ആവേശം വാനോളം; കലാശപ്പോരില്‍ കണ്ണും നട്ട് കേരളം
|സന്തോഷ് ട്രോഫി ആദ്യ സെമിയില്‍ ഇന്ന് കേരളവും കര്‍ണാടകയും നേര്‍ക്കുനേര്‍
സന്തോഷ് ട്രോഫി ആദ്യ സെമി പോരാട്ടത്തില്‍ കേരളം ഇന്ന് കർണാടകയുമായി കൊമ്പുകോര്‍ക്കും. രാത്രി എട്ടരയ്ക്ക് മഞ്ചേരി പയ്യനാട് സറ്റേഡിയത്തിലാണ് മത്സരം. അവസാനവട്ട പരിശീലനവും പൂർത്തിയാക്കി ഇരു സംഘങ്ങളും തയ്യാറായി കഴിഞ്ഞു. കലാശപ്പോരിലേക്ക് പേരെഴുതിച്ചേർക്കാനുള്ള അയൽക്കാരുടെ പോരാട്ടത്തിൽ തീപാറുമെന്ന് ഉറപ്പാണ്.
ഒരേ ആശാന്‍റെ കീഴിലാണ് കേരളത്തിന്‍റേയും കർണാടകയുടെയും പരിശീലകർ കളിപഠിച്ചത്. അതിനാൽ തന്നെ അപ്രതീക്ഷിതമായ തന്ത്രങ്ങൾ ഒരുക്കിയാകും ഇരുവരും എത്തുക. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോളടിച്ച് ടീമാണ് കേരളം. ഗോൾ വഴങ്ങുന്നതിലും ടീം പിശുക്ക് കാട്ടി. മധ്യനിരയാണ് ടീമിന്‍റെ ഏറ്റവും വലിയ കരുത്ത്.
ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെയാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. മൂന്ന് ജയവും ഒരു സമനിലയുമാണ് ടീമിന്‍റെ സമ്പാദ്യം. മേഘാലയയാണ് കേരളത്തെ സമനിലയില്‍ കുരുക്കിയത്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് രാജസ്ഥാനെയും രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കരുത്തരായ ബംഗാളിനെയും അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പഞ്ചാബിനെയും തോല്‍പ്പിച്ചാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. ക്യാപ്റ്റന്‍ ജിജോ ജോസഫാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍. നാല് മത്സരങ്ങളില്‍ നിന്നായി ഒരു ഹാട്രിക്ക് അടക്കം അഞ്ച് ഗോളാണ് ജിജോ ജോസഫ് നേടിയത്. നാല് മത്സരങ്ങളില്‍ നിന്ന് മേഘാലയക്കെതിരെ രണ്ടും പഞ്ചാബിനെതിരെ മൂന്നും ഗോളുകള്‍ ടീം വഴങ്ങിയത്.
അപ്രതീക്ഷിതമായി കിട്ടിയ അവസരം മുതലെടുത്താണ് കർണാടക സെമിടിക്കറ്റെടുത്തത്. രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ഏഴ് പോയിന്‍റ് സ്വന്തമാക്കിയ കര്‍ണാടകയുടെ സെമി പ്രവേശം ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലായിരുന്നു. സ്ട്രൈക്കർ സുധീർ കോട്ടിക്കലയാണ് ടീമിന്‍റെ തുറുപ്പ് ചീട്ട്.. എളുപ്പത്തിൽ ഗോൾ വഴങ്ങുന്ന പ്രതിരോധ നിരയാണ് ടീമിന്‍റെ ദൗർബല്യം. കേരളത്തിന്‍റെ മധ്യനിര ഇവർക്ക് കടുത്ത പരീക്ഷണമാകും നൽകുക..