Football
ആശുപത്രിയും സ്‌കൂളും നിർമിച്ച് ജന്മനാട്ടില്‍ ഹീറോ; സാദിയോ മാനെയ്ക്ക്   പ്രഥമ സോക്രട്ടീസ് പുരസ്‌കാരം
Football

ആശുപത്രിയും സ്‌കൂളും നിർമിച്ച് ജന്മനാട്ടില്‍ ഹീറോ; സാദിയോ മാനെയ്ക്ക് പ്രഥമ സോക്രട്ടീസ് പുരസ്‌കാരം

Web Desk
|
20 Oct 2022 8:34 AM GMT

സാമൂഹിക പ്രവർത്തന രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന ഫുട്‌ബോൾ താരത്തിനാണ് പുരസ്‌കാരം നൽകുന്നത്

പാരിസ്: ബയേൺ മ്യൂണിക് താരം സാദിയോ മാനേയ്ക്ക് പ്രഥമ സോക്രട്ടീസ് പുരസ്‌കാരം. ജീവകാരുണ്യ രംഗത്തെ പ്രവർത്തനങ്ങൾ മാനിച്ചാണ് പുരസ്‌കാരം.

2022ലെ ബാൻ ഡി ഓർ പുരസ്‌കാര വിതരണത്തിന്റെ ഭാഗമായാണ് സോക്രട്ടീസ് അവാർഡ് പ്രഖ്യാപിച്ചത്. സാമൂഹിക പ്രവർത്തന രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന ഫുട്‌ബോൾ താരത്തിനാണ് പുരസ്‌കാരം നൽകുന്നത്. അന്തരിച്ച ബ്രസീലിയൻ താരം സോക്രട്ടീസിന്റെ പേരിലാണ് പുരസ്‌കാരത്തിന് തുടക്കമിട്ടിരിക്കുന്നത്. 1980കളിൽ ബ്രസീലിലെ പട്ടാള ഭരണകൂടത്തിനെതിരെ കൊറിയന്ത്യൻസ് ഡെമോക്രാറ്റിക് മൂവ്‌മെന്റിനു തുടക്കമിട്ടയാളാണ് സോക്രട്ടീസ്.

ഫുട്‌ബോൾ മൈതാനത്തിലെ മിന്നും പ്രകടനത്തിനൊപ്പം ജന്മനാടായ ബംബാലിയിൽ കളത്തിനു പുറത്തും താരമാണ് സാദിയോ മാനെ. ബംബാലിയിൽ സ്വന്തമായി ആശുപത്രി പണിത താരം നിരവധി സ്‌കൂളുകളും നിർമിച്ചിട്ടുണ്ട്. ഒരുപാട് കുടുംബങ്ങളുടെ തണലും തുണയുമാണ്. സെനഗലിന്റെ കോവിഡ് പ്രതിരോധ പോരാട്ടത്തിൽ മുൻനിരയിലുമുണ്ടായിരുന്നു മാനെ.

ഇത്തരമൊരു വേദിയിൽ അതിഥിയായി പങ്കെടുക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് സാദിയോ മാനെ പുരസ്‌കാരം സ്വീകരിച്ച് പറഞ്ഞു. ചിലപ്പോൾ അൽപം ലജ്ജാലുവാണ് ഞാൻ. എന്റെ ജനതയുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താൻ എനിക്കാകുന്നത് ചെയ്യാനാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

സെനഗലിന്റെ മുന്നേറ്റനിര താരമായ സാദിയോ മാനെയാണ് ഇത്തവണത്തെ ആഫ്രിക്കൻ ഫുട്‌ബോളർ ഓഫ് ദ ഇയർ. ഇത്തവണ ബാലൻ ഡി ഓർ പുരസ്‌കാരത്തിനു പരിഗണിക്കപ്പെട്ടവരിൽ രണ്ടാം സ്ഥാനത്തുമുണ്ടായിരുന്നു താരം. കഴിഞ്ഞ സീസണിൽ ലിവർപൂളിനായി 23 ഗോളാണ് താരം സ്വന്തമാക്കിയത്. സെനഗലിന് കന്നി ആഫ്രിക്കൻ നാഷൻസ് കപ്പ് നേടിക്കൊടുക്കുകയും ചെയ്തു. ബയേണിനു വേണ്ടി 16 മത്സരങ്ങളിൽനിന്നായി ഒൻപതു ഗോളും ഒരു അസിസ്റ്റും സ്വന്തം പേരിലാക്കിയിട്ടുണ്ട് മാനെ.

Summary: Sadio Mane wins maiden Socrates Award for charity works

Similar Posts