Football
ManchesterUnitedsale, SheikhJassimbinHamadtobuyManchesterUnited, RatcliffetobuyManchesterUnited
Football

ഖത്തർ അമീറിന്റെ സഹോദരനും ബ്രിട്ടീഷ് ശതകോടീശ്വരനും നേര്‍ക്കുനേര്‍; യുനൈറ്റഡിനെ ആര് കീശയിലാക്കും?

Web Desk
|
5 March 2023 10:04 AM GMT

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദിന്റെ സഹോദരന്‍ ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനിയും ബ്രിട്ടീഷ് ശതകോടീശ്വരന്‍ സര്‍ ജിം റാറ്റ്ക്ലിഫുമാണ് ക്ലബ് സ്വന്തമാക്കാനായി മത്സരരംഗത്തുള്ളത്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ വിൽപന അന്തിമഘട്ടത്തിലേക്കെന്ന് റിപ്പോർട്ട്. ഇലോൺ മസ്‌ക് അടക്കം നേരത്തെ താൽപര്യം അറിയിച്ചിരുന്നെങ്കിലും ക്ലബ് സ്വ ന്തമാക്കാനുള്ള പോരാട്ടം രണ്ടുപേരിലേക്ക് ചുരുങ്ങുകയാണെന്നാണ് 'സ്‌കൈ സ്‌പോർട്‌സ്' റിപ്പോർട്ട് ചെയ്തത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദിന്റെ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനിയാണ് ഒരാൾ. മറ്റൊരാൾ ബ്രിട്ടീഷ് ശതകോടീശ്വരൻ സർ ജിം റാറ്റ്ക്ലിഫാണ്.

ക്ലബ് വിൽപനാ നടപടിക്രമങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് രണ്ടുപേരും കടന്നതായി സ്‌കൈ സ്‌പോർട്‌സ് റിപ്പോർട്ട് ചെയ്തു. വിൽപനയുടെ മേൽനോട്ടം വഹിക്കുന്ന യു.എസ് ബാങ്കായ റെയ്ൻ ഗ്രൂപ്പുമായി ഇരുവരും ഉടൻ തന്നെ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം ക്ലബിന്റെ വിശദമായ സാമ്പത്തിക വിവരങ്ങൾ രണ്ടുപേർക്കും കൈമാറുമെന്നാണ് അറിയുന്നത്.

അതേസമയം, ക്ലബ് ഉടമകളായ ഗ്ലേസർ കുടുംബം ആവശ്യപ്പെടുന്ന തുക നൽകാൻ രണ്ടുപേരും തയാറായിട്ടില്ല. ആറ് ബില്യൻ പൗണ്ട് (ഏകദേശം 59,000 കോടി രൂപ) ലഭിച്ചാലേ ക്ലബ് വിൽക്കുന്നുള്ളൂവെന്നാണ് ഗ്ലേസർ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുള്ളത്. യു.എസ് നിക്ഷേപക കമ്പനിയായ എലിയട്ട് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് നിക്ഷേപം സ്വന്തമാക്കാൻ താൽപര്യം അറിയിച്ച് രംഗത്തുണ്ട്. വിൽപന യാഥാർത്ഥ്യമായില്ലെങ്കിൽ എലിയട്ടിന് നിക്ഷേപം ലഭിക്കാനാണ് സാധ്യത.

ക്ലബ് സ്വന്തമാക്കുമെന്ന് ഉറച്ചാണ് ശൈഖ് ജാസിം. ക്ലബിനും യുനൈറ്റഡ് ആരാധകർക്കും ഏറ്റവും മികച്ച തങ്ങൾ ഏറ്റെടുക്കുന്നതാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. യുനൈറ്റഡിനെ സ്വന്തമാക്കുമെന്നു തന്നെ അദ്ദേഹം ഉറപ്പിച്ചുപറയുന്നു.

എന്നാൽ, വിട്ടുനൽകാനില്ലെന്ന നിലപാടിലാണ് റാറ്റ്ക്ലിഫ്. ലോകത്തെ ഏറ്റവും വലിയ രാസകമ്പനികളിലൊന്നായ 'ഇനിയോസി'ന്റെ ഉടമയാണ് അദ്ദേഹം. താൻ ഏറ്റെടുത്താൽ ആരാധകരെ കേന്ദ്രീകരിച്ചുള്ള, പുരോഗമനമുഖമുള്ള ക്ലബാക്കി യുനൈറ്റഡിനെ മാറ്റുമെന്നാണ് സർ ജിം റാറ്റ്ക്ലിഫ് അവകാശപ്പെടുന്നത്.

കഴിഞ്ഞ നവംബറിലാണ് ഗ്ലേസർ കുടുംബം യുനൈറ്റഡിലേക്ക് നിക്ഷേപകരെ ക്ഷണിച്ചത്. വൻ ഓഫർ ലഭിക്കുകയാണെങ്കിൽ വിൽപനയ്ക്കും ഒരുക്കമാണെന്നാണ് അറിയിച്ചിരുന്നു. ഫെബ്രുവരി 17 ആയിരുന്നു ഗ്ലേസർ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്ന കാലാവധി. ഇത് തീർന്ന ശേഷവും വിൽപനാ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്.

4.5 ബില്യൻ പൗണ്ട്(ഏകദേശം 45,182 കോടി രൂപ) മസ്‌ക് വാഗ്ദാനം ചെയ്തിരുന്നതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. അമേരിക്കയിൽനിന്നും സൗദി അറേബ്യയിൽനിന്നുമുള്ള ഒരുകൂട്ടം വ്യവസായികളും ക്ലബ് വാങ്ങാൻ താൽപര്യം അറിയിച്ച് രംഗത്തുണ്ടായിരുന്നു.

Summary: Sheikh Jassim bin Hamad Al Thani, brother of Qatar Emir Tamim bin Hamad Al Thani and former Prime Minister, and Sir Jim Ratcliffe , British billionaire and owner of INEOS, bids through to next stage in Manchester United takeover: and they will meet with the Raine Group, the bank overseeing the sale for the Glazer family

Similar Posts