സന്തോഷ് ട്രോഫി; മണിപ്പൂരിനെ അട്ടിമറിച്ച് ഒഡീഷ
|എതിരില്ലാത്ത ഒരു ഗോളിനാണ് ഒഡീഷയുടെ വിജയം
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മണിപ്പൂരിനെ അട്ടിമറിച്ച് ഒഡീഷ. എതിരില്ലാത്ത ഒരു ഗോളിനാണ് ഒഡീഷ മണിപ്പൂരിനെ പരാജയപ്പെടുത്തിയത്. കാര്‍ത്തിക് ഹന്‍തലാണ് ഒഡീഷക്കായി ഗോള്‍ നേടിയത്. ഇതോടെ ഒരു സമനിലയും ഒരു ജയവുമായി നാല് പോയിന്‍റോടെ ഒഡീഷ ഒന്നാം സ്ഥാനത്തെത്തി. ഒരു ജയം സ്വന്തമാക്കി മൂന്ന് പോയിന്റുമായി മണിപ്പൂര്‍ ഗ്രൂപ്പില്‍ രണ്ടാമതാണ്. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസ് മൂന്നാമതാണ്.
ആദ്യ മത്സരത്തില്‍ കര്‍ണാടകയ്‌ക്കെതിരെ ഇറങ്ങിയ ആദ്യ ഇലവനില്‍ പ്രധാന രണ്ട് മാറ്റങ്ങളുമായി ആണ് ഒഡീഷ മണിപ്പൂരിനെതിരെ ഇറങ്ങിയത്. മുന്‍ മുംബൈ സിറ്റി താരം രാകേഷ് ഓറം സസ്‌പെന്‍ഷന് ശേഷം ഒഡീഷയുടെ ആദ്യ ഇലവനില്‍ തിരിച്ചെത്തി. മത്സരത്തിന്‍റെ തുടക്കം മുതല്‍ തന്നെ ഒഡീഷയുടെ ആക്രമണമാണ് കണ്ടത്. 12ാം മിനിറ്റിൽ ഒഡീഷക്ക് ആദ്യ അവസരം ലഭിച്ചു. മധ്യനിരയില്‍ നിന്ന് നീട്ടിനല്‍ക്കിയ പന്ത് മണിപ്പൂര്‍ കീപ്പര്‍ ക്ലിയര്‍ ചെയ്യവേ വരുത്തിയ പിഴവില്‍ കാര്‍ത്തിക് ഹന്‍തലിന് ലഭിച്ചു. ഗോള്‍ കീപ്പറില്ലാത്ത പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല.
18 ാം മിനുട്ടില്‍ ഇടതു വിങ്ങില്‍ നിന്ന് ഒഡീഷന്‍ മധ്യനിരതാരം ഫരീദ് എസ്.കെ. വലതു ഭാഗത്തേക്ക് കട്ട് ചെയ്ത് ബോക്‌സിലേക്ക് നല്‍ക്കിയ പാസ് ഒഡീഷ താരങ്ങള്‍ക്ക് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. 37 ാം മിനുട്ടിലാണ് ഒഡീഷ ലീഡെടുത്തത്. മധ്യനിരയില്‍ നിന്ന് മണിപ്പൂരിന്‍റെ ഗോള്‍വല ലക്ഷ്യമാക്കി കുതിച്ച കാര്‍ത്തിക് ഹന്‍തല്‍ മണിപ്പൂര്‍ പ്രതിരോധ താരങ്ങളെ മറികടന്ന് മനോഹരമായൊരു സോളോ ഗോളാണ് നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മണിപ്പൂരിന് അവസരം ലഭിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത് ബഡീപര്‍ മെയോണ്‍ ഗോളാക്കി മാറ്റിയെങ്കില്‍ ഓഫ്‌സൈഡ് വിളിച്ചു. 52 ാം മിനുട്ടില്‍ ബോളുമായി കുതിച്ച ഒഡീഷ്യന്‍ താരത്തെ ബോക്‌സിന് തൊട്ടു മുമ്പില്‍ നിന്ന് ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. മത്സരത്തില്‍ ഉടനീളം ഒഡീഷ പന്ത് കൈവശം വച്ച് കളിച്ചു. 89 ാം മിനുട്ടില്‍ വലതു വിങ്ങില്‍ നിന്ന് ഒഡീഷ്യക്ക് ലഭിച്ച ഫ്രീകിക്ക് അദ്‌വിന്‍ തിര്‍ക്കി അതിമനോഹരമായി ഗോള്‍ പോസ്റ്റിന് തൊട്ടുമുന്നിലായി നല്‍ക്കി. അര്‍പന്‍ ലാക്‌റ ഹെഡറിന് ശ്രമിച്ചെങ്കിലും ബാറില്‍ തട്ടി പുറത്തേക്ക് പോയി. ഇരുടീമുകള്‍ക്കും രണ്ടാം പകുതിയില്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല.