'സഹൽ നിലവിൽ എവിടെയും കരാർ ഒപ്പിട്ടിട്ടില്ല'; മോഹൻ ബഗാനിലേക്കുള്ള മാറ്റത്തിൽ നിരീക്ഷകന്റെ മറുപടി
|'സഹൽ മോഹൻ ബഗാനിലേക്ക് പോകുകയാണെങ്കിൽ പ്രീതം കോട്ടാൽ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തും, അത് എനിക്ക് ഉറപ്പാണ്' മാർകസ് ട്വീറ്റിൽ പറഞ്ഞു
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ മിന്നും താരം സഹൽ അബ്ദുൽ സമദ് നിലവിൽ എവിടെയും കരാർ ഒപ്പിട്ടിട്ടില്ലെന്ന് കായിക മാധ്യമപ്രവർത്തകനായ മാർകസ് മെർഗുൽഹാവോ. സഹൽ മോഹൻ ബഗാൻ സൂപ്പർ ജയൻറ്‌സിൽ ചേരുന്നതിൽ എന്തെങ്കിലും പുതിയ വിവരമുണ്ടോയെന്ന ചോദ്യത്തിന് ട്വിറ്ററിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. 'സഹൽ ഇപ്പോൾ എവിടെയും കരാർ ഒപ്പിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും. അതൊരു നീണ്ടു കഥയാണ്, നിരവധി ട്വിസ്റ്റുകളും ചില വഴിത്തിരിവുകളുമുണ്ട്. ട്രാൻസ്ഫറിൽ ഒരു തടസവുമുണ്ട്' മാർകസ് ട്വീറ്റ് ചെയ്തു.
'സഹൽ മോഹൻ ബഗാനിലേക്ക് പോകുകയാണെങ്കിൽ പ്രീതം കോട്ടാൽ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തും, അത് എനിക്ക് ഉറപ്പാണ്' മാർകസ് മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
മോഹൻ ബഗാനിലേക്ക് റെക്കോർഡ് തുകയ്ക്ക്?
സഹൽ ബ്ലാസ്‌റ്റേഴ്‌സ് വിട്ട് മോഹൻ ബഗാനിലേക്ക് റെക്കോർഡ് തുകയ്ക്ക് പോകുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഐ.എസ്.എല്ലിൽ ഇന്ത്യൻ താരങ്ങൾക്കായി ചെലവാക്കുന്ന ഏറ്റവും ഉയർന്ന തുകയാകും സഹലിനു വേണ്ടി കൊൽക്കത്ത മുടക്കുക. ഏകദേശം 2.5 കോടി രൂപ ട്രാൻസ്ഫർ ഫീസായി മുടക്കാൻ ബഗാൻ തയാറാകുമെന്നാണ് പുറത്തുവരുന്ന വിവരം. സഹലിന് പകരമായി ഒരു താരത്തെ കൂടി ബ്ലാസ്റ്റേഴ്‌സിനു ലഭിക്കുമെന്ന് ഐ.എഫ്.ടി.ഡബ്ല്യു.സി റിപ്പോർട്ട് ചെയ്തു.
നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരാണ് മോഹൻ ബഗാൻ. മോഹൻ ബഗാനുൾപ്പെടെ നാലു പ്രധാന ക്ലബുകൾ സഹലിനായി രംഗത്തുണ്ടായിരുന്നു. എന്നാൽ മോഹൻ ബഗാൻറെ 'ബിഗ് ഡീലി'ന് സഹൽ യെസ് മൂളിയെന്നാണ് ഐ.എഫ്.ടി.ഡബ്ല്യു.സി റിപ്പോർട്ട് ചെയ്തത്. ഓൾ ഇന്ത്യ ഫുട്‌ബോൾഫെഡറേഷനിൽ നിന്ന് പിഴ നടപടി നേരിട്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ഈ അവസരത്തിൽ സഹലിനെ സ്വന്തമാക്കാൻ മോഹൻ ബഗാൻ, ബെംഗളൂരു എഫ്.സി, മുംബൈ സിറ്റി, ചെന്നൈയിൻ എന്നീ ക്ലബുകളാണ് രംഗത്തുവന്നത്. അതേസമയം 2025 വരെ സഹലിന് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ട്. 2017ൽ ഐ.എസ്.എൽ അരങ്ങേറ്റം കുറിച്ച സഹൽ അന്ന് മുതൽ തുടർച്ചയായ ആറ് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്‌സിനായാണ് ബൂട്ടുകെട്ടിയത്. നേരത്തേ മോഹൻ ബഗാന്റെ റൈറ്റ് ബാക്കായ പ്രബീർ ദാസിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. എന്നാൽ നിലവിലുള്ള പ്രതിരോധ നിര താരം ഹോർമിപാം മോഹൻ ബഗാനിലേക്ക് പോകില്ലെന്നാണ് ഐഎഫഎ്ടിഡബ്ല്യൂസി ട്വീറ്റ് ചെയ്തത്.
Kerala Blasters FC player Sahal Abdul Samad currently not signed anywhere: Marcus Mergulhao