ഈജിപ്ത് ജഴ്സിയില്‍ സലാഹിനെ ഇനി കാണാനാകുമോ? വിരമിക്കല്‍ പ്രഖ്യാപനമെന്ന് സൂചന
|ലോകകപ്പിന് യോഗ്യത നേടാനാകാതെ ഈജിപ്ത് പുറത്തായതിന് പിന്നാലെയാണ് താരം വിരമിക്കലിന്‍റെ സൂചന നല്‍കിയത്.
ഈജിപ്തിന്‍റെ സൂപ്പര്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലാഹ് വിരമിക്കലിനൊരുങ്ങുന്നതായി സൂചന. ലോകകപ്പിന് യോഗ്യത നേടാനാകാതെ ഈജിപ്ത് പുറത്തായതിന് പിന്നാലെയാണ് താരം വിരമിക്കലിന്‍റെ സൂചന നല്‍കിയത്. ടീം ഷൂട്ടൌട്ടില്‍ തോൽവി വഴങ്ങിയതിന് പിന്നാലെ താരത്തിന്റേതായി ഈജിപ്ത് കായിക മന്ത്രാലയം പുറത്തുവിട്ട വീഡിയോയിലാണ് വിരമിക്കൽ സൂചന നൽകുന്നത്.
ടീമംഗങ്ങളോട് സംസാരിക്കുന്നതിനിടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. നിങ്ങള്‍ക്കൊപ്പം കളിക്കാനായതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു. ഞാന്‍ കളിച്ചതില്‍ വച്ച് ഏറ്റവും മികച്ച ടീമായിരുന്നു നമ്മുടേത്. നിങ്ങള്‍ക്കൊപ്പം ഇത്രയും നാള്‍ കളിക്കാന്‍ കളിച്ചതിനെ വലിയ ആദരവായി കാണുന്നു. കൂടുതലൊന്നും പറയാനില്ല. ഞാനിനി നിങ്ങള്‍ക്കൊപ്പം കളിച്ചാലും ഇല്ലെങ്കിലും...' സലാഹ് പറഞ്ഞു.
ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിന്റെ തനിയാവർത്തനമായിരുന്നു ലോകകപ്പ് ഫൈനൽ യോഗ്യതാ റൗണ്ട്. മത്സരത്തിൽ സെനഗൽ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചതോടെ ഇരു പാദങ്ങളിലുമായി സ്‌കോർ നില 1-1 ആയി. ഇതോടെ മത്സരം പെനൽറ്റിയിലേക്കെത്തുകയായിരുന്നു. പെനൽറ്റി ഷൂട്ടൌട്ടില്‍ സെനഗൽ വിജയിക്കുകയും ചെയ്തു.
2011 മുതൽ ഈജിപ്ത് ദേശീയ ടീമിനൊപ്പം സലാഹുണ്ട്. 29കാരനായ താരത്തിന്‍റെ വിരമിക്കല്‍ സൂചനയാണ് പുറത്തുവന്ന വീഡിയോയിലേതെന്നാണ് ആരാധകര്‍ കരുതുന്നത്. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യതാ റൊണ്ട് മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സലാഹ് അടക്കം മൂന്ന് ഈജിപ്ഷ്യന്‍ താരങ്ങള്‍ പെനാല്‍റ്റി പാഴാക്കിയിരുന്നു.
എന്നാല്‍ ഷൂട്ടൌട്ടിനിടെ മുഹമ്മദ് സലാഹ് അടക്കമുള്ള താരങ്ങളുടെ മുഖത്ത് സെനഗല്‍ ആരാധകര്‍ ലേസര്‍ ലൈറ്റ് അടിച്ചിരുന്നു. പെനാല്‍റ്റി എടുക്കുന്നതിനിടെ താരങ്ങള്‍ക്ക് ഇത് അസ്വസ്ഥത സൃഷ്ടിച്ചിരുന്നതായി വ്യക്തമായിരുന്നു. സലാഹ് കിക്കെടുക്കാനെത്തിയപ്പോഴാണ് സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന ലേസർ രശ്മികൾ അദ്ദേഹത്തിന്റെ മുഖത്ത് പതിച്ചത്. അതേസമയം സെനഗൽ ആരാധകർക്കെതിരെ ഈജിപ്ഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ രംഗത്ത് എത്തി. മത്സരത്തിനിടെ സലാഹിനെ വംശീയമായി അധിക്ഷേപിച്ചുവെന്നാണ് ഈജിപ്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ ആരോപിക്കുന്നത്. മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ഈജിപത്യൻ കളിക്കാർക്ക് നേരെ വെള്ളക്കുപ്പികളും കല്ലുകളും എറിഞ്ഞെന്നും മത്സരത്തിനായി സ്റ്റേഡിയത്തിലേക്ക് ബസിൽ എത്തിയപ്പോഴും ആക്രമിച്ചെന്നും ഫെഡറേഷൻ ആരോപിച്ചു. അകമത്തിന്റെ ചിത്രങ്ങളും അവർ പങ്കുവെച്ചിട്ടുണ്ട്. മത്സര ശേഷവും സലാഹിന് നേരെ ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്.