ഗോൾമഴ പെയ്യിച്ച് സ്‌പെയിൻ നോക്കൗട്ടിൽ; ലെവൻഡവ്‌സ്‌കി ഡബിൾ പോളണ്ടിനെ തുണച്ചില്ല
|സ്വീഡനോട് രണ്ട് ഗോൾ വഴങ്ങിയ ശേഷം ലെവൻഡവ്‌സ്‌കി ഡബിൾ ഗോൾ നേടി പ്രതീക്ഷ പകർന്നെങ്കിലും ഇഞ്ച്വറി ടൈമിൽ പോളണ്ട് വീണു
ആദ്യ രണ്ട് മത്സരങ്ങളിലെ ഗോൾക്ഷാമത്തിന്റെ കടം നിർണായക മത്സരത്തിൽ തീർത്ത് മുൻ ചാമ്പ്യന്മാരായ സ്‌പെയിൻ യൂറോ കപ്പ് നോക്കൗട്ട് റൗണ്ടിൽ. ജയം അനിവാര്യമായ, ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സ്ലോവാക്യയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ലൂയിസ് എൻ റിക് പരിശീലിപ്പിക്കുന്ന ടീം തകർത്തത്. ആദ്യാവസാനം വാശിയേറിയ പോരിൽ പോളണ്ടിനെ 3-2ന് തകർത്ത് സ്വീഡൻ, സ്‌പെയിൻ അടങ്ങുന്ന ഗ്രൂപ്പ് ഇയിലെ ചാമ്പ്യന്മാരായി നോക്കൗട്ടിന് യോഗ്യത നേടി.
സ്വന്തം തട്ടകമായ സെവിയ്യ സ്‌റ്റേഡിയത്തിൽ 12-ാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി അൽവാരോ മൊറാട്ട നഷ്ടപ്പെടുത്തിയപ്പോൾ സ്‌പെയിനിന് മറ്റൊരു നിരാശാദിനം കൂടിയാകുമെന്ന് തോന്നിച്ചെങ്കിലും തുടർച്ചയായ ആക്രമണങ്ങളിലൂടെ എതിർ ടീമിനെ പിഴവുകൾ വരുത്താൻ നിർബന്ധിച്ചാണ് അവർ ജയിച്ചത്. 30-ാം മിനുട്ടിൽ ക്രോസ്ബാറിൽ തട്ടിയുയർന്ന പന്ത് പുറത്തേക്കു തട്ടാനുള്ള സ്ലോവാക്യ കീപ്പർ ദുബ്രവ്‌സ്‌കയുടെ ശ്രമം സ്വന്തം വലയിൽ ഗോളായി കലാശിച്ചപ്പോഴാണ് സ്‌പെയിൻ ആദ്യം ലീഡെടുത്തത്. ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ അയ്മറിക് ലാപോർട്ട് സ്‌പെയിനിന്റെ നിർണായകമായ രണ്ടാം ഗോളും നേടി.
നോക്കൗട്ടിലേക്ക് മുന്നേറാൻ സമനില മാത്രം മതിയായിരുന്ന സ്ലോവാക്യക്ക് രണ്ടാം പകുതിയിലും ക്ലച്ച് പിടിക്കാനായില്ല. 56-ാം മിനുട്ടിൽ ഫസ്റ്റ് ടൈം ഫിനിഷിലൂടെ പാബ്ലോ സറാബിയ സ്‌പെയിനിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. 67-ാം മിനുട്ടിൽ ഫെറാൻ ടോറസ് നാലാം ഗോളും കണ്ടെത്തിയതോടെ സ്ലോവാക്യയ്ക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്നുറപ്പായി. 71-ാം മിനുട്ടിൽ സന്ദർശകരുടെ മിഡ്ഫീൽഡർ ജുറാജ് കുക്ക കൂടി സെൽഫ് ഗോളടിച്ചതോടെ ഗ്രൂപ്പ് ഘട്ടത്തിൽ ഇതുവരെയുള്ളതിൽ വെച്ചേറ്റവും വലിയ വിജയത്തോടെ സ്‌പെയിൻ പ്രീക്വാർട്ടറിലേക്ക് മുന്നേറി.
ലെവൻഡവ്‌സ്‌കി ഡബിൾ പോളണ്ടിനെ തുണച്ചില്ല
ജയം അനിവാര്യമായ മത്സരത്തിൽ സൂപ്പർ താരം റോബർട്ട് ലെവൻഡവ്‌സ്‌കി ഇരട്ട ഗോൾ നേടിയെങ്കിലും സ്വീഡനോട് ഒരു ഗോളിന് തോറ്റ് പോളണ്ട് പുറത്തായി. 2, 59 മിനുട്ടുകളിൽ എമിൽ ഫോർസ്ബർഗിലൂടെ ലീഡ് നേടിയ മഞ്ഞപ്പടക്കെതിരെ 61, 84 മിനുട്ടുകളിൽ ലെവൻഡവ്‌സ്‌കി ഗോളടിച്ചതോടെ കളി അത്യന്തം ആവേശകരമായി. ജീവന്റെ വിലയുള്ള വിജയഗോൾ നേടാൻ പോളണ്ട് കിണഞ്ഞുശ്രമിക്കുന്നതിനിടെ ഇഞ്ച്വറി ടൈമിൽ വിക്ടർ ക്ലാസൻ മത്സരഗതിക്ക് വിപരീതമായി ലക്ഷ്യം കണ്ടതോടെ സ്വീഡൻ ഗ്രൂപ്പ് ജേതാക്കളായി അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.