സന്തോഷ് ട്രോഫിയിൽ രാജസ്ഥാനെ അഞ്ചിൽ മുക്കി കേരളം
|കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രാജസ്ഥാന് ആദ്യ പകുതിയില്‍ ഗോളൊന്നും കണ്ടെത്താനായില്ല
കോഴിക്കോട്: സന്തോഷ് ട്രോഫിയിൽ സ്വന്തം മണ്ണിൽ രാജസ്ഥാനെ ഗോളിൽ മുക്കി കേരളം. കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതി പിന്നിടുമ്പോൾ അഞ്ചു ഗോളുമായാണ് ആതിഥേയർ രാജസ്ഥാനെ നിഷ്പ്രഭമാക്കിയത്. സന്ദർശകർക്ക് മറുപടി ഗോളൊന്നും കണ്ടെത്താനായിട്ടില്ല.
കേരളത്തിനു വേണ്ടി എം. വിഘ്‌നേഷും നരേഷ് ഭാഗ്യനാഥനും ഇരട്ടഗോൾ നേടി. എൻ. ഗിൽബർട്ട് ആണ് മറ്റൊരു ഗോൾ നേടിയത്. തുടക്കം മുതൽ തന്നെ എതിരാളികളുടെ ബോക്‌സിൽ ആക്രമിക്കുകളിക്കുകയായിരുന്നു കേരളം. 22 മിനിറ്റ് പിന്നിടുമ്പോഴേക്കും കേരളം ആദ്യ നാല് ഗോൾ കണ്ടെത്തി. 35-ാം മിനിറ്റിൽ രാജസ്ഥാനെ അപ്രസക്തരാക്കി കേരളത്തിന്റെ അഞ്ചാം ഗോളും പിറന്നു.
ആറാം മിനിറ്റിൽ തന്നെ ഗിൽബർട്ട് ആണ് കേരളത്തിനായി ആദ്യത്തെ ഗോൾ കണ്ടെത്തിയത്. രാജസ്ഥാൻ പ്രതിരോധനിരയ്ക്കിടയിലൂടെ ലഭിച്ച പാസ് ഗിൽബർട്ട് അനായാസം വലയിലെത്തിച്ചു. 12-ം മിനിറ്റിൽ രാജസ്ഥാൻ ഗോൾകീപ്പറുടെ പിഴവ് മുതലെടുത്തായിരുന്നു രണ്ടാം ഗോൾ. പന്തുമായി രാജസ്ഥാൻ ബോക്‌സിലേക്ക് കുതിച്ചെത്തിയ വിഘ്‌നേഷ് സ്ഥാനംതെറ്റി നിന്ന ഗോൾകീപ്പറെ കടന്ന് പന്ത് വലയിലാക്കി.
20-ാം മിനിറ്റിൽ ഇരട്ടഗോളുമായി വീണ്ടും വിഘ്‌നേഷ്. മികച്ചൊരു ഫിനിഷിങ്ങിലൂടെ ഗോൾവല നിറച്ച താരം കേരളത്തിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. 22-ാം മിനിറ്റിൽ രാജസ്ഥാന്റെ മുറിവിൽ എരിവ് പുരട്ടി നരേഷ് ഭാഗ്യനാഥൻ. പന്തുമായി രാജസ്ഥാൻ പ്രതിരോധവും ഗോൾകീപ്പറെയും കടന്ന് നരേഷ് പന്ത് വലയിലേക്ക് തൊടുത്തു. തുടർന്ന് രാജസ്ഥാൻ പലതവണ ഗോൾ മടക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 35-ാം മിനിറ്റിൽ നരേഷ് ഇരട്ട ഗോളുമായി രാജസ്ഥാൻ 'ശവപ്പെട്ടി'യിൽ അഞ്ചാമത്തെ ആണിയുമടിച്ചു. കേരളം-5, രാജസ്ഥാൻ-0.
Summary: Santosh Trophy 2022: Kerala vs Rajasthan live updates