'ആ ഗോൾ മനസ്സിൽ റീപ്ലേ അടിച്ചു കാണുന്നു'; ഐ.എസ്.എല്ലിലെ ഇഷ്ട ഗോളിനെക്കുറിച്ച് സഹൽ അബ്ദുസ്സമദ്
|തനിക്ക് ഏറെ പ്രിയപ്പെട്ട ഗോളിനെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് മഞ്ഞപ്പട ആരാധകരുടെ പ്രിയതാരം.
മലയാളി താരം സഹൽ അബ്ദുസ്സമദിനെ സംബന്ധിച്ചിടത്തോളം കരിയറിലെ ഏറ്റവും മികച്ച ഐ.എസ്.എൽ സീസൺ ആണ് കഴിഞ്ഞു പോയത്. മഞ്ഞക്കുപ്പായത്തിൽ ചേക്കേറിയിട്ട് വർഷങ്ങളായെങ്കിലും 2021-22 സീസണിൽ ടീമിന്റെ ഫൈനൽ വരെയുള്ള മുന്നേറ്റത്തിൽ നിർണായകമായിരുന്നു സഹലിന്റെ സംഭാവന. സീസണിൽ ആറു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു 25-കാരൻ.
മുംബൈ സിറ്റി എഫ്.സി, ജംഷഡ്പൂർ എഫ്.സി എന്നിവക്കെതിരെ രണ്ട് തവണയും എ.ടി.കെ മോഹൻ ബഗാൻ, ചെന്നൈയിൻ എഫ്.സി ടീമുകൾക്കെതിരെ ഓരോ തവണയുമാണ് സീസണിൽ സഹൽ ലക്ഷ്യം കണ്ടത്. അറ്റാക്കിങ് മിഡ്ഫീൽഡറായി കളിച്ച താരത്തിന്റെ ഓരോ ഗോളിനും സവിശേഷതകളുണ്ടായിരുന്നു. ജംഷഡ്പൂരിനെതിരായ സെമിഫൈനൽ ആദ്യപാദത്തിൽ ഗോൾകീപ്പറുടെ തലയ്ക്കു മുകളിലൂടെ പ്ലേസ് ചെയ്ത് സഹൽ നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനൽ പ്രവേശത്തിൽ നിർണായകമായത്.
തനിക്ക് ഏറെ പ്രിയപ്പെട്ട ഗോളിനെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് മഞ്ഞപ്പട ആരാധകരുടെ പ്രിയതാരം. മുംബൈ സിറ്റിക്കെതിരെ രണ്ടാമത്തെ ഫിക്‌സ്ചറിൽ നേടിയ ഗോളാണ് സീസണിലെ തന്റെ 'സ്‌പെഷ്യൽ' എന്ന് ഇന്ത്യൻ സൂപ്പർ ലീഗ് വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ സഹൽ പറയുന്നു. 'ആ ഗോൾ ഞാൻ ഇപ്പോഴും മനസ്സിൽ റീപ്ലേ അടിക്കാറുണ്ട്. എല്ലായ്‌പോഴും അതുണ്ടാകുമെന്ന് എനിക്കറിയാം. അതെനിക്കൊരു സ്‌പെഷ്യൽ ഗോളായിരുന്നു. മത്സരത്തിന്റെ അന്തരീക്ഷം തന്നെ മാറ്റിക്കളഞ്ഞ ഗോളായിരുന്നു അത്.'
മുംബൈ സിറ്റിക്കെതിരായ മത്സരത്തിന്റെ 19-ാം മിനുട്ടിലാണ് അഞ്ച് കളിക്കാരെ ഡ്രിബിൾ ചെയ്ത് സഹൽ ലക്ഷ്യം കണ്ടത്. മുംബൈ പ്രതിരോധതാരം ക്ലിയർ ചെയ്ത പന്ത് പിടിച്ചെടുത്ത താരം ബോക്‌സിനു പുറത്ത് കൂട്ടംകൂടി നിന്ന എതിരാളികളെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞ് പോസ്റ്റിലേക്ക് പന്ത് പ്ലേസ് ചെയ്യുകയായിരുന്നു. ഗോൾമുഖത്ത് ഏഴ് ടച്ചുകളുമായി സഹൽ നടത്തിയ ചടുലനീക്കങ്ങൾക്കു ശേഷമുള്ള അപ്രതീക്ഷിതമായ പ്ലേസിങ്ങിൽ, അനങ്ങാൻ പോലും മുംബൈ കീപ്പർക്ക് കഴിഞ്ഞില്ല.
സഹലിനു പുറമെ അൽവാരോ വാസ്‌ക്വെസ് ഇരട്ട ഗോളുമായും കളം നിറഞ്ഞതോടെ മത്സരം ബ്ലാസ്‌റ്റേഴ്‌സ് 3-1 ന് ജയിച്ചു. നോക്കൗട്ട് ഘട്ടം അവസാനിക്കാൻ രണ്ട് മത്സരം മാത്രം ശേഷിക്കെ അഞ്ചാം സ്ഥാനക്കാരായിരുന്ന ബ്ലാസ്‌റ്റേഴ്‌സിന് സെമിയിലേക്കുള്ള വഴി തുറന്നതും ഈ ജയം തന്നെ. തന്നെ സംബന്ധിച്ചിടത്തോളം കേരള ബ്ലാസ്‌റ്റേഴ്‌സാണ് എല്ലാമെന്നും കഠിനാധ്വാനമാണ് തന്റെ വിജയത്തിനു പിന്നിലെന്നും സഹൽ പറയുന്നു.
'എന്നെ സംബന്ധിടത്തോളം എല്ലാം കേരള ബ്ലാസ്‌റ്റേഴ്‌സാണ്. സന്തോഷ് ട്രോഫിയിൽ വെച്ച് എന്നെ കണ്ടെത്തിയതും നല്ലൊരു കളിക്കാരനാവാൻ സഹായിച്ചതും ഈ ക്ലബ്ബാണ്. ഒരു ഘട്ടത്തിൽ വിദേശത്തുള്ള ഒരു ക്ലബ്ബിനൊപ്പം രണ്ടു മൂന്നാഴ്ച പരിശീലനം നടത്തുക എന്നത് മികച്ച അനുഭവമായിരിക്കും. എങ്കിലും ഞാനിപ്പോൾ ഒരു ബ്ലാസ്‌റ്റേഴ്‌സ് പ്ലേയറാണ്.' - താരം വ്യക്തമാക്കി.