Football
സെനഗലിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, മാനെയുടേയും
Football

സെനഗലിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, മാനെയുടേയും

Sports Desk
|
8 Feb 2022 11:55 AM GMT

കലാശപ്പോരിൽ ഒരു വേള തങ്ങളുടെ പ്രിയപ്പെട്ട നായകൻ ടീമിന്റെ ദുരന്തനായകനാവുമോ എന്ന് ആരാധകർ കരുതിയേടത്ത് നിന്ന് മാനെ വീണ്ടും സെനഗലിന്റെ വീരനായകനായി

ആഫ്രിക്കൻ നാഷൻസ് കപ്പിന്‍റെ കലാശപ്പോരില്‍ ഇക്കുറി പിറന്നത് ചരിത്രം. നാഷൻസ് കപ്പിന്റെ ചരിത്രത്തിലാദ്യമായി കിരീടത്തിൽ സെനഗലിന്റെ സുവർണചുംബനം വീണു. കഴിഞ്ഞ വർഷം കപ്പിനും ചുണ്ടിനുമിടയിൽ വച്ച് നഷ്ടമായ കിരീടമാണ് സെനഗൽ ഇക്കുറി കൈപ്പിടിയിലാക്കിയത്. ലോക ഫുട്‌ബോളിലെ രണ്ട് മികച്ച താരങ്ങൾ നേർക്കു നേർ ഏറ്റുമുട്ടുന്നു എന്നതായിരുന്നു കലാശപ്പോരിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മാനെ- സലാഹ് പോരാട്ടം എന്ന പേരിലാണ് ലോകമാധ്യമങ്ങൾ കലാശപ്പോരിനെ വാർത്തയാക്കിയതും.

ആഫ്രിക്കൻ ഫുട്‌ബോളിലെ രണ്ട് വൻശക്തികൾ ഏറ്റുമുട്ടുന്നതിന്റെ വീറും വാശിയും കലാശപ്പോരിനുണ്ടായിരുന്നു. കളിയുടെ ആറാം മിനിറ്റിൽ തന്നെ സെനഗലിന് നിർണായകമായൊരു പെനാൽട്ടി ലഭിച്ചു. കിക്കെടുക്കാനെത്തിയത് സൂപ്പർതാരം സാദിയോ മാനെ.സാദിയോ മാനേക്ക് പിഴക്കുമെന്ന് എതിരാളികൾ പോലും ഒരുവേള കരുതിക്കാണില്ല. എന്നാൽ മാനേക്ക് പിഴച്ചു. മാനെയുടെ ഷോട്ട് അവിശ്വനീയമായാണ് ഈജിപ്ഷ്യൻ ഗോൾകീപ്പർ ഗാബേൽ തടുത്തിട്ടത്. ഇക്കുറിയും സെനഗൽ പടിക്കൽ കലമുടക്കുമെന്ന് ആരാധകർ ഒന്നടങ്കം മനസ്സിൽ പറഞ്ഞു കാണണം. തങ്ങളുടെ പ്രിയതാരം മാനെ ദുരന്തനായകാനവുകയാണോ എന്നോർത്ത് സെനഗൽ ആരാധകർ തലയിൽ കൈവച്ചു. എന്നാൽ കളിയവിടം കൊണ്ടവസാനിച്ചില്ല.

നിശ്ചിത 90 മിനിറ്റിലും അധികസമയത്തും ഇരു ടീമുകൾക്കും ഗോളൊന്നും നേടാനാവിതിരുന്നതിനെത്തുടർന്ന് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഇക്കുറി വീണ്ടും മാനെ കിക്കെടുക്കാനെത്തി. തുടക്കത്തിൽ ലഭിച്ച പെനാൽട്ടി ഗോൾവലയിലെത്തിക്കാനായിരുന്നെങ്കിൽ സെനഗൽ ഇപ്പോൾ കിരീടത്തിൽ മുത്തമിട്ടു കഴിഞ്ഞിരുന്നേനെ എന്ന് മാനെയുടെ മനസ്സ് മന്ത്രിച്ചു കാണണം. മാനെയുടെ മുഖത്ത് കുറ്റഭാരം നിഴലിച്ചിരുന്നു. പക്ഷെ ഇക്കുറി കിക്കൈടുക്കാനെത്തിയ മാനെ ഈജിപ്ഷ്യൻ ഗോളി ഗാബേലിന്റെ മുഖത്തേക്ക് പോലും നോക്കിയില്ല. മുഖമൊരു തവണ ആകാശത്തേക്കുയർത്തിയതിന് ശേഷം മാനെ കിക്കെടുത്തു. ഇക്കുറി മാനെക്ക് പിഴച്ചില്ല. പന്ത് ഗാബേലിനെയും മറികടന്ന് വലതുളച്ചു. ഈജിപ്തിന്റെ ലഷീനെടുത്ത കിക്ക് സേവ് ചെയ്ത് മെൻഡി കളിയുടെ വിധി മാനെയുടെ കാൽക്കൽ വച്ചു.

ഫുട്ബാളിൽ താൻ നേടിയതെല്ലാം ആഫ്രിക്കൻ നാഷൻസ് കപ്പിന് പകരമായി നൽകുമെന്ന് പ്രഖ്യാപിച്ചാണ് സാദിയോ മാനെ ഇക്കുറി ടൂർണമെന്റിനെത്തിയത്. എന്നാൽ കലാശപ്പോരിൽ ഒരു വേള തങ്ങളുടെ പ്രിയപ്പെട്ട നായകൻ ടീമിന്റെ ദുരന്തനായകനാവുമോ എന്ന് ആരാധകർ കരുതിയേടത്ത് നിന്ന് മാനെ വീണ്ടും സെനഗലിന്റെ വീരനായകനായി.

Similar Posts