നന്ദി കോസ്റ്റ, നിങ്ങൾ ഇല്ലായിരുന്നെങ്കിൽ....
|ഫ്രാങ്ക്ഫുട്ട്: എല്ലാം തീർന്നെന്നു കരുതിയിരുന്നു. പക്ഷേ അയാളുടെ കൈൾ ഞങ്ങളെ താങ്ങിനിർത്തി. കണ്ണിലിരുട്ടുകയറി വീണുപോകുകയാണെന്ന് തോന്നിയ നേരം ആ കൈകൾ എന്നെയും കൂട്ടുകാരെയും വെളിച്ചത്തിലേക്ക് കൈപ്പിടിച്ചുയർത്തി.. പോയ രാവിനെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഡയറിയിൽ കുറിക്കുകയാണെങ്കിൽ അതിൽ ഡിയാഗോ കോസ്റ്റയെന്ന പേര് സുവർണ നിറത്തിൽ തിളങ്ങിനിൽക്കും.
ഫ്രാങ്ക്ഫുർട്ട് അരീനയിൽ പോർച്ചുഗൽ െസ്ലാവേനിയ മത്സരം കണ്ടവരെല്ലാം ഒന്നുറപ്പിച്ചു. ഇന്ന് െസ്ലാവേനിയൻ ഗോൾകീപ്പർ യാൻ ഒബ്ലാക്കിെൻറ ദിവസമാണ്. മാഡ്രിഡ് നഗരത്തിൽ അത്ലറ്റിക്കോയുടെ കോട്ട കാക്കുന്ന ഒബ്ളാക്ക് തെൻറ പരിചയസമ്പത്തെല്ലാം ഉപയോഗിച്ച മത്സരം. പറങ്കിപ്പടയുടെ മുന്നേറ്റങ്ങൾക്ക് മുന്നിൽ പലകുറി അയാൾ വട്ടമിട്ടുനിന്നു. മത്സരം നിശ്ചിത സമയവും കടന്ന് അധിക സമയത്തേക്ക് നീണു. മുനയൊടിഞ്ഞ ഒട്ടേറെ ആക്രമണങ്ങൾക്ക് ശേഷം ഡിയാഗോ ജോട്ട ഒരു കൊള്ളിയാൻ മിന്നൽ പോലെ െസ്ലാവേനിയൻ ഗോൾമുഖത്തേക്ക് ഓടിക്കയറുന്നു. ആ ഓട്ടം ചെന്നുനിന്നത് പോർച്ചുഗലിന് അനുകൂലമായ ഒരു പെനൽറ്റിയിലാണ്.
പറങ്കിപ്പടക്ക് മേൽ പ്രതീക്ഷയുടെ വെളിച്ചമുദിച്ചു. ഞങ്ങളിതാ പ്രീക്വാർട്ടറിലേക്കെന്ന് ഓരോ ആരാധകനും ഉറപ്പിക്കുന്നു. കിക്കെടുക്കാൻ പ്രാപ്തരായ ഒട്ടേറെപ്പേരുണ്ടെങ്കിലും റൊണാൾഡോയെന്ന പേരിൽ തന്നെ പോർച്ചുഗൽ വിശ്വസിച്ചു. നിർണായക കിക്കെടുക്കാൻ സ്വതസിദ്ധമായ ശൈലിയിൽ ദീർഘനിശ്വാസമെടുത്ത് റൊണാൾഡോ ഒരുങ്ങി. ആറാം യൂറോയിലെ ചരിത്രമാകുന്ന ഗോളും വിഖ്യാതമായ ആ സെലിബ്രേഷനും മൈതാനത്ത് അലയടിക്കുമെന്ന് എല്ലാവരും കരുതി. ഗാലറികളിൽ പോർച്ചുഗീസ് പതാകകൾ പാറിപ്പറന്നു.
പക്ഷേ ആ ദിവസം റൊണാൾഡോക്ക് തൊട്ടതെല്ലാം തെറ്റുന്നു. അതല്ലെങ്കിൽ റോണോ കിക്കെടുക്കാനായി കാലുകളുയർത്തുന്ന നേരമേ ഒബ്ളാക്കിെൻറ തലേച്ചോറിലെ നാഡികൾക്ക് സിഗ്നൽ ലഭിച്ചിരിക്കണം. റൊണാൾഡോയുടെ കണ്ണുകളിൽ നിന്നും കണ്ണീർ പൊട്ടിവീണു. എന്നും കൂടെയുള്ളവരെ ചേർത്തുപിടിച്ചിരുന്ന അയാളെ ആശ്വസിപ്പിക്കാൻ സഹതാരങ്ങൾ ഓടിയെത്തി.
