കൊൽക്കത്ത ഡെർബി; സന്ദേശ് ജിങ്കൻ ടീമിൽ
|ഇന്ത്യൻ സൂപ്പർ ലീഗിൽ ആറ് വർഷം കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയാണ് ജിങ്കൻ കളിച്ചിരുന്നത്
പനാജി: ഇടവേളയ്ക്ക് ശേഷം ഐഎസ്എല്ലിൽ വീണ്ടും പന്തു തട്ടാൻ ഇന്ത്യൻ പ്രതിരോധ താരം സന്ദേശ് ജിങ്കൻ. ശനിയാഴ്ച ഈസ്റ്റ് ബംഗാളിനെതിരെയുള്ള എടികെ മോഹൻ ബഗാൻ ടീമിൽ താരം ഇടംപിടിച്ചു. സബ്സ്റ്റിറ്റ്യൂട്ട് ആയാണ് ജിങ്കൻ ടീമിലുള്ളത്. കഴിഞ്ഞ സീസണിൽ എടികെയുടെ പ്രതിരോധത്തിൽ സ്ഥിര സാന്നിധ്യമായിരുന്ന ജിങ്കൻ ക്രൊയേഷ്യൻ ടോപ്പ് ഡിവിഷൻ ക്ലബ്ബായ എച്ച്എൻകെ സിബെനിക്കിലേക്കാണ് ചേക്കേറിയിരുന്നത്.
എന്നാൽ പരിക്കിനെ തുടർന്ന് താരത്തിന് കളിക്കാനായിരുന്നില്ല. ആഗസ്ത് 18 നാണ് ക്രൊയേഷ്യൻ ഫുട്‌ബോൾ ലീഗിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ എച്ച്.എൻ.കെ സിബനെക്കുമായി ചണ്ഡീഗഡുകാരൻ കരാർ ഒപ്പിട്ടത്. പരുക്ക് ഏറെക്കുറെ മാറി ഒക്ടോബർ മാസം ടീം സ്‌ക്വാഡിൽ ഉൾപ്പെട്ടിരുന്നെങ്കിലും വീണ്ടും പരിക്ക് വില്ലനാവുകയായിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിൽ ആറ് വർഷം കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയാണ് ജിങ്കൻ കളിച്ചിരുന്നത്. രണ്ട് തവണ ടീമിനൊപ്പം റണ്ണേഴ്‌സ് അപ്പ് നേട്ടം സ്വന്തമാക്കി. കഴിഞ്ഞ വർഷമാണ് എടികെ മോഹൻ ബഗാനിലേക്ക് കൂടുമാറിയത്.
അതിനിടെ, റോയ് കൃഷ്ണയെ ബഞ്ചിലിരുത്തിയാണ് കോച്ച് യുവാൻ ഫെറാണ്ടോ ഇന്ന് ടീമിനെ വിന്യസിച്ചിട്ടുള്ളത്. ഡേവിഡ് വില്യംസും മൻവീർ സിങ്ങും ഹൂഗോ ബൗമസുമാണ് മുന്നേറ്റ നിരയിലുള്ളത്. പുതിയ കോച്ച് മരിയോ റിവെറയ്ക്ക് കീഴിലാണ് ഈസ്റ്റ് ബംഗാളിറങ്ങുന്നത്.