'കളി കഴിഞ്ഞയുടൻ യുറഗ്വായ് വിടാൻ തുറമുഖത്ത് ബോട്ട് സജ്ജമാക്കണം'; ആദ്യ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച റഫറിയുടെ കഥ
|അര്‍ജന്‍റീനയും യുറഗ്വായും തമ്മിലായിരുന്നു ആദ്യ ലോകകപ്പ് ഫൈനല്‍
1930 ജൂലൈ 30. പതിവില്ലാതെ മഞ്ഞുവീണ ആ രാത്രി ഫിഫ പ്രസിഡണ്ട് ജൂൾസ് റിമറ്റിന് ഉറക്കം കിട്ടിയില്ല. ഈ രാവ് പുലരുമ്പോൾ ലോകത്തെ ആദ്യത്തെ കാൽപ്പന്തു മാമാങ്കത്തിന്റെ ഫൈനൽ. കലാശപ്പോരിൽ യുറഗ്വായും അർജന്റീനയും. രണ്ടു പേരും അയൽക്കാർ. അയലത്തിരിക്കുന്നതിന്റെ സൗഹൃദമൊന്നും ഇരുവരും തമ്മിലില്ല. രണ്ടു രാജ്യങ്ങളുടെയും സിരകളിൽ ഫുട്‌ബോളിന്റെ മാസ്മരികത തീർത്ത വൈരത്തിന്റെ കനലുകൾ. രാവേറെച്ചെന്നും യുറഗ്വായ് തലസ്ഥാനമായ മൊന്റവിഡിയോയിലെ സെന്റനാരിയോ സ്റ്റേഡിയത്തിലേക്ക് ആരാധകർ ഒഴുകുന്നു. യുറഗ്വായ്ക്കാർ മാത്രമല്ല, അപ്പോൾ കിട്ടിയ ഫെറി ബോട്ടുകളിൽക്കയറി റിയോ ഡെ പ്ലാറ്റ നദി മുറിച്ചു കടന്നെത്തിയ ആയിരക്കണക്കിന് അർജന്റൈൻ ആരാധകരും.
ഈ കളി ആര് നിയന്ത്രിക്കുമെന്ന ആധിയാണ് ജൂൾസ് റിമറ്റിനെ അലട്ടിക്കൊണ്ടിരിക്കുന്നത്. നേരം പുലർന്നിട്ടും അതിനൊരു ഉത്തരമുണ്ടായില്ല. ഉച്ച തിരിഞ്ഞ് രണ്ടു മണിക്ക് നടക്കേണ്ട കളിക്കായി രാവിലെ എട്ടു മണിക്കു തന്നെ സ്റ്റേഡിയം തുറന്നു. ഉച്ചയോടെ ഗ്യാലറി ഹൗസ് ഫുൾ. അപ്പോഴും അർജന്റൈൻ ആരാധകരുടെ വരവ് നിലച്ചിരുന്നില്ല. എന്നാൽ സ്റ്റേഡിയത്തിന്റെ 93000 കപ്പാസിറ്റി കവിഞ്ഞതു കൊണ്ട് അവർക്ക് അകത്തേക്കു കടക്കാനായില്ല. അകത്തെ ആരവങ്ങൾക്ക് ചെവി കൊടുത്ത് അവർ സ്റ്റേഡിയത്തിന് പുറത്ത് അക്ഷമയോടെ ഉലാത്തി.
ആദ്യ ലോകകപ്പ് നിയന്ത്രിക്കാൻ പതിനഞ്ചു റഫറിമാരാണ് ഉണ്ടായിരുന്നത്. അതിൽ 11 പേർ ആതിഥേയ രാഷ്ട്രമായ യുറഗ്വായിൽനിന്ന്. മൂന്നു പേർ യൂറോപ്പിൽനിന്ന്. ഏറെ ചർച്ചയ്‌ക്കൊടുവിലാണ് കലാശപ്പോരാട്ടം നിയന്ത്രിക്കാനുള്ള നിയോഗം ബൽജിയം റഫറിയായ ജീൻ ലാൻഗനസിൽ വന്നു ചേരുന്നത്. ആ തീരുമാനം വന്നത് കളിയാരംഭിക്കുന്നതിന്റെ മൂന്നു മണിക്കൂർ മുമ്പും. മൊന്റവിഡിയോയിലെ അന്തരീക്ഷത്തിൽ അത്രയ്ക്കുണ്ടായിരുന്നു ആ പെരുംപോരിന്റെ ഒടുങ്ങാത്ത പോർവിളികൾ. സ്റ്റേഡിയത്തിനകത്ത് അതൊരു പ്രഷർകുക്കറിലെന്ന പോലെ കിടന്നു വെന്തു.
