ഗ്രൗണ്ടിലിറങ്ങി റഫറിയോട് കയർത്ത് മൗറീന്യോ: വിവാദം
|റഫറിയോട് വി.എ.ആർ ഉപയോഗപ്പെടുത്താനായി മൗറീന്യോ ആവശ്യപ്പെട്ടു. പക്ഷേ റഫറി ഇത് കേട്ടില്ല
റോം: റഫറിയോട് കയർത്തതിന്റെ പേരിൽ വിവാദത്തിലായി എ.എസ്.റോമ പരിശീലകൻ ഹോസെ മൗറീന്യോ. ഇറ്റാലിയൻ സീരി എയിൽ അറ്റ്ലാന്റയ്ക്കെതിരായ മത്സരത്തിനിടെയാണ് മൗറീന്യോ റഫറിയോട് ഗ്രൗണ്ടിലിറങ്ങി കയർത്തത്.
മത്സരത്തിന്റെ 56-ാം മിനിറ്റിലാണ് സംഭവമരങ്ങേറിയത്. അറ്റ്ലാന്റയുടെ ബോക്സിനകത്തുവെച്ച് റോമയുടെ നിക്കോളോ സാനിയോളോയെ പ്രതിരോധതാരം കാലെബ് ഒക്കോളി വീഴ്ത്തി. എന്നാൽ റഫറി പെനാൽട്ടി അനുവദിച്ചില്ല. ഇതിൽ ക്ഷുഭിതനായ മൗറീന്യോ റഫറിയെ ചീത്തവിളിച്ച് ഗ്രൗണ്ടിലേക്കിറങ്ങുകയായിരുന്നു.
റഫറിയോട് വി.എ.ആർ ഉപയോഗപ്പെടുത്താനായി മൗറീന്യോ ആവശ്യപ്പെട്ടു. പക്ഷേ റഫറി ഇത് കേട്ടില്ല. ഇതിൽ അരിശംപൂണ്ട മൗറീന്യോ റഫറിയോട് മോശമായി സംസാരിച്ചു. പിന്നാലെ പരിശീലകന് റഫറി ചുവപ്പുകാർഡ് നൽകി. ഇതോടെ അടുത്ത മത്സരത്തിൽ കരുത്തരായ ഇന്റർ മിലാനെ നേരിടുമ്പോൾ റോമയ്‌ക്കൊപ്പം മൗറീന്യോയുണ്ടാവില്ല.
അതേസമയം, അറ്റ്ലാന്റയ്ക്കെതിരായ മത്സരത്തിൽ റോമ പരാജയപ്പെട്ടു. ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽവി. ജോർജിയോ സ്‌കാൾവിനിയാണ് ടീമിനായി വിജയഗോൾ നേടിയത്. ഇറ്റാലിയൻ സീരി എയിൽ നിലവിൽ ഏഴാം സ്ഥാനത്താണ് റോമ.