Football
എടികെയും വിടുന്നു: സന്ദേശ് ജിങ്കനായി മൂന്ന് യൂറോപ്യൻ ക്ലബ്ബുകൾ രംഗത്ത്
Football

എടികെയും വിടുന്നു: സന്ദേശ് ജിങ്കനായി മൂന്ന് യൂറോപ്യൻ ക്ലബ്ബുകൾ രംഗത്ത്

Web Desk
|
3 Aug 2021 3:07 AM GMT

കേരള ബ്ലാസ്റ്റേഴ്‌സിൽ ജിങ്കൻ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോൾ തന്നെ വിദേശത്തെ പല വമ്പൻ ക്ലബ്ബുകളും താരത്തെ നോട്ടമിട്ടിരുന്നു.

ഇന്ത്യൻ താരം സന്ദേശ് ജിങ്കന് യൂറോപ്പിൽ പന്ത് തട്ടാൻ അവസരമൊരുങ്ങുന്നു. പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ ഈ സീസണിൽ എടികെ മോഹൻ ബഗാന് വേണ്ടി ജിങ്കൻ കളിക്കില്ല. മൂന്ന് വിദേശ ക്ലബ്ബുകളിൽ നിന്നാണ് ജിങ്കന് ഓഫറെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ആസ്‌ട്രേലിയ, ക്രൊയേഷ്യ, ഗ്രീസ് എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളാണ് ജിങ്കന് മുന്നിൽ ഓഫർ വെച്ചിരിക്കുന്നത്.

യൂറോപ്യൻ ക്ലബ്ബുകളിൽ കളിക്കാനുള്ള ആഗ്രഹം 28കാരനായ ജിങ്കൻ നേരത്തെയും പ്രകടമാക്കിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിൽ ജിങ്കൻ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോൾ തന്നെ വിദേശത്തെ പല വമ്പൻ ക്ലബ്ബുകളും താരത്തെ നോട്ടമിട്ടിരുന്നു. പിന്നാലെ താരത്തെ മനസില്ലാ മനസോടെ ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊടുത്തു. എന്നാൽ വൻവില കൊടുത്ത് എടികെ ജിങ്കനെ സ്വന്തമാക്കുകയായിരുന്നു. യൂറോപ്പിലേക്ക് അവസരം ലഭിച്ചാൽ പോകാൻ അനുവദിക്കണമെന്ന ഉപാധിയോടെയാണ് താരം എടികെയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ.

അങ്ങനെയെങ്കിൽ താരത്തിന് ക്ലബ്ബ് വിടുന്നതിന് തടസങ്ങളൊന്നുമില്ല. ഐഎസ്എലിന് മുന്നോടിയായുള്ള പ്രീസീസൺ കൊൽക്കത്തയിൽ കഴിഞ്ഞയാഴ്ച എടികെ തുടങ്ങിയിരുന്നു. എന്നാൽ ജിങ്കൻ പങ്കെടുക്കുന്നില്ല. കേരള ബ്ലാസ്റ്റേഴ്സിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എത്തി, പിന്നീട് ഇന്ത്യൻ ഫുട്ബോളിന്റെ തന്നെ കുന്തമുനയായ താരമാണ് ചണ്ഡീഗഡുകാരനായ ജിങ്കന്‍.

ബ്ലാസ്റ്റഴ്സിന്റെ പ്രതിരോധം മികവാര്‍ന്ന നിലയില്‍ കാത്ത ജിങ്കന് ആരാധകരും ഏറെയായിരുന്നു. പല മത്സരങ്ങളിലും ബ്ലാസ്റ്റേഴസ് പരാജയപ്പെട്ടപ്പോള്‍ ജിങ്കന്‍ മികച്ചുനിന്നിരുന്നു. 2014-ലെ ആദ്യ സീസണിൽ തന്നെ ഇന്ത്യൻ സൂപ്പർ ലീഗ് എമർജിങ് പ്ലെയർ പുരസ്കാരം നേടിയ താരം കൂടിയായിരുന്നു ജിങ്കന്‍.

Similar Posts