Football
ചെൽസിയുടെ ഭാവി അനിശ്ചിതത്വത്തിൽ; അബ്രമോവിച്ചിന്റെ സ്വത്തുക്കൾ ബ്രിട്ടൻ മരവിപ്പിച്ചു
Football

ചെൽസിയുടെ ഭാവി അനിശ്ചിതത്വത്തിൽ; അബ്രമോവിച്ചിന്റെ സ്വത്തുക്കൾ ബ്രിട്ടൻ മരവിപ്പിച്ചു

Web Desk
|
10 March 2022 11:01 AM GMT

സീസൺ ടിക്കറ്റ് ഉടമകൾക്ക് മാത്രമേ ഇനി ചെൽസിയുടെ മത്സരങ്ങൾ കാണാൻ കഴിയുകയുള്ളൂ. മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ വിൽക്കാൻ കഴിയില്ലെന്നതും ബ്രിട്ടന്റെ നടപടികളിൽ ഉൾപ്പെടുന്നു.

ചെൽസി ഫുട്ബോൾ ക്ലബ്ബിന്റെ ഭാവിയെ അനിശ്ചിതത്വത്തിലാക്കി ബ്രിഷീഷ് സര്‍ക്കാര്‍ നടപടി. യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ സമ്മർദ്ദം ചെലുത്താൻ വേണ്ടി അബ്രമോവിച്ച് ഉൾപ്പെടെയുള്ള ഏഴു റഷ്യൻ സമ്പന്നരുടെ ബ്രിട്ടൻ ഔദ്യോഗികമായി മരവിപ്പിച്ചു. ഇത് ചെല്‍സിയെ വിൽക്കാനുള്ള റഷ്യൻ സമ്പന്നൻ റോമൻ അബ്രമോവിച്ചിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയാകും. സീസൺ ടിക്കറ്റ് ഉടമകൾക്ക് മാത്രമേ ഇനി ചെൽസിയുടെ മത്സരങ്ങൾ കാണാൻ കഴിയുകയുള്ളൂ. ഇനി മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ വിൽക്കാൻ കഴിയില്ലെന്നതും ബ്രിട്ടന്റെ നടപടികളിൽ ഉൾപ്പെടുന്നു. എന്നാല്‍ ചെൽസിക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ യാതൊരു വിധത്തിലുള്ള തടസവും ഉണ്ടാകില്ല.

ശിക്ഷാനടപടികളുമായി ബ്രിട്ടീഷ് ഗവണ്മെന്റ് മുന്നോട്ടു പോയാൽ ചെൽസിക്ക് തിരിച്ചടിയാകും. റഷ്യക്കു മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി പുട്ടിനുമായി അടുത്ത ബന്ധമുള്ള ആളുകൾക്കെതിരെ നടപടി സ്വീകരിക്കുന്ന ആദ്യത്തെ രാജ്യമാണ് ബ്രിട്ടൻ. അബ്രമോവിച്ച് ഉൾപ്പെടെ 15 ബില്യൺ യൂറോ മൂല്യം വരുന്ന ആസ്‌തികളുള്ള ഏഴു വ്യക്തികൾക്കെതിരെയാണ് യു.കെ ഗവണ്മെന്റ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബ്രിട്ടനിലുള്ള അബ്രമോവിച്ചിന്റെ സ്വത്തുക്കൾ എല്ലാം മരവിപ്പിക്കപ്പെടും. ബ്രിട്ടീഷ് പൗരന്മാരുമായി പണമിടപാടുകൾ നടത്താൻ കഴിയില്ല. ബ്രിട്ടനിലേക്ക് അബ്രമോവിച്ചിന് പ്രവേശിക്കാൻ കഴിയില്ലെന്നതും ശിക്ഷാനടപടി ക്രമങ്ങളിൽ ഉൾപ്പെടുന്നു.

