'ഇനി പ്രണയസൗന്ദര്യത്തിന്റെ തീരത്തേക്ക്'; വിവാഹചിത്രങ്ങൾ പങ്കുവച്ച് സഹൽ
|ബാഡ്മിന്‍റണ്‍ താരം റെസ ഫർഹത്താണ് വധു
കോഴിക്കോട്: കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യയുടെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദിന്റെ വിവാഹം. ബാഡ്മിന്റൺ താരം റെസ ഫർഹത്താണ് വധു. വിവാഹച്ചടങ്ങിന്റെ ചിത്രങ്ങൾ ഇപ്പോൾ സഹൽ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്.
ഇനി പ്രണയത്തിന്റെ സൗന്ദര്യത്തിലേക്ക്, ഒന്നാകലിന്റെ സന്തോഷത്തിലേക്ക് എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. എക്കാലവും ഓർത്തിരിക്കാൻ പോകുന്ന നിമിഷങ്ങളെന്നും താരം സൂചിപ്പിച്ചു. നിന്റേതായിരിക്കാൻ എന്നും കടപ്പെട്ടിരിക്കുമെന്നും റെസയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം സഹൽ കുറിച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയിലായിരുന്നു വിവാഹചടങ്ങ് നടന്നത്. ബ്ലാസ്റ്റേഴ്സിലെ സഹതാരങ്ങളായ രാഹുൽ കെ.പി, സച്ചിൻ സുരേഷ്, മുൻ താരങ്ങളായ സി.കെ വിനീത്, മുഹമ്മദ് റാഫി തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.
അതിനിടെ, അടുത്ത സീസണിൽ സഹൽ ബ്ലാസ്‌റ്റേഴ്‌സ് വിടുമെന്ന് വാർത്തകൾ പുറത്തുവരുന്നുണ്ട്. മോഹൻ ബഗാനാണ് താരത്തെ റാഞ്ചാൻ രംഗത്തുള്ളത്. 2.5 കോടി രൂപ മുടക്കിയാണ് ഐ.എസ്.എല്ലിലെ കരുത്തർ താരത്തെ വാങ്ങാനിരിക്കുന്നത്. അടുത്തയാഴ്ച ക്ലബുമായി താരം കരാർ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ട്.
Summary: 'Here's to the beauty of love, the joy of togetherness, and a lifetime of cherished moments'; Sahal Abdul Samad shares marriage function photos