സഞ്ജു സാംസൺ കേരള ബ്ലാസ്‌റ്റേഴ്‌സ് ബ്രാൻഡ് അംബാസിഡർ
|സഞ്ജു മഞ്ഞ ജേഴ്‌സിയണിഞ്ഞ് നിൽക്കുന്ന ഫോട്ടോയും ക്ലബ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു
കൊച്ചി: മലയാളിയായ ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസൺ കേരള ബ്ലാസ്‌റ്റേഴ്‌സ് ബ്രാൻഡ് അംബാസിഡർ. സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക അക്കൗണ്ടികളിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്. 'ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം സഞ്ജു' എന്ന കുറിപ്പോടെ സഞ്ജു മഞ്ഞ ജേഴ്‌സിയണിഞ്ഞ് നിൽക്കുന്ന ഫോട്ടോയും ക്ലബ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
'മഞ്ഞപ്പട, നമ്മുടെ ബ്രാൻഡ് അംബാസിഡറായെത്തുന്ന സഞ്ജു സാംസന് ഹാർദമായി സ്വാഗതമോതാം' ഇംഗ്ലീഷിലുള്ള കുറിപ്പിൽ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ ആരാധകരുള്ള സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ബാറ്ററാണ്. നിലവിൽ പരിക്ക് മൂലം ടീമിന് പുറത്താണ്. ഐ.പി.എല്ലിൽ സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസിനും നിരവധി ആരാധകരുണ്ട്. ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പരയിലാണ് സഞ്ജുവിന് കാൽമുട്ടിന് പരിക്കേറ്റത്. ഇതോടെ ചികിത്സയിലായിരുന്ന താരം ഇപ്പോൾ ഫിറ്റ്നസ് ടെസ്റ്റിൽ വിജയിച്ചിട്ടുണ്ട്. ഇതോടെ മാർച്ചിൽ ആസ്ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ജനുവരി മൂന്നിന് ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ക്യാച്ചെടുക്കുന്നതിനിടെയാണ് സഞ്ജുവിന്റെ കാൽമുട്ടിന് പരിക്കേറ്റത്. പരമ്പരയിലെ ബാക്കിയുള്ള രണ്ടു ട്വന്റി 20 മത്സരങ്ങളിലും ഏകദിന പരമ്പരയിലും താരത്തിന് കളിക്കാനായില്ല. പരിക്ക് കാരണം ന്യൂസിലൻഡിനെതിരായ പരമ്പരയിലും താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല.
എൻ.സി.എയിൽ ഫിസിയോ തെറാപ്പിയും വ്യായാമങ്ങളുമായി മൂന്നാഴ്ചത്തെ വിശ്രമത്തിനു ശേഷമാണ് ഇപ്പോൾ ഫിറ്റ്നസ് ടെസ്റ്റ് പാസ്സായത്. ഇന്ത്യയിലെത്തുന്ന ഓസീസ് നാലു ടെസ്റ്റുകളും മൂന്നു ഏകദിനങ്ങളുമാണ് കളിക്കുന്നത്. ടെസ്റ്റ് മത്സരങ്ങൾ ഫെബ്രുവരി 9 നാണ് ആരംഭിക്കുന്നത്. ഏകദിന മത്സരങ്ങൾ മാർച്ച് 17 നും.
ഐ.എസ്.എല്ലിൽ 43 പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനത്ത്
അതേസമയം, ഐ.എസ്.എല്ലിൽ 43 പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 36 പോയിന്റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാളിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ തോറ്റെങ്കിലും പട്ടികയിൽ മൂന്നാം സ്ഥാനത്ത് കേരളാ ബ്ലാസ്റ്റേഴ്‌സുണ്ട്. 16 മത്സരങ്ങളിൽനിന്ന് ഒൻപത് ജയവും ഒരു സമനിലയും ആറ് തോൽവിയുമായി 28 പോയിന്റാണ് മഞ്ഞപ്പടയ്ക്കുള്ളത്. 15 മത്സരങ്ങളിൽനിന്ന് 27 പോയിന്റുമായി എ.ടി.കെ മോഹൻ ബഗാനും 16 മത്സരങ്ങളിൽനിന്ന് 26 പോയിന്റുമായി ഗോവയും തൊട്ടുപിന്നിലുണ്ട്. മാർച്ച് 18നാണ് ഐ.എസ്.എൽ ഫൈനൽ. മത്സരവേദി പുറത്തുവിട്ടിട്ടില്ല.
മാർച്ച് ഏഴിന് ആദ്യ പാദ സെമി ഫൈനൽ നടക്കും. 12നാണ് രണ്ടാം പാദ സെമി. മാർച്ച് മൂന്നിന് പ്ലേഓഫ് മത്സരങ്ങൾക്കു തുടക്കമാകും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള ടീം നേരിട്ട് സെമി ഫൈനൽ യോഗ്യത നേടും. മൂന്നുമുതൽ ആറുവരെ സ്ഥാനങ്ങളിലുള്ള ടീമുകൾ പ്ലേഓഫിൽ ഏറ്റുമുട്ടും. ഇതിൽ മുന്നിലുള്ള രണ്ടു ടീമുകളാകും സെമിയിലെ മറ്റ് ടീമുകൾ.
കേരള ബ്ലാസ്റ്റേഴ്‌സ്(28 പോയിന്റ്), എ.ടി.കെ മോഹൻ ബഗാൻ (27), എഫ്.സി ഗോവ(26), ഒഡിഷ എഫ്.സി (23), ബംഗളൂരു എഫ്.സി (22), ചെന്നൈയിൻ എഫ്.സി (18) എന്നീ ടീമുകളാണ് അടുത്ത റൗണ്ടിലെത്താൻ മത്സരിക്കുന്നത്.
Sanju Samson Selected As brand ambassador of Kerala Blasters