സ്‍പെയിന്‍ ക്യാപ്റ്റന്‍ ബുസ്ക്വെറ്റ്സിന് കോവിഡ്; പരിശീലന മത്സരത്തിൽ അണ്ടർ-21 ടീമിനെ ഇറക്കും
|ജൂൺ 14ന് സ്വീഡനെതിരെയാണ് സ്പെയിനിന്റെ ആദ്യ മത്സരം.
യൂറോ കപ്പിന് തുടക്കമാകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സ്പെയിനിന് തിരിച്ചടിയായി ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സിന് കോവിഡ് സ്ഥിരീകരിച്ചു. യൂറോ കപ്പിലെ ആദ്യ മത്സരത്തിന്റെ കിക്കോഫിന് അഞ്ച് ദിവസം ശേഷിക്കെയാണ് സ്പാനിഷ് ടീം നായകന് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ബുസ്ക്വെറ്റ്സ് ഇനി 10 ദിവസം ഐസലേഷനിൽ കഴിയണം. ഇതോടെ താരത്തിന്റെ യൂറോ കപ്പിലെ പങ്കാളിത്തവും സംശയ നിഴലിലായി. ടീമിലെ മറ്റു താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ബുസ്ക്വെറ്റ്സുമായി സമ്പർക്കമുള്ളതിനാൽ അവരും ഐസലേഷനിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം പോർചുഗലിനെതിരായ മത്സരത്തിലും ബുസ്‌കറ്റ്‌സ് കളിച്ചിരുന്നു. നിലവിൽ സ്പെയിൻ ടീം മുഴുവൻ ക്വറന്റൈനിലാണ്. ഇതോടെ പരിശീലന മത്സരത്തിൽ സ്പെയിൻ അണ്ടർ 21 ടീം ആവും ലിത്വാനിയയെ നേരിടുക. ജൂൺ 14ന് സ്വീഡനെതിരെയാണ് സ്പെയിനിന്റെ ആദ്യ മത്സരം. 19–ാം തീയതി പോളണ്ടിനെതിരെയും 23ന് സ്ലോവാക്യയ്‌ക്കെതിരെയും മത്സരമുണ്ട്.