Football
സിറ്റിയിലെ താരമായി റിയാദ് മെഹ്‌റസ്: പിഎസ്ജിയെ തകർത്തത് ആ രണ്ട് ഗോളുകൾ
Football

സിറ്റിയിലെ താരമായി റിയാദ് മെഹ്‌റസ്: പിഎസ്ജിയെ തകർത്തത് ആ രണ്ട് ഗോളുകൾ

Web Desk
|
5 May 2021 5:39 AM GMT

മെഹ്‌റസിന്റെ എണ്ണം പറഞ്ഞ രണ്ട് ഗോളുകളാണ് ചരിത്രത്തിലാദ്യമായി മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ പ്രവേശം സാധ്യമാക്കിയത്.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി റിയാദ് മെഹ്‌റസ്. പിഎസ്ജിക്കെതിരായ രണ്ടാം പാദ സെമിയില്‍ മെഹ്‌റസിന്റെ എണ്ണം പറഞ്ഞ രണ്ട് ഗോളുകളാണ് ചരിത്രത്തിലാദ്യമായി മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ പ്രവേശം സാധ്യമാക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്നായി ആറ് ഗോളുകള്‍ക്കാണ് ഈ ആഫ്രിക്കന്‍ താരം വഴിയൊരുക്കിയത്. നാല് ഗോളുകളും രണ്ട് അസിസ്റ്റുകളുമുള്‍പ്പെടുന്നതാണ് താരത്തിന്റെ പ്രകടനം.

ഈ സീസണില്‍ എല്ലാ മത്സരങ്ങളില്‍ നിന്നുമായി 21 ഗോളുകള്‍ക്കണ് മെഹ്‌റസ് വഴിയൊരുക്കിയത്. ഇതില്‍ പതിനാല് ഗോളുകള്‍ മെഹ്‌റസിന്റെ ബൂട്ടില്‍ നിന്ന് പിറന്നു. ഏഴെണ്ണത്തില്‍ പങ്കാളിയുമായി. പിഎസ്ജിക്കെതിരായ രണ്ടാം പാദ സെമിയില്‍ പതിനൊന്നാം മിനുറ്റില്‍ തന്നെയായിരുന്നു മെഹ്റസിന്റെ ആദ്യ ഗോള്‍. ഡിബ്രൂയിന്‍ എടുത്ത സ്ട്രേക്ക് ഗോള്‍കീപ്പറുടെ കാലില്‍ തട്ടി മെഹ്റസിലെത്തുകയായിരുന്നു. പി.എസ്.ജി ഗോള്‍കീപ്പര്‍ നെവാസിന്റെ കാലിനിടയിലൂടെയാണ് മെഹ്റസ് പന്ത് വലയിൽ എത്തിച്ചത്.

64ാം മിനുറ്റില്‍ ഒരു കൗണ്ടറില്‍ നിന്നായിരുന്നു മെഹ്റസ് രണ്ടാം ഗോള്‍ നേടിയത്. ഫോഡന്റെ പാസിൽ നിന്നായിരുന്നു മെഹ്റസിന്റെ ഈ ഗോൾ. പി എസ് ജിക്ക് എതിരായ ആദ്യ പാദത്തിലും മെഹ്റസ് ഗോൾ നേടിയുരുന്നു. ഇരട്ട ഗോളോടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളക്ക് തന്റെ മേലുള്ള വിശ്വാസം ഒരിക്കല്‍ കൂടി ഉറപ്പിക്കാന്‍ മെഹറസിനായി. അഞ്ച് വര്‍ഷത്തെ കരാറില്‍ 60 മില്യന്‍ യൂറോക്കാണ് ലെസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരമായി വിലസിയിരുന്ന മെഹ്റസിനെ സിറ്റിയിലെത്തിക്കുന്നത്.

സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോളയുടെ പ്രത്യേക താല്‍പര്യമാണ് താരത്തെ സിറ്റിയിലെത്തിച്ചത്. 2015 -16 സീസണിലെ ലെസിസ്റ്ററിന്റെ പ്രീമിയര്‍ ലീഗ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് മെഹ്‌റസ്. 179 മത്സരങ്ങളില്‍ 48 ഗോളുകളാണ് അന്ന് ഈ വിങ്ങര്‍ നേടിയിരുന്നത്.

Related Tags :
Similar Posts