ആഴ്‍സനല്‍ ഇനി സംഗീതാത്മകമാകുമോ?
|ആരാധക രോഷത്തെത്തുടർന്ന് മാഞ്ചെസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസർ കുടുംബവും ക്ലബ്ബ് വിൽക്കാനിടയുണ്ടെന്നാണ് സൂചന. ഏതാണ്ട് 41,000 കോടി രൂപയാണ് ക്ലബ്ബിന് വിലയിട്ടിരിക്കുന്നത്
പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സനലിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ച് പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് സർവീസായ സ്പോട്ടിഫൈയുടെ ഉടമ ഡാനിയൽ എക്. ക്ലബ്ബിന്റെ മുൻ സൂപ്പർ താരങ്ങളായ തിയറി ഹെൻറി, ഡെന്നിസ് ബെർക്യാമ്പ്, പാട്രിക് വിയേര എന്നിവരുടെ സഹായത്തോടെ ആഴ്സണലിനെ വാങ്ങാനുള്ള ശ്രമമാണ് ഡാനിയേൽ ഏക് തയ്യാറാക്കുന്നത്.
യൂറോപ്യൻ സൂപ്പർ ലീഗിൽ ചേർന്നതുമായി ബന്ധപ്പെട്ട് ആഴ്‌സനൽ ഉടമയായ സ്റ്റാൻ ക്രൊയങ്കെക്കെതിരായ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് ക്ലബ് ഏറ്റെടുക്കാൻ താല്പര്യം പ്രകടിപ്പിച്ച് ഡാനിയൽ എക് രംഗത്തെത്തിയത്. എന്നാൽ ആളിക്കത്തുന്ന പ്രതിഷേധങ്ങൾക്കിടയിലും ക്ലബ് വിൽക്കാൻ ഉദ്ദേശമില്ലെന്ന് സ്റ്റാൻ ക്രൊയങ്കെ നേരത്തെ വ്യക്തമാക്കിയിരുന്നു.
ക്രോയങ്കെ കുടുംബത്തെ പ്രലോഭിക്കുന്ന ഒരു പാക്കേജിന് രണ്ട് ബില്യൺ പൗണ്ടെ (20,000 കോടി രൂപ)ങ്കിലും ക്ലബ്ബിനായി മുടക്കേണ്ടിവരും. എന്തായാലും ആഴ്സനലിലുള്ള താൽപര്യം ഏക് തുറന്ന് തന്നെ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു: "വളരുന്ന ഒരു കുട്ടിയെന്ന നിലയിൽ, ഓര്‍മ്മയില്‍ എല്ലാക്കാലവും ഞാൻ ആഴ്സനലിനായി ഞാന്‍ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ക്രൊയങ്കെ ആഴ്സണൽ വിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വാങ്ങാന്‍ എനിക്ക് സന്തോഷമേ ഉള്ളൂ".
നൈജീരിയൻ ശതകോടീശ്വരൻ അലികോ ഡാങ്ങോട്ടെയും ആഴ്സനൽ വാങ്ങാൻ രംഗത്ത് വന്നിട്ടുണ്ട്. അലികോ നിരവധിതവണ ഗണ്ണേഴ്‌സിനെ സ്വന്തമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചയാളാണ്. ഫോബ്‌സ് റിപ്പോർട്ട് പ്രകാരം 1.14 ലക്ഷം കോടി രൂപയാണ് അലികോയുടെ ആസ്തി.
ആരാധക രോഷത്തെത്തുടർന്ന് മാഞ്ചെസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസർ കുടുംബവും ക്ലബ്ബ് വിൽക്കാനിടയുണ്ടെന്നാണ് സൂചന. നാല് ബില്യൺ പൗണ്ടാണ് (ഏതാണ്ട് 41,000 കോടി രൂപ)യാണ് ക്ലബ്ബിന് വിലയിട്ടിരിക്കുന്നത്. 2005-ൽ 790 ദശലക്ഷം പൗണ്ടിനാണ് ഗ്ലേസർ കുടുംബം ക്ലബ്ബ് സ്വന്തമാക്കിയത്. സൂപ്പർ ലീഗിൽനിന്ന് പിൻമാറിയെങ്കിലും ഗ്ലേസർ കുടുംബത്തിനെതിരേ ആരാധകർ തെരുവിലാണ്.