Football
നിർണായക മത്സരത്തിൽ താരമായത് ഇന്ത്യൻ ഓസിൽ; ഈ വിജയം ബ്ലാസ്റ്റേഴ്‌സിന് സ്‌പെഷ്യൽ
Football

നിർണായക മത്സരത്തിൽ താരമായത് 'ഇന്ത്യൻ ഓസിൽ'; ഈ വിജയം ബ്ലാസ്റ്റേഴ്‌സിന് സ്‌പെഷ്യൽ

Sports Desk
|
11 March 2022 4:33 PM GMT

പ്രതിഭാധനനായിട്ടും മുൻ സീസണുകളിൽ ചിലപ്പോഴെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന സഹൽ ഈ സീസണിൽ ആറു ഗോളുകളുമായി മികവിന്റെ ആറാട്ടം നടത്തിയിരിക്കുകയാണ്

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ അതിനിർണായക മത്സരത്തിൽ താരമായത് 'ഇന്ത്യൻ ഓസിൽ' സഹൽ അബ്ദുസ്സമദ്. മുംബൈ എഫ്‌സിക്കെതിരെ നിരവധി താരങ്ങളെ വെട്ടിച്ചുനേടിയ വ്യക്തിഗത ഗോളിന്റെ തിളക്കം മാറും മുമ്പേ ഉജ്വലമുന്നേറ്റത്തിലൂടെ തകർപ്പൻ ഗോളുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സെമിയുടെ ആദ്യ പാദത്തിൽ മുൻതൂക്കം നൽകിയിരിക്കുകയാണ് വുകുമാനോവിച്ച് കടഞ്ഞെടുത്ത ഈ മലയാളി മാണിക്യം. പ്രതിഭാധനനായിട്ടും മുൻ സീസണുകളിൽ ചിലപ്പോഴെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന സഹൽ ഈ സീസണിൽ ആറു ഗോളുകളുമായി മികവിന്റെ ആറാട്ടം നടത്തിയിരിക്കുകയാണ്. കളിക്കൊപ്പം സ്‌കോറിങ് മികവ് കൂടി ചേർന്നതോടെ മലയാളികളുടെ ഇഷ്ടതാരമായി തീരാനും ഈ മിഡ്ഫീൽഡർക്കായിരിക്കുകയാണ്.

ഈ വിജയരാത്രി മഞ്ഞപ്പടയ്ക്കും ആരാധകർക്കും കാത്തിരുന്ന് കലിപ്പടക്കിയ ആനന്ദമാണ് നൽകുന്നത്. ഈ സീസണിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരെ രണ്ടുവട്ടം ഏറ്റുമുട്ടിയപ്പോൾ ഒരുവട്ടം സമനിലയും 3-0 ത്തിന് തോൽവിയുമായിരുന്നു കൊമ്പന്മാർക്കുണ്ടായിരുന്നത്. അതിന് പകരം വീട്ടാനും സീസണിലെ ഒന്നാം സ്ഥാനക്കാരെ വീഴ്ത്താനുമായത് ഇനിയുള്ള രണ്ടാം പാദ സെമിയിലും മുന്നോട്ട് പോകാനും നൽകുന്ന ഊർജം ചെറുതായിരിക്കില്ല.

ഇരുടീമുകളും കട്ടയ്ക്കു കട്ട നിന്ന മത്സരത്തിൽ 38-ാം മിനുട്ടിലാണ് സഹൽ വലകുലുക്കിയത്. ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തിനിടെ ഗോൾമുഖത്തുവെച്ച് ജംഷഡ്പൂർ ഡിഫന്റർ പിറകിലേക്ക് ഹെഡ്ഡ് ചെയ്ത പന്ത് ഓടിപ്പിടിച്ചെടുത്ത സഹൽ കീപ്പർക്കു മുകളിലൂടെ പന്ത് വലയിലേക്ക് ഉയർത്തി വിടുകയായിരുന്നു. മികച്ച ഫോമുമായി മഞ്ഞപ്പടയുടെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിരം സാന്നിധ്യമായിമാറിയ സഹലിന്റെ ഈ സീസണിലെ ആറാമത്തെ ഗോളായിരുന്നു ഇത്.

