കൊടുങ്കാറ്റായി സ്പാനിഷ് പട; കോസ്റ്ററീക്കയെ തകർത്തത് എതിരില്ലാത്ത ഏഴ് ഗോളുകൾക്ക്
|ലോകകപ്പിന്റെ ചരിത്രത്തിൽ സ്പെയിനിന്റെ ഏറ്റവും വലിയ വിജയം കൂടിയാണിത്
അൽതുമാമ സ്റ്റേഡിയത്തിൽ ഗോൾ മഴ പെയ്യിച്ച് തങ്ങളുടെ രാജകീയ വരവറീച്ച് സ്പെയിൻ. കോസ്റ്ററീക്കയെ ഗോളിൽ മുക്കിയാണ് സ്പാനിഷ് പട തങ്ങളുടെ ആദ്യ മത്സരം അവസാനിപ്പിച്ചത്. എതിരില്ലാത്ത ഏഴ് ഗോളുകളാണ് എതിർടീമിന്റെ വല തുളച്ചുകയറിയത്. ലോകകപ്പിന്റെ ചരിത്രത്തിൽ സ്പെയിനിന്റെ ഏറ്റവും വലിയ വിജയം കൂടിയാണിത്
അല്‍ തുമാമ സ്റ്റേഡിയത്തില്‍ 90 മിനിറ്റും സ്പെയ്ന്‍ മാത്രമായിരുന്നു. ആ പാസിങ് മാജിക്കില്‍ കോസ്റ്ററീക്ക താരങ്ങള്‍ മൈതാനത്ത് പന്ത് കിട്ടാതെ അലഞ്ഞു. സ്പാനിഷ് നിരയിലെ ആറു പേർ ചേർന്നാണ് ഏഴു ഗോളടിച്ചത്. ഫെറാൻ ടോറസിന്റെ ഇരട്ടഗോളും (31-പെനൽറ്റി, 54), ഡാനി ഓൽമോ (11), മാർക്കോ അസെൻസിയോ (21), ഗാവി (74), കാർലോസ് സോളർ (90), അൽവാരോ മൊറാട്ട (90+2) എന്നിവരുടെ ഗോളുകളുമാണ് സ്പാനിഷ് പടയ്ക്ക് കൂറ്റൻ വിജയമൊരുക്കിയത്. ഇതോടെ, ഗ്രൂപ്പ് ഇയിൽ മൂന്നു പോയിന്റുമായി സ്പെയിൻ ഒന്നാം സ്ഥാനത്തേക്ക് കയറി. ജർമനിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപ്പിച്ച ജപ്പാനാണ് രണ്ടാമത്.
31 മിനിറ്റിനിടെ മൂന്നു ഗോളടിച്ച് സ്പെയിൻ ആധിപത്യമുറപ്പിച്ചിരുന്നു. പതിവുപോലെ മത്സരത്തിന്റെ തുടക്കം മുതല്‍ പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ സ്പെയ്ന്‍ മികച്ച അവസരങ്ങളും ഒരുക്കി. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ 11-ാം മിനിറ്റില്‍ ഡാനി ഓല്‍മോയാണ് സ്പെയ്നിനെ മുന്നിലെത്തിച്ചത്. കോസ്റ്ററിക്കൻ ബോക്സിലേക്ക് നടത്തിയ തുടർ ആക്രമണങ്ങളുടെ തുടർച്ചയായിരുന്നു സ്പെയിനിന്റെ ആദ്യ ഗോൾ. 11-ാം മിനിറ്റിനുള്ളിൽ സ്പെയ്ൻ ലീഡ് വർധിപ്പിച്ചു. ഇക്കുറി ലക്ഷ്യം കണ്ടത് മാർക്കോ അസെൻസിയോ. ബോക്സിനു വെളിയിൽ ഇടതുവിങ്ങിൽനിന്നും ജോർഡി ആൽബ പന്ത് ഉയർത്തി വിട്ടു. പന്ത് കാൽചുവട്ടിലാക്കിയ അസെൻസിയോ നിഷ്പ്രയാസം അത് വലയിലാക്കി. 31-ാം മിനിറ്റ് ലീഡ് മൂന്നാക്കി ഉയർത്താനുള്ള ജോലി ഫറൻ ടോറസിനായിരുന്നു. ലഭിച്ച പെനാൽറ്റി പേടി കൂടാതെ വലയിലെത്തിച്ചു.
