Football
SunilChhetriexplanationoncontroversialgoal, KeralaBlastersvsBengaluruFC, ISL2023controversialfreekickgoal
Football

'വിസിൽ വേണ്ടെന്ന് റഫറിയോട് ഞാൻ പറഞ്ഞതാണ്; ലൂണയും അത് കേട്ടിട്ടുണ്ട്'- ഗോള്‍ വിവാദത്തില്‍ സുനിൽ ഛേത്രി

Web Desk
|
4 March 2023 3:48 AM GMT

'ലൂണ പന്തിനു തൊട്ടടുത്ത് നിൽക്കുകയായിരുന്നു. ആദ്യ ശ്രമത്തിൽ ഷോട്ട് തടുക്കാൻ അദ്ദേഹം ശ്രമിക്കുകയും ചെയ്തു. ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ലൂണയ്ക്ക് അറിയാമായിരുന്നു'

ബംഗളൂരു: ഐ.എസ്.എൽ പ്ലേഓഫിലെ ഫ്രീകിക്ക് വിവാദത്തിൽ പ്രതികരണവുമായി ബംഗളൂരു എഫ്.സി നായകൻ സുനിൽ ഛേത്രി. ഫ്രീകിക്കെടുക്കുമ്പോൾ വിസിലും പ്രതിരോധ മതിലും വേണ്ടെന്ന് താൻ റഫറിയോട് പറഞ്ഞിരുന്നുവെന്ന് ഛേത്രി വ്യക്തമാക്കി. ഇക്കാര്യം കേരള ബ്ലാസ്‌റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണ കേട്ടതാണെന്നും ഛേത്രി അവകാശപ്പെട്ടു.

'ഞങ്ങൾക്ക് ഫ്രീകിക്ക് ലഭിച്ചപ്പോൾ വിസിലും പ്രതിരോധ മതിലും വേണ്ടെന്ന് ഞാൻ റഫറിയോട് പറഞ്ഞിരുന്നു. ഇതുകേട്ട് ഉറപ്പാണോ എന്ന് റഫറി എന്നോട് ചോദിച്ചു. ഞാൻ അതെ എന്നു തന്നെ പറഞ്ഞു. റഫറി ചോദ്യം ആവർത്തിക്കുകയും ഞാൻ ഇക്കാര്യം തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ലൂണ അതെല്ലാം കേട്ടതാണ്'-സുനിൽ ഛേത്രി വാദിച്ചു.

ലൂണ പന്തിനു തൊട്ടടുത്ത് നിൽക്കുകയായിരുന്നു. ആദ്യ ശ്രമത്തിൽ ഷോട്ട് തടുക്കാൻ അദ്ദേഹം ശ്രമിക്കുകയും ചെയ്തു. ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ലൂണയ്ക്ക് അറിയാമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഒരിക്കൽകൂടി എന്റെ നീക്കം തടയാൻ ലൂണ ശ്രമിച്ചു-ഛേത്രി വെളിപ്പെടുത്തി.

'മുന്നിൽ സ്ഥലമില്ലാത്തതു കാരണം പത്ത് വാരയൊരുക്കാൻ ഞാൻ റഫറിയോട് ആവശ്യപ്പെട്ടു. എല്ലാ കളിയിലും ഞാൻ അത് ചെയ്യാറുണ്ട്. അവസരം ലഭിച്ചപ്പോഴെല്ലാം ഞാൻ അങ്ങനെ നോക്കാറുണ്ട്. കാരണം അതുവഴി നമുക്ക് ഒരു അവസരം തുറന്നുലഭിക്കും. മിക്ക സമയത്തും ആരെങ്കിലും പന്തിനു മുന്നിലുണ്ടാകും.'

ഞാൻ എപ്പോഴും ഗർവ് കാണിക്കാറുണ്ട്. ഇതാദ്യമായല്ല ഞാൻ ചെയ്യുന്നത്. ലൂണ പന്തിനു മുന്നിലുണ്ടായിരുന്നു. അവിടെ ഒഴിവുണ്ടായിരുന്നില്ല. ഞാൻ ഒരു ശ്രമം നടത്തിയപ്പോൾ അദ്ദേഹം തടഞ്ഞു. പൊതുവെ അത്തരം സമയങ്ങളിൽ പത്തുവാരയ്ക്കപ്പുറം താരങ്ങളെ നിർത്താൻ ആവശ്യപ്പെടാറാണ് പതിവ്. ഇത്തവണ വിസിലും പത്തുവാരയും വേണ്ടെന്ന് രണ്ടു പ്രാവശ്യം ഞാൻ റഫറിയോട് പറയുകയായിരുന്നു. പിന്നീട് സംഭവിച്ചതിനെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. അത് അവരുടെ കാര്യമാണ്-ഛേത്രി കൂട്ടിച്ചേർത്തു.

എന്താണ് ഛേത്രി ഫ്രീകിക്ക് വിവാദം?

ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്.സിയും തമ്മിൽ നടന്ന ആദ്യ പ്ലേഓഫ് പോരാട്ടത്തിൽ എക്സ്ട്രാ ടൈമിലാണ് വിവാദ സംഭവം. ഇരുപകുതികളും ഗോൾരഹിതമായതിനെ തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 96-ാം മിനിറ്റിലാണ് വിവാദ ഗോൾ പിറന്നത്. ഫ്രീകിക്ക് തടയാൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയാറാകുംമുൻപെ ബംഗളൂരു താരം സുനിൽ ഛേത്രി ഗോൾ വലയിലാക്കുകയായിരുന്നു. റഫറി ഗോൾ വിളിക്കുകയും ചെയ്തു. പിന്നാലെ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമാനോവിച്ച് താരങ്ങളെ മുഴുവൻ തിരിച്ചുവിളിച്ചു.

മിനിറ്റുകൾ നീണ്ട നാടകീയരംഗങ്ങൾക്കൊടുവിൽ ബംഗളൂരുവിനെ മാച്ച് റഫറി വിജയിയായി പ്രഖ്യാപിച്ചു. ഇതോടെ ബംഗളൂരു സെമിയിൽ പ്രവേശിക്കുകയും ചെയ്തു. ഗാലറിയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരും റഫറിയുടെ തീരുമാനത്തിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചു. ഇരുടീമുകളുടെയും ആരാധകർ ഗാലറിയിൽ ഏറ്റുമുട്ടുന്ന കാഴ്ചയ്ക്കും ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷിയായി.

ആദ്യ പകുതിയിൽ കളം നിറഞ്ഞ് കളിച്ചത് ബംഗളൂരുവാണെങ്കിൽ രണ്ടാം പകുതിയിൽ മികച്ച കളി പുറത്തെടുത്ത് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലേക്ക് തിരിച്ചെത്തി. മത്സരത്തിൽ 60 ശതമാനവും പന്ത് കൈവശം വച്ചതും ബ്ലാസ്റ്റേഴ്‌സായിരുന്നു. രണ്ടാം പകുതിയിൽ ഗോൾ മുഖത്തിനടത്തുവച്ച് നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് തുലച്ചുകളഞ്ഞത്‌.

Summary: "We got the the free kick and I told the referee, 'I don't want the whistle, neither do I want the wall.' Luna was standing right on the ball. He heard it and blocked my first attempt.", says Bengaluru FC's Sunil Chhetri on controversial free kick goal against Kerala Blasters

Similar Posts