭിച്ചത്.

ഷാവിയുടെ ഭാവിപദ്ധതിയിൽ താനില്ലെന്ന് തിരിച്ചറിഞ്ഞാണ് പ്യുജ് പുറത്തേക്കുള്ള വഴി നോക്കുന്നതെന്നും സീസണൊടുവിൽ ക്ലബ്ബ് വിടാൻ തീരുമാനിച്ച താരം യൂറോപ്പിലെ വൻകിട ക്ലബ്ബുകളുമായി ചർച്ചയാരംഭിച്ചതായും മുണ്ടോ ഡിപോർട്ടിവോ പറയുന്നു. 2023-ലാണ് ബാഴ്‌സയുമായുള്ള കരാർ അവസാനിക്കുന്നത്. താരത്തെ ലോണിൽ നൽകുന്നതിനു പകരം വിൽക്കാനാണ് ക്ലബ്ബ് ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

പ്യുജിനൊപ്പം വിങ് ബാക്ക് സെർജിനോ ഡെസ്റ്റ്, മിഡ്ഫീൽഡർ നിക്കോ ഗോൺസാലസ്, വിംഗർ ഫെറാൻ ജുട്ഗ്ല എന്നിവരും ഈ സീസൺ അവസാനത്തോടെ ക്ലബ്ബ് വിടുമെന്നാണ് സൂചന.

Similar Posts