എന്നും അപാരമായ ആത്മവിശ്വാസത്താൽ മാത്രം കാണുന്ന അയാളുടെ മുഖം ചുവന്നുതുടുത്തപ്പോൾ ഒരിക്കലുമയാളെ ഇഷ്ടപ്പെടാതിരുന്നവർക്ക് പോലും ഒരുവേള നിരാശപടർന്നിരിക്കണം. പോർച്ചുഗലും ആരാധകരും കണ്ണുനിറഞ്ഞിരിക്കുേമ്പാൾ െസ്ലാവേനിയൻ ക്രോസ് ബാറിന് ചുവട്ടിൽ ഒബ്ളാക്ക് നിറഞ്ഞുചിരിക്കുകയായിരുന്നു. മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടാലും ഇക്കുറി വിജയം തങ്ങൾക്കുതന്നെയെന്ന് സ്ളൊവേനിയ ഉറപ്പിച്ചു. ഇന്ന് ഒബ്ലാക്കിെൻറ ദിവസം തന്നെയെന്ന് കമൻററിയടക്കം അടക്കം പറഞ്ഞു.
എന്നാൽ അപ്പുറത്ത് എല്ലാം കണ്ട് മറ്റൊരു ഗോൾകീപ്പർ ഏകനായി നിൽക്കുന്നുണ്ടായിരുന്നു. ഡിയാഗോ കോസ്റ്റ. 114ാം മിനുറ്റിൽ പോർച്ചുഗലിെൻറ പ്രതിരോധനിരയിൽ നിന്നും പെപ്പെക്ക് ഒരു ഡിഫൻഡർക്ക് ഒരിക്കലും സംഭവിക്കാനാകാത്ത തെറ്റ് സംഭവിക്കുന്നു. പോർച്ചുഗലിെൻറ കഥ ഇവിടെത്തീർന്നെന്ന് കരുതിയ നേരം നഷ്ടങ്ങൾക്കും സ്വപ്നങ്ങൾക്കുമിടയിൽ അയാളൊരു കാൽവെക്കുന്നു. ആ കാലിൽ തട്ടിത്തെറിച്ചത് െസ്ലാവേനിയയുടെ സ്വപ്നങ്ങളും ആ കാലിൽ തളിർത്തുപൊങ്ങിയത് പോർച്ചുഗലിെൻറ പ്രതീക്ഷകളുമായിരുന്നു.
ഷൂട്ടൗട്ടിനായി നിൽക്കുേമ്പാൾ അയാൾക്ക് ഒരുപാട് കൈകൾ മുളച്ചുപൊന്തിയെന്ന് തോന്നിച്ചു. കോസ്റ്റ സേവ്സ്.. കോസ്റ്റ എഗൈൻ സേവ്സ്.. ആൻഡ് കോസ്റ്റ സേവ്സ് അനൊദർ..ഇടതും വലതുമായി െസ്ലാവാനിയൻ താരങ്ങൾ മാറിമാറി ഷോട്ടുതിർത്തെങ്കിലും എല്ലായിടത്തും കോസ്റ്റ പറന്നെത്തി. തുടരെത്തുടരെയുള്ള മൂന്നുസേവുകളുമായി ഒടുവിലയാൾ ഗ്യാലറിക്ക് മുന്നിൽ നെഞ്ചുവിരിച്ചുനിന്നു. എല്ലാം തിരിച്ചുകിട്ടിയ സന്തോഷത്തിൽ പോർച്ചുഗീസ് താരങ്ങൾ അയാളെപൊതിഞ്ഞുപിടിച്ചു. കോസ്റ്റ നൽകിയ ആത്മവിശ്വാസത്തിലാണ് റോണോയും ബ്രൂണോയും സിൽവയുമെല്ലാം വലകുലുക്കിയത്.
നന്ദി.. പ്രിയപ്പെട്ട കോസ്റ്റ. നിങ്ങളില്ലായിരുന്നുവെങ്കിൽ യൂറോ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ചൊരുതാരത്തിെൻറ അവസാനം അയാളൊരിക്കലും ആഗ്രഹിക്കാത്ത വിധം കുറിച്ചുവെക്കപ്പെടുമായിരുന്നു. ഇപ്പോൾ ആ കണ്ണുകളിൽ കാണുന്ന തിളക്കമെല്ലാം നിങ്ങൾ മാത്രം നൽകിയതാണ്.