ഫൈനൽ നിയന്ത്രിക്കാൻ ലാൻഗനസ് രണ്ട് ഉപാധിയാണ് അധികൃതർക്കു മുമ്പിൽവച്ചത്. ഒന്ന്, തനിക്ക് കളത്തിലും കളിക്കു ശേഷവും തനിക്ക് പൊലീസ് എസ്‌കോട്ട് വേണം. രണ്ട്, കളി കഴിയുന്ന ഉടൻ് യുറഗ്വായ് വിടാൻ തുറമുഖത്ത് ബോട്ട് സജ്ജമാക്കണം. ആ ബൽജിയംകാരൻ ഇതാവശ്യപ്പെടാൻ കാരണവുമുണ്ടായിരുന്നു. ദിവസങ്ങൾക്കു മുമ്പാണ് യുഎസ്-അർജന്റീന സെമി ഫൈനൽ നിയന്ത്രിക്കവെ ലാൻഗനസിന് നേരെ ആക്രമണമുണ്ടായത്. അയാൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കും.
ആ കളി കാണായി എസ്റ്റാഡോ സെന്റനാരിയോയിൽ സ്റ്റേഡിയത്തിൽ എത്തിയത് ഏകദേശം എൺപതിനായിരം ആളുകളായിരുന്നു. തലേന്നു പെയ്ത അപ്രതീക്ഷിതമായ കനത്ത ഇടിയിലും മഴയിലും നനഞ്ഞുകുതിർന്നു കിടക്കുകയായിരുന്നു സെന്റനാരിയോ. കളി തുടങ്ങി പത്താം മിനിറ്റിൽ തന്നെ യുഎസ് മിഡ്ഫീൽഡർ റഫേൽ ട്രാസി വലതുകാൽ ഒടിഞ്ഞ് പുറത്തു പോയി. മുന്നേറ്റ നിരക്കാരൻ ആൻഡ്ര്യൂ ഔൾഡിന് ആദ്യ പകുതിയിൽ തന്നെ മുഖത്ത് ഒരു കിക്ക് കൊണ്ടു. വായിലെ ബ്ലീഡിങ് നിയന്ത്രിക്കുന്നതിനായി കളിയിൽ ഉടനീളം വായിൽ ഒരു ശീല തിരുകിയാണ് ഔൾഡ് കളിച്ചത്. സബ്സ്റ്റിറ്റിയൂട്ട് നിയമമൊന്നും അന്നില്ല. അതുകൊണ്ടു തന്നെ ബാക്കി എൺപത് മിനിറ്റും യുഎസ് കളിച്ചത് പത്തു പേരുമായാണ്. കളിയിൽ വ്യക്തമായ ആധിപത്യമുണ്ടായിരുന്ന അർജന്റീന ഒന്നിനെതിരെ ആറു ഗോളിന് ജയിച്ചു. ആ കളിയിൽ അർജന്റീനയ്ക്ക് അനുകൂലമായി ഒരു ഫൗൾ വിളിച്ച വേളയിലാണ്, യുഎസ് മെഡിക്കൽ സംഘത്തിലെ ഡോക്ടർ കൗൾ ഓടി മൈതാനത്തേക്ക് ഓടി വന്ന് ചികിത്സാ ഉപകരണങ്ങൾ ലാൻഗനസിന് നേരെ വലിച്ചെറിഞ്ഞത്.
