Football
സർവ്വീസസിനോട് രക്ഷപ്പെട്ട് കേരളം; സന്തോഷ് ട്രോഫിയിൽ സമനില
Football

സർവ്വീസസിനോട് രക്ഷപ്പെട്ട് കേരളം; സന്തോഷ് ട്രോഫിയിൽ സമനില

Web Desk
|
1 March 2024 7:10 AM GMT

ആറു മാറ്റങ്ങളുമായാണ് അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങിയത്.

ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന് സമനില. സർവ്വീസസാണ് മുൻ ചാമ്പ്യൻമാരെ സമനിലയിൽ തളച്ചത്. ഇരുടീമുകളും ഓരോഗോൾ വീതം നേടി(1-1). ഗ്രൂപ്പ് എയിൽ എട്ട് പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള കേരളം നേരത്തെ തന്നെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. യൂപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 22ാം മിനിറ്റിൽ ഇ സജീഷ് നേടിയ ഗോളിലൂടെ കേരളമാണ് ആദ്യം മുന്നിലെത്തിയത്. അക്ബർ സിദ്ദീഖ് എടുത്ത ഷോർട്ട് കോർണറിൽ നിന്ന് അർജുൻ ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് അത്യുഗ്രൻ ഹെഡ്ഡറിലൂടെ സജീഷ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്താണ് സർവ്വീസസ് സമനില പിടിച്ചത്. പ്രതിരോധത്തിലെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. മുഹമ്മദ് ഷഫീലിന്റെ ത്രോ സ്വീകരിച്ച് ഉഷം റോബിൻസിങ് ബോക്‌സിലേക്ക് നൽകിയ ക്രോസ് തട്ടികയറ്റുന്നതിൽ കേരളത്തിന് പിഴച്ചു. ഹെഡ്ഡറിലൂടെ സമീർ മുർമു പട്ടാള സംഘത്തെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

ഗോൾ നേടിയെങ്കിലും കളിയിലുടനീളം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കേരളം പുറത്തെടുത്തത്. ബോൾ പൊസിഷനിലും മികച്ച നീക്കങ്ങൾ നടത്തുന്നതിലുമെല്ലാം പട്ടാളസംഘമായിരുന്നു മുന്നിൽ. ഫിനിഷിങിലെ പോരായ്മകളാണ് തിരിച്ചടിയായത്. രണ്ടാം പകുതിയിൽ കൂടുതൽ ഉണർവ്വോടെ കളിച്ചെങ്കിലും കേരളത്തിന് വിജയഗോൾ നേടാനായില്ല. ആറു മാറ്റങ്ങളുമായാണ് അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങിയത്.

പ്രതിരോധത്തിൽ മുഹമ്മദ് സാലി, ജി സഞ്ജു എന്നിവർക്ക് പകരം ശരത് പ്രശാന്തും ആർ സുജിത്തും ഇടംപിടിച്ചു. മധ്യനിരയിൽ ജിതിന് പകരം വി അർജുനും മുന്നേറ്റത്തിൽ മുഹമ്മദ് ആഷികിന് പകരം ഇ സജീഷുമെത്തി. ഗോൾകീപ്പർ മുഹമ്മദ് അസ്ഹറിന് പകരം മുഹമ്മദ് നിഷാദും ആദ്യ ഇലവിനിൽ സ്ഥാനമുറപ്പിച്ചു. നേരത്തെതന്നെ കേരളവും സർവ്വീസസും ക്വാർട്ടർ ഉറപ്പിച്ചിരുന്നു. അഞ്ച് കളിയിൽ പത്തുപോയന്റുള്ള സർവ്വീസസ് ഒന്നാമതാണ്. എട്ട് പോയന്റുമായി കേരളം മൂന്നാമതും.

Similar Posts