ഡിബാല ഇനി റോമയ്ക്ക് സ്വന്തം; മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചു
|നേരത്തെ ഡിബാലയും ഇന്റർ മിലാനും തമ്മിൽ കരാറിലെത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അവസാന സമയത്ത് ടീം പിൻമാറുകയായിരുന്നു
റോം: അർജന്റീനൻ സൂപ്പർതാരം പൗലോ ഡിബാലയെ സ്വന്തമാക്കി എ.എസ് റോമ. ഡിബാലയെ ടീമിലെത്തിച്ച കാര്യം റോമ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൂന്ന് വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചത്. 2025വരെ താരം റോമയിൽ തുടരും. 6 മില്യൺ യൂറോ ആയിരിക്കും താരത്തിന് ഓരോ സീസണിലും ലഭിക്കുക.
ജോസെ മൗറീനോയുടെ ഇടപെടൽ ആണ് ഡിബാലയെ റോമിലേക്ക് എത്തിച്ചത്. ഇറ്റലിയിൽ റോമ ഉൾപ്പെടെ മൂന്ന് ക്ലബുകൾ ഡിബാലയെ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നു. ഇന്റർ മിലാനെയും നാപോളിയെയും മറികടന്നാണ് റോമ ഡിബാലയെ ടീമിൽ എത്തിച്ചത്.
നേരത്തെ ഡിബാലയും ഇന്റർ മിലാനും തമ്മിൽ കരാറിലെത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അവസാന സമയത്ത് ടീം പിൻമാറുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കാണ് ഡിബാല എത്തുകയെന്ന് ആദ്യം റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് മാഞ്ചസ്റ്റർ മാനേജ്മെന്റ് തന്നെ ഇത് തള്ളിയിരുന്നു.
അവസാന ഏഴു വർഷമായി യുവന്റസ് ടീമിന്റെ പ്രധാന താരമായിരുന്നു ഡിബാല. എങ്കിലും ഈ വർഷം ഡിബാലയുടെ കരാർ പുതുക്കാൻ യുവന്റസ് തയ്യാറായിരുന്നില്ല. യുവന്റസിനായി 293 മത്സരങ്ങൾ കളിച്ച ഡിബാല 115 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ലീഗിൽ ആറാം സ്ഥാനക്കാരായിട്ടാണ് എ.എസ് റോമ ഫിനിഷ് ചെയ്തത്.