എപ്പോൾ വിരമിക്കും? നിലപാട് വ്യക്തമാക്കി ക്രിസ്റ്റ്യാനോ | Cristiano Ronaldo
|'18-ാം വയസ്സ് മുതൽ ഞാൻ കഠിനാധ്വാനം ചെയ്യുകയാണ്. അതിപ്പോഴും തുടരുന്നു. ഞാനീ കളിയെ സ്നേഹിക്കുന്നു. കളി തുടരാൻ അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു.'
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നടപ്പുപ്രായം 36 ആണ്. സാധാരണ ഗതിയിൽ പ്രൊഫഷണൽ ഫുട്ബോളർമാർ റിട്ടയർമെന്റിനെ കുറിച്ച് ആലോചിക്കുന്ന സമയം. എന്നാൽ, കളി നിർത്തുന്നതിനെപ്പറ്റി ചിന്തിക്കാൻ സമയമായിട്ടില്ലെന്നാണ് അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവുമധികം ഗോൾ നേടിയതിനുള്ള ഫിഫയുടെ പ്രത്യേക പുരസ്കാരം നേടിയ പോർച്ചുഗീസ് താരം പറയുന്നത്. തന്നിൽ ഇനിയും കളി അവശേഷിക്കുന്നുണ്ടെന്നും നാല്-അഞ്ച് വർഷമെങ്കിലും കളിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ക്രിസ്റ്റ്യാനോ ഫിഫ പുരസ്കാര ദാനച്ചടങ്ങിൽ അവതാരകനായ ജെറമെയ്ൻ ഹെനാസിന്റെ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു.
'എനിക്കിപ്പോഴും കളിയോട് അഭിനിവേശമുണ്ട്, ഗോളടിക്കാൻ മാത്രമല്ല... അതെന്നെ സ്വയം ആനന്ദിപ്പിക്കുന്നു. അഞ്ച് - ആറ് വയസ്സു മുതൽക്കേ ഞാൻ ഫുട്ബോൾ കളിക്കുന്നുണ്ട്. പരിശീലനത്തിനു വേണ്ടിയാണെങ്കിൽ പോലും മൈതാനത്ത് പോവുമ്പോൾ ഞാനിപ്പോഴും നന്നായി ആസ്വദിക്കുന്നുണ്ട്. അധികം വൈകാതെ എനിക്ക് പ്രായം 37 ആകുമെങ്കിൽ പോലും ആവേശത്തിനൊട്ടും കുറവില്ല.'
'18-ാം വയസ്സ് മുതൽ ഞാൻ കഠിനാധ്വാനം ചെയ്യുകയാണ്. അതിപ്പോഴും തുടരുന്നു. ഞാനീ കളിയെ സ്നേഹിക്കുന്നു. കളി തുടരാൻ അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു.
'ഇനിയും എത്രകാലം കളിക്കുമെന്ന് ആളുകൾ എന്നോട് ചോദിക്കാറുണ്ട്. നാല് അല്ലെങ്കിൽ അഞ്ച് വർഷങ്ങൾ എന്നാണ് ഞാൻ അവരോട് പറയാറ്. അതിനുള്ള മാനസികാവസ്ഥ ഉണ്ടാവുക എന്നതാണ് പ്രധാനം. കാരണം, ശരീരത്തെ നമ്മൾ നന്നായി പരിചരിച്ചാൽ നമുക്കാവശ്യമുള്ളപ്പോൾ അത് വേണ്ടത് തിരിച്ചുതരും എന്നാണെന്റെ അനുഭവം.' ക്രിസ്റ്റിയാനോ പറഞ്ഞു.
കഴിഞ്ഞ സീസൺ അവസാനത്തോടെ യുവന്റസ് വിട്ട് മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തിയ ക്രിസ്റ്റിയാനോ 22 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടിയിട്ടുണ്ട്.
Summary: Cristiano Ronaldo wants to play for another 'four or five' years