മോഹിപ്പിക്കുന്ന ശമ്പളവുമായി ലൗതാരോ മാർട്ടിനസിനെ സമീപിച്ച് സൗദി ക്ലബ്ബ്
|സൗദിയിൽ നിന്ന് ഓഫർ വന്ന കാര്യം മാർട്ടിനസും സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ ഓഫർ താരം നിരസിച്ചു
റോം: ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റർമിലാൻ നായകനും അർജന്റീനിയൻ സൂപ്പർതാരവുമായ ലൗതാരോ മാർട്ടിനസിനെയും സമീപിച്ച് സൗദി ക്ലബ്ബ്. താരത്തിന്റെ നിലവിലെ ഫോം വിലയിരുത്തിയാണ് സൗദി ക്ലബ്ബ് സമീപിച്ചത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 240 മില്യൺ യൂറോയാണ്( 2183 കോടി) താരത്തിനായി വാഗ്ദാനം ചെയ്തത്. സൗദിയിലെ ഏത് ക്ലബ്ബാണ് താരത്തെ സമീപിച്ചതെന്ന് വ്യക്തമല്ല.
സൗദിയിൽ നിന്ന് ഓഫർ വന്ന കാര്യം മാർട്ടിനസും സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ ഓഫർ താരം നിരസിച്ചു. 'ഇന്റർ മിലാന്റെ നായകനാണ് ഞാൻ. ഇന്റർ എന്നെ സംബന്ധിച്ചിടത്തോളം രണ്ടാം വീട് ആണ്. ആദ്യ ദിനം മുതൽ ഞാൻ ഇവിടെ സംതൃപ്തനാണ്. ഇവിടെ നിൽക്കുന്നതിൽ അഭിമാനിക്കുന്നു''- മാർട്ടിനസ് വ്യക്തമാക്കി.
നാല് വർഷത്തേക്കായിരുന്നു കരാർ വെച്ചിരുന്നത്. അതുപ്രകാരം 60 മില്യൺ യൂറോ( 545 കോടി) പ്രതിവർഷം താരത്തിന് ലഭിക്കുമായിരുന്നു. ഇന്റർ മിലാനിൽ 2026 വരെയാണ് താരത്തിന്റെ കരാർ. അതുപ്രകാരം അടുത്ത മൂന്ന് സീസൺ വരെ താരം മിലാനിലുണ്ടാകും. ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദിയിലെത്തിച്ചതിന് പിന്നാലെ പ്രമുഖരുടെ പിന്നാലെയാണ് സൗദി ക്ലബ്ബ്. മെസിയെ സ്വന്തമാക്കാനായിരുന്ന സൗദി ക്ലബ്ബ് ആദ്യം രംഗത്തുണ്ടായിരുന്നത്.
റെക്കോർഡ് തുകയാണ് അവർ മെസിക്ക് മുന്നിൽവെച്ചത്. എന്നാൽ മെസി അമേരിക്ക തെരഞ്ഞടുക്കുകയായിരുന്നു. ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പിന്നാലെയാണിപ്പോൾ സൗദി ക്ലബ്ബ് അൽഹിലാൽ. പി.എസ്.ജിയുമായി പിണങ്ങിനിൽക്കുന്ന എംബാപ്പയെ വമ്പൻ വില കൊടുത്ത് ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ അൽഹിലാൽ നടത്തുന്നുണ്ട്. എന്നാൽ താരം മനസ് തുറന്നിട്ടില്ല.
Lautaro Martínez: “I received huge bids from Saudi clubs, it’s true. But I’m very happy at Inter and in Milano, no chance and no reason to change”. 🚨⛔️🇸🇦🇦🇷
— Fabrizio Romano (@FabrizioRomano) July 26, 2023
“I’m the captain here, Inter is my second home. I feel loved here since day one. I’m proud to be here”, told Gazzetta. pic.twitter.com/4WOzJgvzI6