കട്ടയ്ക്കു കട്ട, ഒരുപൊടിക്ക് ബ്ലാസ്റ്റേഴ്‌സ്

ശക്തിദൗർബല്യങ്ങളിൽ ഏറെക്കുറെ തുല്യത പുലർത്തുന്ന ജംഷഡ്പൂരും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം തുടക്കം മുതൽക്കേ കടുപ്പമേറിയതായിരുന്നു. മഞ്ഞപ്പടയുടെ സ്വാഭാവിക കളി പുറത്തെടുത്താൻ ടാറ്റ ടീം അനുവദിക്കാതിരുന്നപ്പോൾ മിഡ്ഫീൽഡിലെ ബലപരീക്ഷണമാണ് കാര്യമായും നടന്നത്. 4-3-2-1 എന്ന ശൈലിയിൽ ഒരു സ്ട്രൈക്കറെ മുന്നിൽ നിർത്തി കളിതുടങ്ങിയ ജംഷഡ്പൂരിന്റെ ലക്ഷ്യം ബ്ലാസ്റ്റേഴ്സിന്റെ പാസിങ് ഗെയിമിന്റെ താളം തെറ്റിക്കുക എന്നതായിരുന്നു. 4-4-2 ഫോർമേഷനിലാണ് ബ്ലാസ്റ്റേഴ്സ് അണിനിരന്നത്.

കാർപ്പറ്റ് നീക്കങ്ങളിലൂടെ മുന്നേറുക അസാധ്യമായതോടെ പന്ത് മുന്നോട്ടുനീക്കാൻ ആകാശമാർഗമാണ് ബ്ലാസ്റ്റേഴ്സ് അവലംബിച്ചത്. വായുവിൽ ആധിപത്യം സ്ഥാപിക്കാൻ ഇരുടീമുകളും മത്സരിച്ചതോടെ ആദ്യഘട്ടത്തിൽ കളി വിരസമായി. അതിനിടെ, ഒരു ഹൈബോൾ നീക്കത്തിനൊടുവിൽ ജംഷഡ്പൂരിന് മത്സരത്തിലെ ആദ്യത്തെ തുറന്ന അവസരം ലഭിച്ചെങ്കിലും സ്ട്രൈക്കർ ചീമ ചൊക്വുവിന് പിഴച്ചു. ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കെ തിടുക്കപ്പെട്ടു കൊണ്ടുള്ള താരത്തിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്. 20-ാം മിനുട്ടിലും ഇതേതാരം മറ്റൊരു മികച്ച അവസരം നഷ്ടമാക്കി.

താളം കണ്ടെത്തി മഞ്ഞപ്പട

30 മിനുട്ടു കഴിഞ്ഞതിനു പിന്നാലെ ബ്ലാസ്റ്റേഴ്സ് ചെറിയ പാസുകളുമായി മധ്യനിരയിൽ ആധിപത്യം സ്ഥാപിക്കാനാരംഭിച്ചു. സ്വന്തം ഗോൾമുഖം പ്രതിരോധിക്കുന്നതിലായിരുന്നു ഈ ഘട്ടത്തിൽ ജംഷഡ്പൂരിന്റെ ശ്രദ്ധ. 38-ാം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് ഭീഷണിയുയർത്തി ജംഷഡ്പൂർ ആക്രമണം നടത്തുന്നതിനിടെ പ്രത്യാക്രമണത്തിലായിരുന്നു മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. മധ്യവരയിൽ നിന്ന് അൽവാരോ വാസ്‌ക്വേസ് ഉയർത്തിവിട്ട പന്ത് ക്ലിയർ ചെയ്യുന്നതിൽ ജംഷഡ്പൂർ ഡിഫന്റർ റിക്കി ലാലമാവക്കു പിഴച്ചു. പിറകോട്ട് ഹെഡ്ഡ് ചെയ്ത് അപകടമൊഴിവാക്കാനുള്ള ശ്രമം അഡ്വാൻസ് ചെയ്ത കീപ്പർക്കും ഓടിക്കയറിയ സഹലിനുമിടയിലാണ് വീണത്. ഈ സുവർണാവസരം പാഴാക്കാൻ സഹലിനാവുമായിരുന്നില്ല. ടി.പി രഹനേഷിന് എന്തെങ്കിലും ചെയ്യാനാകും മുമ്പ് സഹൽ പന്ത് വായുവിലേക്ക് ഉയർത്തിവിട്ടു. ബോക്‌സിലേക്ക് താഴ്ന്നിറങ്ങിയ പന്ത് ക്ലിയർ ചെയ്യാൻ ഡിഫന്റർ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു.

