പരിക്ക്: ക്രൊയേഷ്യൻ ക്ലബ്ബിലുള്ള ജിംഗന്റെ അരങ്ങേറ്റം വൈകും
|മൂന്ന് ദിവസം മുമ്പാണ് എച്ച്.എന്‍.കെ സിബെനിക്കുമായുള്ള ജിംഗന്റെ ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയായത്. റിജിക്കെ എഫ്സിക്കെതിരായ മത്സരത്തില്‍ ജിംഗന് അരങ്ങേറ്റം കുറിക്കാമെന്നായിരുന്നു കണക്ക്കൂട്ടിയിരുന്നത്
ക്രൊയേഷ്യന്‍ ഫുട്ബോള്‍ ലീഗില്‍ ഇന്ത്യന്‍ താരം സന്തേഷ് ജിംഗന്റെ അരങ്ങേറ്റം വൈകും. എച്ച്.എന്‍.കെ സിബെനിക്ക് ടീമിന്റെ ആദ്യ പരിശീലന വേളയില്‍ തന്നെ കാലിന് പരിക്കേറ്റതാണ് താരത്തിന്റെ അരങ്ങേറ്റം വൈകിപ്പിക്കുന്നത്. ക്രൊയേഷ്യന്‍ ക്ലബ്ബില്‍ ചേര്‍ന്ന് മൂന്ന് ദിവസം കഴിഞ്ഞതിന് പിന്നാലെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്.
മൂന്ന് ദിവസം മുമ്പാണ് എച്ച്.എന്‍.കെ സിബെനിക്കുമായുള്ള ജിംഗന്റെ ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയായത്. റിജിക്കെ എഫ്സിക്കെതിരായ മത്സരത്തില്‍ ജിംഗന് അരങ്ങേറ്റം കുറിക്കാമെന്നായിരുന്നു കണക്ക്കൂട്ടിയിരുന്നത്. എന്നാല്‍ പരിശീലനത്തിനിടെ താരത്തിന്റെ കാലിന് പരിക്കേല്‍ക്കുകയായിരുന്നു.
ജിംഗാന് പരിക്കേറ്റ കാര്യം കോച്ച് മാരിയോ റോസാസാസ് തന്നെയാണ് വ്യക്തമാക്കിയത്. പരിക്ക് ഗുരുതരമല്ലെന്നും ഏതാനും ആഴ്ചവിശ്രമം വേണ്ടിവരുമെന്നാണ് അദ്ദേഹം അറിയിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ജിംഗാന്‍ ക്രൊയേഷ്യയിലെത്തിയത്. പിന്നാലെ താരത്തിന്റെ രജിസ്ട്രേഷന്‍, വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയ കാര്യങ്ങള്‍ ശരിയാക്കാന്‍ സമയമെടുത്തിരുന്നു. ഇതിനു പിന്നാലെ ടീമിനൊപ്പം പരിശീലനം ആരംഭിച്ചതിനു പിന്നാലെയാണ് പരിക്ക്. നിലവില്‍ 2022 വരെയാണ് താരത്തിന്റെ കരാര്‍.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് എടികെ മോഹന്‍ ബഗാനില്‍ നിന്നാണ് താരം ക്രൊയേഷ്യയിലെത്തുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ഡിഫന്‍ഡറായിരുന്നു ജിംഗാന്‍. കേരള ബ്ലാസ്റ്റേഴ്സിലുള്ളപ്പോഴുള്ള ജിംഗന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.