ഏഴഴകിൽ കേരള സന്തോഷം; രാജസ്ഥാനെ തകർത്തത് എതിരില്ലാത്ത ഏഴ് ഗോളിന്
|കേരളത്തിനായി വിഘ്നേഷും നരേഷും റിസ്‌വാനും ഇരട്ടഗോൾ നേടിയപ്പോൾ നിജോ ഗിൽബർട്ടും ടീമിനായി വലകുലുക്കി.
കോഴിക്കോട്: സന്തോഷ് ട്രോഫിയിൽ സ്വന്തം മണ്ണിൽ രാജസ്ഥാനെ ഗോളിൽ മുക്കി കേരളം. കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളിനാണ് നിലവിലെ ചാമ്പ്യൻമാർ രാജസ്ഥാനെ തകർത്തത്.
കളിയുടെ തുടക്കത്തിൽ തന്നെ ആധിപത്യം പുലർത്തിയ കേരളം തുടരെ തുടരെ രാജസ്ഥാൻ പോസ്റ്റിൽ ആക്രമം അഴിച്ചുവിട്ടു. കളിയുടെ ആറാം മിനിറ്റിൽ തന്നെ വലകുലുക്കി ഗിൽബർട്ടാണ് ഗോൾമഴക്ക് തുടക്കമിട്ടത്. പന്ത്രണ്ടാം മിനിറ്റിൽ തന്നെ ചാമ്പ്യൻമാർ വീണ്ടും ലക്ഷ്യം കണ്ടു. വിഘ്‌നേഷിന്റെ വകയായിരുന്നു ആ ഗോൾ. പിന്നാലെ 20-ാം മിനിറ്റിൽ വീണ്ടും വിഘ്‌നേഷ് മാജിക്. ഇടതുവിങ്ങിലൂടെ പന്തുമായി കുതിച്ച വിഘ്‌നേഷ് രാജസ്ഥാൻ പോസ്റ്റിലേക്ക് പന്തു തൊടുത്തുവിട്ടു സ്‌കോർ 3-0
ആ ഗോളിന്റെ ആരവം അടങ്ങുന്നതിന് മുൻപേ വീണ്ടും കേരളത്തിന്റെ അറ്റാക്ക്. ഇപ്രാവിശ്യം നരേഷാണ് താരമായത്. രാജസ്ഥാൻ പ്രതിരോധകോട്ട പൊളിച്ച് നരേഷ് പന്ത് വലയിലെത്തിച്ചു. തുടർന്ന് രാജസ്ഥാൻ പലതവണ ഗോൾ മടക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 35-ാം മിനിറ്റിൽ നരേഷ് ഇരട്ട ഗോളുമായി രാജസ്ഥാൻ 'ശവപ്പെട്ടി'യിൽ അഞ്ചാമത്തെ ആണിയുമടിച്ചു. കേരളം-5, രാജസ്ഥാൻ-0.
ഇതിനിടയിൽ നിരവധി അവസരങ്ങൾ കേരളം സൃഷ്ടിച്ചെങ്കിലും ഗോൾ അകലെയായി ആദ്യ പകുതി അവസാനിക്കുനിക്കുമ്പോൾ കേരളം അഞ്ച് ഗോളിന്റെ ലീഡ്. രണ്ടാം പകുതിയിലും കേരളം ഗോളടിയന്ത്രം ഓഫാക്കിയില്ലയ 54-ാം മിനിറ്റിൽ ആറാം ഗോള് പിറന്നു. ഇത്തവണ റിസ്‌വാനാണ വലകുലുക്കിയത്. 81-ാം മിനിറ്റിൽ വീണ്ടും റിസ്‌വാൻ. രാസ്ഥാൻ ബോക്‌സിനുള്ളിൽ അവരുടെ പ്രതിരോധ നിരയെ നോക്കുകുത്തിയാക്കി വലകുലുക്കി. ഇതോടെ കേരളം തങ്ങളുടെ കോട്ട പൂർത്തിയാക്കി ന്തോഷ് ട്രോഫിയിലെ ഈ സീസണിലെ ആദ്യ മത്സരത്തിലെ വിജയം തങ്ങളുടെ പേരിലാക്കി. 29ന് ബീഹാറിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.