ആദ്യപകുതിയോടെ ഗോൾ മെഷീൻ ഓഫാക്കിയെന്ന് കരുതിയവർക്ക് തെറ്റി രണ്ടാം പകുതിയിലും സ്പാനിഷ് പട ഗോൾവേട്ട തുടർന്നു. നാലാം ഗോൾ 54ാം മിനിറ്റിൽ സംഭവിച്ചു. പന്തുമായി കോസ്റ്ററിക്കൻ ബോക്സിലേക്ക് ഫെറാൻ ടോറസ് ഓടിക്കയറുമ്പോൾ തടയാൻ കോസ്റ്ററീക്കൻ ഗോൾകീപ്പർക്കുമായില്ല. ടോറസ് തൊടുത്ത ഷോട്ട് വല തുളച്ചുകയറി. അടുത്തത് ഗവിയുടെ അവസരമായിരുന്നു. അൽവാരോ മൊറാട്ടയിൽ നിന്ന് പന്ത് സ്വീകരിച്ച ഗവി അതിനെ നിഷ്പ്രയാസം വലയിലെത്തിച്ചു സ്കോർ 5- 0.
ആത്മവിശ്വാസം മുഴുവൻ ചോർന്നുപോയ കോസ്റ്ററീക്കൻ നിരയെ ആക്രമിക്കാൻ എളുപ്പമായിരുന്നു. പ്രതിരോധം മുഴുവൻ തകർന്ന് തരിപ്പണമായിരുന്നു. അവിടെയാണ് ആറാമതും വല കുലുക്കി കാർലോസ് സോളർ. വില്യംസ് ബോക്സിലേക്ക് ഉയർത്തിയ നൽകിയ ബോൾ ബോക്സിന്റെ നടുക്ക് ലഭിച്ചതോടെ പോസ്റ്റിന്റെ മൂലയിലേക്ക് സോളർ തൊടുത്തുവിട്ടു. ഇൻജറി ടൈമിലും തങ്ങളുടെ ഗോളടി യന്ത്രം സ്പാനിഷ് നിര നിർത്താൻ കൂട്ടാക്കിയില്ല. ഇത്തവണ ലക്ഷ്യം കണ്ടത് അൽവാരോ മൊറാട്ട. ഡാനി ഓൽവോയിൽനിന്ന് ലഭിച്ച പന്ത് സ്വീകരിച്ച് മൊറാട്ട തൊടുത്ത പന്ത്, കെയ്ലർ നവാസിനെ കാഴ്ചക്കാരനാക്കി വലയിലേക്ക്. സ്കോർ 7-0.
സ്പെയിൻ
ഉനൈ സൈമൺ, സീസർ അസ്പലിക്വാറ്റേ, സെർജീ ബുസ്ക്വറ്റ്സ് (ക്യാപ്റ്റൻ), ഗാവി, മാർക്കോ അസെൻസിയോ, ഫെറാൻ ടോറസ്, റോഡ്രി, ജോർദി ആൽബ, ഡാനി ഒൽമോ, ഐയ്മെറിക് ലപോർട്ടെ, പെഡ്രി.
കോച്ച് : ലൂയിസ് എൻട്രിക്
കോസ്റ്റാറിക്ക
കെയ്ലർ നവാസ് (ക്യാപ്റ്റൻ), കെയ്ഷർ ഫുള്ളർ, സെൽസോ ബോർജെസ്, ഒസ്കാർ ഡുറാറ്റെ, ആന്തണി കോൺട്രെറാസ്, ബ്രയാൻ ഒവീഡിയോ, ജെവ്സൺ ബെന്നറ്റ്, ജോയൽ കാംപെൽ, ഫ്രാൻസിസ്കോ കാൽവേ, കാർലോസ് മാർട്ടിനൻസ്, യെൽസ്റ്റിൻ തെജേഡ.
കോച്ച്: ലൂയിസ് ഫെർണാണ്ടോ സുവാരസ്.