രണ്ടാംപകുതിയിലെ ആധിപത്യം

രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് തുടങ്ങിയത്. 57-ാം മിനുട്ടിൽ ഖബ്രയുടെ ക്രോസിൽ നിന്ന് ബോക്സിനുള്ളിൽവെച്ച് പെരേര ഡയസ് ഹെഡ്ഡറുതിർത്തെങ്കിലും ടി.പി രഹനേഷ് അനായാസം കൈപ്പിടിയിലൊതുക്കി. തൊട്ടടുത്ത മിനുട്ടിൽ അഡ്രിയാൻ ലൂന തൊടുത്ത ഫ്രീകിക്കിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ലീഡുയർത്തിയെന്ന് തോന്നിച്ചെങ്കിലും സൈഡ്ബാറിൽ തട്ടി പന്ത് മടങ്ങിയത് അവിശ്വസനീയ കാഴ്ചയായി. കളിയുടെ അവസാന ഘട്ടത്തിലെ വാശിയേറിയ നിമിഷങ്ങളിൽ വാസ്‌ക്വെസും സഹലും മഞ്ഞക്കാർഡ് കണ്ടു. 72-ാം മിനുട്ടിൽ വാസ്‌ക്വെസിനെ പിൻവലിച്ച് ചെഞ്ചോയെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. അധികം വൈകുംമുമ്പ് സഹലിനെയും കോച്ച് പിൻവലിച്ചു.

അവസാന നിമിഷങ്ങളിൽ സമനില ഗോളിനായി ആഞ്ഞുപിടിച്ച ജംഷഡ്പൂർ 86-ാം മിനുട്ടിൽ ലക്ഷ്യം കണ്ടെന്നു തോന്നിച്ചു. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെയുള്ള ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മിയെന്ന മട്ടിലാണ് പുറത്തേക്കു പോയത്.

ലീഗ് സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനക്കാരായാണ് സെമിഫൈനൽ യോഗ്യത നേടിയത്. രണ്ടുതവണ ഫൈനലിസ്റ്റുകളായെങ്കിലും ഇതുവരെ ജേതാക്കളാകാൻ കഴിഞ്ഞിട്ടില്ലാത്ത മഞ്ഞപ്പട 2016-നു ശേഷം ഇതാദ്യമായാണ് ഐ.എസ്.എൽ സെമിയിൽ ഇടംനേടുന്നത്. 20 മത്സരങ്ങളിൽ നിന്ന് ഒൻപത് ജയമടക്കം 34 പോയിന്റായിരുന്നു ഇവാൻ വുകുമനോവിച്ച് പരിശീലിപ്പിക്കുന്ന ടീമിന്റെ സമ്പാദ്യം. 43 പോയിന്റുമായി ലീഗ് ജേതാക്കളായാണ് ജംഷഡ്പൂർ സെമിക്ക് യോഗ്യത നേടിയത്. ലീഗ് ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സും ജംഷഡ്പൂരും ഏറ്റുമുട്ടിയപ്പോൾ ഒരു തവണ 1-1 ലാണ് കളി അവസാനിച്ചത്. റിട്ടേൺ മാച്ചിൽ ബ്ലാസ്റ്റേഴ്സിന് മൂന്ന് ഗോൾ തോൽവിയായിരുന്നു ഫലം. രണ്ട് പാദങ്ങളായി നടക്കുന്ന സെമിഫൈനലിലെ രണ്ടാം മത്സരം അടുത്ത ചൊവ്വാഴ്ചയാണ് അരങ്ങേറുക.

Sahal Abdussamad of 'Indian Ozil' star in the crucial match of the Indian Super League season.

Similar Posts