9-1ന്റെ പരിക്ക് മാറ്റാൻ ഇന്ത്യ; സാഫിൽ കുവൈത്തിനെതിരെ തീപാറും പോരാട്ടം
|ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് 2010ൽ കുവൈത്ത് ഇന്ത്യക്ക് നൽകിയത്
ബംഗളൂരു: നേപ്പാളിനെതിരെ ബെഞ്ചിലെ ബലമാണ് ഇന്ത്യ നോക്കിയതെങ്കില്‍ സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ യഥാർത്ഥ പോരിനൊരുങ്ങുന്നതേയുള്ളൂ. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ കുവൈത്താണ് ഇന്ത്യയുടെ എതിരാളി. വൈകീട്ട് 7.30ന് മത്സരം. സെമിഫൈനല്‍ ടിക്കറ്റ് നേരത്തെ ഉറപ്പിച്ചതിനാല്‍ മത്സരത്തിന്റെ ഫലം ഇന്ത്യയുടെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കില്ലെങ്കിലും ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരാകാൻ ജയം അനിവാര്യം.
ജയിച്ചാൽ സെമി ഫൈനലിൽ ശക്തരായ ലെബനാനെ നേരിടുന്നത് ഒഴിവാക്കാം. അതേസമയം കുവൈത്തിന് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ തോൽക്കാതിരുന്നാൽ മതി. ഗോൾ വ്യത്യാസത്തിൽ ഇന്ത്യയെക്കാൾ മുന്നിലുള്ള അവർക്ക് സമനില മതിയാകും. സെമിഫൈനലിൽ എളുപ്പമുള്ള ഒരു ടീമിനെ ലഭിക്കുക എന്നതിലുപരി ക്ലീൻഷീറ്റാണ് ലക്ഷ്യമിടുന്നതെന്നാണ് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് വ്യക്തമാക്കുന്നത്. ഈ വർഷം കളിച്ച എട്ട് മത്സരങ്ങളിൽ ഒരൊറ്റ ഗോൾ പോലും ഇന്ത്യ വഴങ്ങിയിട്ടില്ല. കഴിഞ്ഞവർഷം വിയറ്റ്‌നാമിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇന്ത്യ തോറ്റിരുന്നു.
അതിന് ശേഷം ഇന്ത്യ ഒരൊറ്റ ഗോളും ഇങ്ങോട്ട് വാങ്ങിയിട്ടില്ല. എന്നിരുന്നാലും ശക്തരാണ് കുവൈത്ത്. കുവൈത്തിന്റെ ശക്തിയിൽ ബോധ്യമുണ്ടെന്ന് ഇന്ത്യൻ താരം ലാലിയൻസുവാല ചാങ്‌ടെ വ്യക്തമാക്കി. റാങ്കിങൊന്നും നോക്കാതെ എല്ലാ മത്സരത്തേയും സമീപിക്കും പോലെയാണ് കുവൈത്തിനെയും നേരിടുന്നതെന്ന് മുംബൈ സിറ്റി എഫ്.സി താരം കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിനെതിരെ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ഇന്ത്യ തോറ്റപ്പോൾ ഒരു മത്സരത്തിൽ ഇന്ത്യക്കായിരുന്നു വിജയം. 2010ലാണ് അവസാനം ഇന്ത്യയും കുവൈത്തും മത്സരിക്കുന്നത്. അന്ന് ഒന്നിനെതിരെ ഒമ്പത് ഗോളുകൾക്കാണ് ഇന്ത്യയെ കുവൈത്ത് തോൽപിച്ചത്. ഫുട്‌ബോൾ ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയായിരുന്നു അത്.
2004ലാണ് ഇന്ത്യ കുവൈത്തിനെ തോൽപിക്കുന്നത്. എന്നാൽ 2010ലെ തോൽവിക്ക് ശേഷം ഇന്ത്യ ഒരുപാട് മാറി. ഏത് വമ്പനെയും വിറപ്പിക്കാനും വീഴ്ത്താനും ഇന്ന് ഇന്ത്യക്കാവും. ഫിഫ റാങ്കിങില്‍ കുവൈത്തിനെക്കാള്‍(143) മുന്നിലാണ് ഇന്ത്യ(101). സാഫിൽ മികച്ച തുടക്കമാണ് കുവൈത്തിനും ലഭിച്ചത്. നേപ്പാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കും പാകിസ്താനെ എതിരില്ലാത്ത നാല് ഗോളുകൾക്കും തോൽപിച്ചാണ് കുവൈത്ത് ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. മുൻ പോർച്ചുഗൽ താരം റൂയി ബെന്റോ പരിശീലിപ്പിക്കുന്ന കുവൈത്ത് ആത്മവിശ്വസത്താടെയാണ് ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്.