ബ്രിട്ടീഷ് ഗവണ്മെന്റ് തനിക്കെതിരെ നടപടി എടുക്കാനുള്ള സാധ്യത മനസിലാക്കിയ അബ്രമോവിച്ച് ആദ്യം ക്ലബ്ബിനെ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലേക്ക് മാറ്റി. ആ നീക്കം വിജയിക്കില്ലെന്നു വ്യക്തമായതോടെയാണ് വിൽപ്പനക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. ക്ലബ്ബ് വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക യുക്രൈനിലെ യുദ്ധത്തിന്റെ ഇരകള്‍ക്കായി നീക്കിവെക്കുമെന്നും അദ്ദേഹം അറിയിച്ചു. ചെൽസിയെ വാങ്ങാൻ സ്വിസ് കോടീശ്വരനായ ഹാന്‍സ്ജോര്‍ഗ് വൈസും അമേരിക്കന്‍ നിക്ഷേപകനായ ടോഡ് ബോഹ്ലിയുമുള്‍പ്പെടെ ഏതാണ്ട് ഇരുപതോളം ഓഫറുകള്‍ വന്ന സമയത്താണ് ബ്രിട്ടൻ കൂടുതൽ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

2018ൽ യു.കെ വിസ നീട്ടാനുള്ള അപേക്ഷക്ക്​ കാലതാമസം നേരിടുകയും, തുടർന്ന്​ അബ്രമോവിച്​ അപേക്ഷ പിൻവലിക്കുകയും ചെയ്തിരുന്നു. ഇസ്രായേലി പൗരനെന്ന നിലയിലാണ്​ ലണ്ടനിലേക്ക് യാത്ര ചെയ്തതെന്നും അതിനാൽ വിസയില്ലാതെ യു.കെയിൽ പ്രവേശിക്കാമെന്നും ഇബ്രാമോവിചിന്‍റെ വക്താവ്​ അറിയിച്ചിരുന്നു. 2018ലായിരുന്നു ഇസ്രയേൽ അബ്രമോവിചിന്​ പൗരത്വം നൽകിയത്​. ഇസ്രയേൽ കുടിയേറ്റ നിർമാണ സംഘടനക്ക്​ 74 മില്യൺ പൗണ്ട്​ (100 മില്യൺ ഡോളർ) സാമ്പത്തിക സഹായം നൽകിയത്​ വൻ വിവാദങ്ങൾക്ക്​ തിരികൊളുത്തിയിരുന്നു.

സമ്പന്നരായ ആളുകൾക്ക് യു.കെയിൽ നിക്ഷേപം നടത്താൻ അനുവദിക്കുന്ന ടയർ 1 വിസ അബ്രമോവിച്ചിന് ലഭിച്ചിരുന്നു. റഷ്യയിലെ ഏറ്റവും സമ്പന്നരിൽ ഒരാളായ അബ്രമോവിച്​ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അടുത്തയാളാണെന്നാണ്​ വിശ്വസിക്കപ്പെടുന്നത്​.

2003ൽ തന്റെ 36ാം വയസിലാണ് അബ്രമോവിച്​​ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബായ ചെൽസി സ്വന്തമാക്കിയത്​. 116 വർഷത്തെ ചരിത്രത്തിൽ അന്ന്​ വരെ ഒരുതവണ മാത്രമായിരുന്നു ചെൽസി പ്രീമിയർ ലീഗ് കിരീടം നേടിയത്​. മൂന്ന്​ എഫ്.എ കപ്പ് സ്വന്തമാക്കിയപ്പോൾ ലീഗ് കപ്പിൽ രണ്ടുതവണ ജേതാക്കളായി. പിന്നീട് അബ്രമോവിചിന്‍റെ പണക്കൊഴുപ്പിന്‍റെ പവറിൽ കിരീടങ്ങൾ വാരിക്കൂട്ടുന്ന ചെൽസിയെയാണ്​ ഇംഗ്ലീഷ്​ ഫുട്​ബാൾ ലോകം കണ്ടത്​. ​പിന്നീട്​ 18 വർഷത്തിനിടയ്ക്ക് അഞ്ച്​ തവണ ചെൽസി പ്രീമിയർ ലീഗ് ജേതാക്കളായി. രണ്ടുതവണ വീതം യുവേഫ ചാമ്പ്യൻസ്​ ലീഗിലും യുവേഫ കപ്പിലും ജേതാക്കളായി. അഞ്ച്​ തവണ തന്നെ എഫ്​.എ കപ്പും മൂന്നുതവണ ലീഗ് കപ്പും ഉയർത്തി.

Similar Posts