ഫൈനൽ ലാൻഗനസിന് അക്ഷരാർത്ഥത്തിൽ അഗ്നിപരീക്ഷയായിരുന്നു. കളത്തിൽ ഒരു പന്തിനു പിറകെ വേട്ടനായ്ക്കളെ പോലെ 22 പേർ. ചുറ്റും അടുക്കിവച്ച മൺപാത്രങ്ങൾ പോലെ ഒരു ലക്ഷം മനുഷ്യർ. അവരുടെ ആർപ്പുവിളികൾ. ആരവങ്ങൾ. അതിനിടയിലൂടെ ഗോൾഫ് പാന്റും കറുത്ത സ്യൂട്ട് ജാക്കറ്റും ചുവന്ന ടൈയും കെട്ടി ഉയരം കൂടിയ ലാൻഗനസ് വിസിലുമായി നടന്നു വന്നു.
ഊക്കനൊരു തർക്കത്തിന് ശേഷമാണ് ടീമുകൾ കളത്തിലിറങ്ങിയത്. രണ്ടു പേർക്കും ഒരാവശ്യമാണ് ഉണ്ടായിരുന്നത്. തങ്ങൾ കൊണ്ടു വന്ന പന്തു കൊണ്ട് ഫൈനൽ കൽക്കണം. വാക്കുതർക്കത്തിൽ ഇരുടീമുകളും അണുവിട വിട്ടു കൊടുത്തില്ല.
അതിനു പരിഹാരം കണ്ടത് ലാൻഗനസാണ്. ആദ്യ പകുതിയിൽ അർജന്റീനയുടെ പന്ത് ഉപയോഗിക്കാം. രണ്ടാം പകുതിയിൽ യുറഗ്വായുടെയും. ആ തീർപ്പ് അംഗീകരിക്കപ്പെട്ടു. അക്കാലത്ത് ഇരു ടീമുകളും വിവിധ വലിപ്പത്തിലുള്ള പന്തുപയോഗിച്ചാണ് കളിച്ചിരുന്നത്. അതായിരുന്നു തർക്കങ്ങൾക്കു കാരണം. ടോസ് കിട്ടിയത് അർജന്റീനയ്ക്ക്. ആദ്യം ഉപയോഗിക്കപ്പെട്ടതും അവരുടെ പന്ത്. എന്നാൽ ആദ്യം സ്‌കോർ ചെയ്തത് യുറഗ്വായാണ്. പാബ്ലോ ഡൊറാഡോ ആയിരുന്നു സ്‌കോറർ. ആദ്യ പകുതി പിരിയുമ്പോൾ ഒന്നിനെതിരെ രണ്ടു ഗോളിന് മുന്നിലായിരുന്നു അർജന്റീന. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. 4-2ന് ജയം യുറഗ്വായ്‌ക്കൊപ്പം. ആദ്യത്തെ ലോകകിരീടവും.
ലോകകിരീടം നേടിയ യുറഗ്വായ് പിറ്റേ ദിവസം ആഘോഷങ്ങൾക്കായി പൊതു അവധി പ്രഖ്യാപിച്ചു. നിരത്തുകളിൽ ആഘോഷത്തിന്റെ അമിട്ടുപൊട്ടി. ഉന്മാദത്തിന്റെ ലഹരി പൂത്തു. അതേസമയം, അങ്ങ് അർജന്റീനയിൽ ആരാധകർക്ക് സങ്കടം സഹിക്കാനായില്ല. ചിലർ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിലെ യുറഗ്വായ് കോൺസുലേറ്റിന് നേരെ കല്ലെറിഞ്ഞു.
യുറഗ്വായ് ജയിച്ചതോടെ ജീൻ ലാൻഗനസിന് സ്‌റ്റേഡിയത്തിൽനിന്ന് ജീവനും കൊണ്ട് ഹാർബറിലേക്ക് ഓടേണ്ടി വന്നില്ല. പൊലീസിന്റെ സഹായവും വേണ്ടി വന്നില്ല. 1934ലും 1938ലും കാൽപ്പന്തിന്റെ പെരുങ്കളിയാട്ട വേദിയിൽ ലാൻഗനസ് വിസിലുമായി വിധിദാതാവിന്റെ വേഷത്തിലുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ഇന്നും ഓർമിക്കപ്പെടുന്നത് എസ്റ്റാഡോ സെന്റിനാരിയോയിലെ ആ ഹൈടെൻഷൻ പോരിന്റെ പേരിൽത്തന്നെ.