ആസ്റ്റൺ വില്ലയ്ക്ക് പുതിയ ബോസ്; സ്റ്റീവൻ ജെറാദ്
|റേഞ്ചേഴ്‌സ് എഫ്‌സിയിൽ നിന്നാണ് ജെറാദ് വില്ലയിലെത്തുന്നത്.
ലണ്ടൻ: മുൻ ഇംഗ്ലീഷ് ഫുട്‌ബോളര്‍ സ്റ്റീവൻ ജെറാദ് ആസ്റ്റൺ വില്ല ഹെഡ് കോച്ച്. മൂന്നര വർഷത്തേക്കാണ് നിയമനം. റേഞ്ചേഴ്‌സ് എഫ്‌സിയിൽ നിന്നാണ് ജെറാദ് വില്ലയിലെത്തുന്നത്. തുടർച്ചയായ അഞ്ചു തോൽവികൾ വഴങ്ങിയതിന് പിന്നാലെ പുറത്താക്കിയ ഡീൻ സ്മിത്തിന് പകരമായാണ് ജെറാദിന്റെ നിയമനം.
ഫസ്റ്റ് ഡിവിഷനിൽനിന്ന് തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ആസ്റ്റൺ വില്ല നിലവിൽ 16-ാം സ്ഥാനത്താണ്. ചരിത്രവും പാരമ്പര്യവുമുള്ള ടീമിനെ പരിശീലിപ്പിക്കുന്നതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് ജെറാദ് പ്രതികരിച്ചു. ക്ലബിന് വലിയ പദ്ധതികളുണ്ടെന്നും അത് നേടാനായി പരമാവധി യത്‌നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിവർപൂൾ മുൻ നായകനായ ജെറാദ് 710 മത്സരങ്ങളിൽ ക്ലബിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. ഒമ്പത് കിരീടങ്ങളിലും പങ്കാളിയായി. അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് യുഎസ് ക്ലബായ ലാ ഗാലക്‌സിക്കു വേണ്ടിയാണ് കളിച്ചിരുന്നത്. ഇംഗ്ലണ്ടിനായി 114 അന്താരാഷ്ട്ര മത്സരങ്ങളിൽ കളത്തിലിറങ്ങി. 21 ഗോളുകളും നേടിയിട്ടുണ്ട്.
ലിവർപൂൾ യൂത്ത് അക്കാദമിയെും അണ്ടർ 18 ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. 2018 മെയിലാണ് സ്‌കോട്ടിഷ് പ്രീമിയർ ക്ലബ്ബായ റേഞ്ചേഴ്‌സ് എഫ്‌സിയുടെ പരിശീലക പദവി ഏറ്റെടുത്തത്. 193 മത്സരങ്ങളിൽ 125ലും ടീം ജയിച്ചു. 42 കളി സമനിലയിലായി. 26 മത്സരങ്ങളിൽ മാത്രമാണ് തോറ്റത്.