Football
Senegal National Footballer Sadio Mane Marries lover Aisha Tamba
Football

പുതുമാരനായി മാനെ; ജീവിതയാത്രയിൽ കൈപിടിച്ച് പ്രണയിനി

Web Desk
|
8 Jan 2024 4:39 PM GMT

സെന​ഗലിലെ ഫുട്ബോൾ കളിക്കാർക്കായി വാഗ്ദാനം ചെയ്‌ത ബംബാലിയിലെ സ്റ്റേഡിയം നിർമിച്ച് കൈമാറിയ ശേഷമായിരുന്നു ദീർഘകാല പ്രണയിനിയുടെ കഴുത്തിൽ 31കാരനായ താരം മിന്ന് ചാർത്തിയത്.

സെന​ഗൽ സൂപ്പർ താരം സാദിയോ മാനെ വിവാഹിതനായി. ദീർഘകാല പ്രണയിനി ഐഷ താംബയാണ് വധു. സെനഗലിലെ ധാക്കറിലെ കെയുർ മസാറിലായിരുന്നു സൗദി ക്ലബ്ബായ അൽ നസ്‌ർ വിം​ഗർ കൂടിയായ മാനെയുടെ വിവാഹ ചടങ്ങ്.

സെന​ഗലിലെ ഫുട്ബോൾ കളിക്കാർക്കായി വാഗ്ദാനം ചെയ്‌ത ബംബാലിയിലെ സ്റ്റേഡിയം നിർമിച്ച് കൈമാറിയ ശേഷമായിരുന്നു ദീർഘകാല പ്രണയിനിയായ ഐഷ താംബയുടെ കഴുത്തിൽ 31കാരനായ താരം മിന്ന് ചാർത്തിയത്. ഇതോടെ സെനഗൽ ജനതയ്ക്ക് ഇരട്ട ആഘോഷമായി.

ചെറുപ്പം തൊട്ടേ ഇരുവരും പരിചയക്കാരും പിന്നീട് പ്രണയിതാക്കളുമായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ ഐഷയുടെ ബില്ലുകൾ അടച്ചിരുന്നത് മാനെയായിരുന്നു എന്ന് പൾസ് സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. രണ്ട് തവണ ആഫ്രിക്കൻ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ മാനെയുടെ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷം ഏറെ സന്തോഷത്തോടെയാണ് ആരാധകർ വരവേറ്റത്.

സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, മുൻ താരങ്ങൾ, സെനഗൽ ദേശീയ ടീമിലെ നിലവിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ വിവാഹ ചടങ്ങിൽ പങ്കെടുത്തു. മുൻ ലിവർപൂൾ താരമായ മാനെ, ഈ മാസം ആദ്യമാണ് തന്റെ ജന്മനാടായ ബംബാലിയിൽ നിർമിച്ച സ്റ്റേഡിയം നാടിനായി സർപ്പിച്ചത്.

വിവാഹദിവസം, വെള്ളയും ചാരനിറവുമുള്ള വസ്ത്രത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഐഷയുടെയും വെള്ള ഖമീസ് അണിഞ്ഞുനിൽക്കുന്ന മാനെയുടേയും ചിത്രങ്ങൾ സോഷ്യൽമീഡിയകളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

അതേസമയം, നൈജറിനെതിരായ സെനഗലിന്റെ പ്രീ-അഫ്കോൺ സൗഹൃദ മത്സരത്തിനായി മാനെ അടുത്ത ദിവസം ടീമിനൊപ്പം ചേരും. ഐവറി കോസ്റ്റിൽ നടക്കുന്ന മത്സരത്തിന് മുമ്പ് വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.

ലോകമറിയുന്ന കാൽപ്പന്ത് താരം എന്നതിലുപരി, മികച്ചൊരു മനുഷ്യസ്നേഹി കൂടിയാണ് മാനെ. 2019 ല്‍ സെനഗലില്‍ ഒരു ആശുപത്രി നിര്‍മാണത്തിനായി അഞ്ച് കോടി രൂപ നല്‍കിയ വാര്‍ത്ത പുറംലോകമറിഞ്ഞതോടെയാണ് മാനെ എന്ന മനുഷ്യ സ്‌നേഹിയെ ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. സെനഗലില്‍ ചികിത്സ കിട്ടാതെ മരിക്കുന്ന നിരവധി മനുഷ്യരുടെ കഥകള്‍ മാനെക്കറിയാമായിരുന്നു.

2019ല്‍ തന്നെയാണ് സെനഗലില്‍ ഒരു സ്‌കൂള്‍ നിര്‍മാണത്തിനായി മാനെ രണ്ടര ലക്ഷം ഡോളര്‍ നല്‍കിയത്. സെനഗലിലെ ദരിദ്ര മേഖലകളിലെ ഓരോ കുടുംബത്തിനും പ്രതിമാസം 6,000 രൂപ വീതമാണ് മാനെയുടെ ചാരിറ്റി ഫണ്ടില്‍ നിന്ന് ലഭിക്കുന്നത്. ഒപ്പം സെനഗലിലെ ഒരു ദരിദ്ര ഗ്രാമത്തെ പൂര്‍ണമായും ദത്തെടുത്തിട്ടുമുണ്ട്. കൂടാതെ സെനഗലിലെ നിരവധി ദരിദ്ര കുടുംബങ്ങളിലേക്ക് മാനെ ഭക്ഷണവും വസ്ത്രങ്ങളും എത്തിക്കുന്നുണ്ട്.

കഴിഞ്ഞ റമദാനിൽ ജന്മനഗരമായ ബംബാലിയിലെ ജനങ്ങൾക്ക് സാദിയോ മാനെ ഇഫ്താർ കിറ്റ് വിതരണം ചെയ്തിരുന്നു. രാജ്യത്തെ എല്ലാ വീടുകളിലും സന്നദ്ധ സംഘടന മുഖേനയാണ് താരം സഹായമെത്തിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് മാനെ ബയേൺ മ്യൂണിക്കിൽ നിന്ന് അല്‍ നസ്‌റിൽ എത്തിയത്.



Similar Posts