റൊണാൾഡോയിൽ തുടങ്ങി നെയ്മറിൽ എത്തി; സൗദിയിലേക്ക് ഇനിയും താരങ്ങളെത്തും
|നെയ്മറിന്റെ വരവ് സൗദി ക്ലബ്ബുകളുടെ വാശിയുയർത്തുമെന്നുറപ്പ്.
റിയാദ്: ഖത്തർ ലോകകപ്പിന് പിന്നാലെയാണ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കി സൗദി പ്രോ ലീഗ് ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചത്. ഇതോടെ യൂറോപ്പിൽ കറങ്ങിയിരുന്ന ഫുട്‌ബോൾ വിപണി സൗദിയിലേക്ക് കൂടി എത്തുകയാണ്. മെസിയുടെയും എംബാപ്പയുടെയും പേരുകളും സൗദിയിലേക്ക് സജീവമായിരുന്നു. മെസി അവസാന നിമിഷമാണ് അമേരിക്ക തെരഞ്ഞെടുത്തത്. എന്നാൽ എംബാപ്പക്ക് പിന്നാലെയുള്ള ഓട്ടം സൗദി ക്ലബ്ബുകൾ അവസാനിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അല്‍ ഹിലാല്‍ ക്ലബ്ബ് നെയ്മറെ സ്വന്തമാക്കിയത് പ്രതിവർഷം 1454 കോടി രൂപക്കാണ്. മെഡിക്കൽ പരിശോധന പൂർത്തിയാക്കുന്നതോടെ നെയ്മർ സൗദിയിലേക്ക് എത്തും. പി.എസ്.ജിക്ക് 818 കോടി രൂപ ട്രാൻസ്ഫർ ഫീസ് നൽകിയാണ് നെയ്മറെ റാഞ്ചുന്നത്. ഇതോടെ ലോകത്ത് ഏറ്റവും പ്രതിഫലം ലഭിക്കുന്ന രണ്ടാമത്തെ ഫുട്ബോൾ താരമായി നെയ്മർ മാറി.
ലോകത്തെ അത്ഭുതപ്പെടുത്തി സൂപ്പർ താരങ്ങളുടെ സൗദിയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. സൗദി ക്ലബ്ബായ അൽ ഹിലാൽ ചോദിച്ച പണമത്രയും നൽകിയാണ് നെയ്മറിനെ സ്വന്തമാക്കുന്നത്. 2026 വരെ നീണ്ടു നിൽക്കുന്ന കരാർ വഴി പ്രതിവർഷം 1454 കോടി രൂപയാണ് നെയ്മറിന് ലഭിക്കുക. അതായത് ഒരു മാസം 121 കോടി രൂപ. ഒരു വർഷം 1764 കോടി രൂപ ലഭിക്കുന്ന ക്രിസ്റ്റ്യാനോക്ക് പിന്നിൽ ലോകത്ത് ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ താരമായി നെയ്മർ.
പി.എസ്.ജിക്ക് 818 കോടി രൂപ ട്രാൻസ്ഫർ ഫീസ് നൽകിയാണ് ബാഴ്സലോണയിലേക്ക് പോകാനിരുന്ന താരത്തെ ഹിലാൽ റാഞ്ചിയത്. 10ാം നമ്പർ ജേഴ്സിയിൽ നെയ്മർ ഉടൻ എത്തുമെന്ന് സൗദി ദേശീയ മാധ്യമവും പറഞ്ഞു. പുതിയ നീക്കത്തോടെ ഫുട്ബോൾ മാപ്പിൽ പ്രധാന രാജ്യമായി മാറുകയാണ് സൗദി. കഴിഞ്ഞ ജനുവരിയിൽ റൊണാൾഡോ എത്തിയത് മുതൽ ഒഴുകി എത്തുന്ന സൂപ്പർ താരങ്ങളുടെ നിരയിൽ നെയ്മർ അവസാനത്തെ പേരാകില്ല. സെപ്റ്റംബർ വരെ നീണ്ടു നിൽക്കുന്ന സൗദി ട്രാൻസ്ഫർ വിൻഡോ അവസാനിക്കുമ്പോഴേക്ക് ഇനിയും വലിയ ട്രാൻസ്ഫറുകൾ സൗദി ക്ലബുകൾ നടത്തിയേക്കും.
ഇത് യൂറോപ്യൻ ഫുട്ബോളിനെ ഉലച്ചതായി മാഞ്ചസ്റ്റർ കോച്ച് പറഞ്ഞിരുന്നു. അറബ് ക്ലബ് ചാംപ്യൻഷിപ്പിൽ അൽഹിലാലിനെ തോൽപ്പിച്ച് ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ കിരീടം നേടിയിരുന്നു. നെയ്മറിനെ സ്വന്തമാക്കിയ അൽ ഹിലാൽ സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ക്ലബ്ബാണ്. നെയ്മറിന്റെ വരവ് സൗദി ക്ലബ്ബുകളുടെ വാശിയുയർത്തുമെന്നുറപ്പ്.