Football
ഈ കുപ്പായത്തിനു വേണ്ടി ഞാൻ കഠിനാധ്വാനം ചെയ്തു; സന്തോഷം മറച്ചുവെക്കാതെ വി.പി സുഹൈർ
Football

ഈ കുപ്പായത്തിനു വേണ്ടി ഞാൻ കഠിനാധ്വാനം ചെയ്തു; സന്തോഷം മറച്ചുവെക്കാതെ വി.പി സുഹൈർ

André
|
23 March 2022 7:38 AM GMT

'അൽഹംദുലില്ലാഹ്. ഞാൻ എന്റെ ബഹുമാന്യ രാജ്യത്തിനു വേണ്ടി കളിക്കാൻ പോവുകയാണ്. പിന്തുണച്ചവർക്കും പ്രാർഥിച്ചവർക്കും നന്ദി...'

ഇന്നും വെള്ളിയാഴ്ചയുമായി നടക്കുന്ന അന്താരാഷ്ട്ര സൗഹൃദമത്സരങ്ങൾക്കുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിൽ ഇടം ലഭിച്ചതിലുള്ള സന്തോഷം മറച്ചുവെക്കാതെ മലയാളി താരം വി.പി സുഹൈർ. വർഷങ്ങൾ നീണ്ട ആഗ്രഹത്തിന്റെയും സ്വപ്‌നങ്ങളുടെയും കഠിനാധ്വാനത്തിന്റെയും കാത്തിരിപ്പിന്റെ ഫലമാണ് ഇപ്പോൾ ദേശീയ ടീമിലേക്ക് ലഭിച്ചിരിക്കുന്ന എൻട്രിയെന്ന് എടത്തനാട്ടുകര സ്വദേശിയായ സുഹൈർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ ലോഗോ അടങ്ങുന്ന നീല ടീഷർട്ട് ധരിച്ചുള്ള ഫോട്ടോ പങ്കുവെച്ച് താരം കുറിച്ചതിങ്ങനെ:

'അൽഹംദുലില്ലാഹ്. ഞാൻ എന്റെ ബഹുമാന്യ രാജ്യത്തിനു വേണ്ടി കളിക്കാൻ പോവുകയാണ്. ഇതിനെ വിശേഷിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. യഥാർഥത്തിൽ വർഷങ്ങൾ നീണ്ട ആഗ്രഹത്തിന്റെയും സ്വപ്‌നത്തിന്റെയും കഠിന്വാനത്തിന്റെയും കാത്തിരിപ്പിന്റെയും സാക്ഷാത്കാരമാണിത്. എന്നെ പിന്തുണക്കുകയും എനിക്കുവേണ്ടി പ്രാർഥിക്കുകയും ചെയ് എല്ലാവർക്കും നന്ദി... എല്ലാവരോടും ഒരുപാട് സ്‌നേഹം. ഇനിയും എന്നെ പിന്തുണക്കുക. നിങ്ങളുടെ പ്രാർഥനകൾ എപ്പോഴും എനിക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും സ്‌നേഹം. ഇൻഷാ അല്ലാഹ്...'

ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ഫോർവേഡായ സുഹൈർ ഈ സീസണിലെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സീസണിൽ 19 മത്സരങ്ങളിൽ ക്ലബ്ബിനു വേണ്ടി സ്റ്റാർട്ടിങ് ഇലവനിൽ ഇടംനേടിയ താരം മൂന്ന് ഗോൾ നേടി. ഡിസംബർ 21-ന് എ.ടി.കെ മോഹൻ ബഗാനെതിരെ സുഹൈർ നേടിയ ഗോൾ, ക്ലബ്ബിന്റെ ചരിത്രത്തിലെ വേഗമേറിയ ഗോളായി.

പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയിൽ 1992 ജൂലൈ 27 ന് ജനിച്ച സുഹൈർ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിലൂടെയാണ് കളി തുടങ്ങിയത്. കൊൽക്കത്തയിലെ യുനൈറ്റഡ് എഫ്.സിയിലൂടെ 2016-ൽ പ്രൊഫഷണൽ കരിയർ ആരംഭിച്ച താരം പിന്നീട് ഗോകുലം കേരള, ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ ടീമുകൾക്കു വേണ്ടിയും ബൂട്ടുകെട്ടി. ഐലീഗിൽ ഈസ്റ്റ് ബംഗാളിനു വേണ്ടി കളിക്കവെ 2016-ൽ റെയിൻബോ എ.സിക്കെതിരെ ഹാട്രിക് നേടിയിട്ടുണ്ട്.

Similar Posts