സ്‌പെയിനിൽ കളിക്കാൻ അവസരമില്ല; മൊറോക്കൻ ദേശീയ ടീമിലേക്ക് ചേക്കേറാൻ റയൽ യുവതാരം
|സ്‌പെയിൻ സ്വദേശിയാണ് താരത്തിന്റെ മാതാവ്. പിതാവിന്റെ സ്വദേശം മൊറോക്കോയും.
മാഡ്രിഡ്: റയൽ മാഡ്രിഡ് യുവതാരം ബ്രഹിം ഡയസ് മൊറോക്കോക്കായി കളത്തിലിറങ്ങും. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് താരം തീരുമാനമെടുത്തത്. ഏറെകാലം കാത്തിരുന്നിട്ടും സ്പാനിഷ് ടീമിലേക്കുള്ള വിളിയെത്താതായതോടെയാണ് 24 കാരൻ മാറി ചിന്തിച്ചത്. സമീപ കാലത്ത് മാഡ്രിഡ് നിരയിൽ അവിശ്വസിനീയ പ്രകടനമാണ് താരം പുറത്തെടുത്തത്.
2018 മുതൽ ഡയസിനെ ടീമിലെത്തിക്കാൻ മൊറോക്ക ശ്രമങ്ങൾ നടത്തിയിരുന്നു. ദക്ഷിണ സ്‌പെയ്‌നിലാണ് താരത്തിന്റെ ജനനം. സ്‌പെയിൻ സ്വദേശിയാണ് മാതാവ്. പിതാവിന്റെ സ്വദേശം മൊറോക്കോയും. സ്‌പെയിനിലാണ് വളർന്നത്. അണ്ടർ 17 യൂറോ കപ്പിൽ യൂറോപ്യൻ ടീമിനായി കളത്തിലിറങ്ങിയിരുന്നു. അണ്ടർ 19,21 ടീമിലും ഇടംപിടിച്ചു. എന്നാൽ താരസമ്പന്നമായ സ്‌പെയിൻ സീനിയർ ടീമിലേക്ക് അവസരം ലഭിച്ചിരുന്നില്ല. ഏറെകാലത്തിനുശേഷവും വിളിയെത്താതായതോടെ താരം പിതാവിന്റെ രാജ്യത്തിൽ കളിക്കാനാൻ തീരുമാനിക്കുകയായിരുന്നു
മാഞ്ചസ്റ്റർ സിറ്റിയിലൂടെ ക്ലബ് കരയിർ തുടങ്ങിയ ബ്രഹിം ഡയസ് 2019ൽ റയലിലേക്ക് ചേക്കേറുകയായിരുന്നു. നിർണായക മത്സരങ്ങളിൽ ഗോളടിച്ച് ക്ലബിന്റെ രക്ഷകനാകാനും യുവ താരത്തിനായി. യൂറോകപ്പ് അടുത്തിരിക്കെ താരത്തിന്റെ പിൻമാറ്റം സ്‌പെയിൻ മാനേജ്‌മെന്റും പ്രതീക്ഷിച്ചിരുന്നില്ല. 2022ലെ ഖത്തർ ലോകകപ്പിൽ സെമി ഫൈനൽ കളിച്ച ടീമാണ് മൊറോക്കോ. എന്നാൽ വലിയ പ്രതീക്ഷയോടെ ആഫ്രിക്കൻ നേഷൻസ് കപ്പിനെത്തിയ ടീമിന് ലോകകപ്പിലെ ഫോം തുടരാനായില്ല.