ഇന്ത്യയുടെ അഭിമാനം; ഇതിഹാസ താരം പുസ്കാസിനെ മറികടന്ന് സുനിൽ ഛേത്രി
|ഇതോടെ ഹംഗേറിയൻ ഇതിഹാസം ഫെറൻക് പുസ്കാസിനെ മറികടന്ന് ഛേത്രി എക്കാലത്തെയും മികച്ച അഞ്ചാമത്തെ അന്താരാഷ്ട്ര ഗോൾ സ്കോററായി മാറി.
ഇംഫാല്‍: ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിലെ നിർണായക മത്സരത്തിൽ കിർഗിസ്ഥാനെതിരെ ഗോൾ നേടിയതോടെ ഒരു ഇതിഹാസ താരത്തെ പിന്നിലാക്കി ഇന്ത്യൻ നായകൻ സുനിൽഛേത്രി. അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 85 ആയാണ് സുനിൽഛേത്രി വർധിപ്പിച്ചത്. ഇതോടെ ഹംഗേറിയൻ ഇതിഹാസം ഫെറൻക് പുസ്കാസിനെ മറികടന്ന് ഛേത്രി എക്കാലത്തെയും മികച്ച അഞ്ചാമത്തെ അന്താരാഷ്ട്ര ഗോൾ സ്കോററായി മാറി.
പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും അർജന്റീനയുടെ ലയണൽ മെസിക്കും പിന്നിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ സജീവ ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ ഛേത്രി മൂന്നാമതാണ്. 'സ്കോർ ചെയ്യാനുള്ള എന്റെ ആഗ്രഹം എപ്പോഴും എന്നോടൊപ്പമുണ്ടാകും. കിർഗിസ് റിപ്പബ്ലിക്കിനെതിരെയും അങ്ങനെ തന്നെയായിരുന്നു. ഓഫ്-സൈഡുകളും പെനാൽറ്റി തീരുമാനങ്ങളും ഗെയിമിന്റെ ഭാഗമാണ്, ഒരു നിശ്ചിത സമയത്തേക്കാകും അതിനെക്കുറിച്ചൊക്കെ ചിന്തിക്കുക, എന്നാൽ അത് കഴിഞ്ഞാല്‍ അടുത്ത മത്സരത്തെപ്പറ്റിയാകും'- ഛേത്രി പറഞ്ഞു.
കിര്‍ഗിസ്താനെതിരായ മത്സരത്തില്‍ പെനല്‍റ്റിയിലൂടെയായിരുന്നു സുനില്‍ഛേത്രിയുടെ ഗോള്‍. കിർഗിസ്ഥാനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. മ്യാന്മറായിരുന്നു ടൂര്‍ണമെന്റില്‍ പങ്കെടുത്ത മറ്റൊരു രാഷ്ട്രം. ഇന്ത്യക്കായി സന്ദേശ് ജിങ്കാൻ, സുനിൽ ഛേത്രി എന്നിവർ ഗോളുകൾ നേടി. ആദ്യ മത്സരത്തിൽ ഇന്ത്യ, മ്യാന്മറിനെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തിയിരുന്നു. അതേസമമയം എ.എഫ്.സി ഏഷ്യൻ കപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസം ഏറ്റുന്നതാണ് ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിലെ വിജയം.
ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനും പരമ്പര വിജയം നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. വാശിയേറിയ മത്സരമായിരുന്നു ഇംഫാലിലെ ഖുമാൻ ലംപാക് സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ഫിഫ റാങ്കിങിൽ ഇന്ത്യയെക്കാൾ(106) മുന്നിലുള്ള രാഷ്ട്രമാണ് കിർഗിസ്ഥാന്‍(94).
NEVER IN DOUBT 🎯
— Indian Football Team (@IndianFootball) March 28, 2023
The Khuman Lampak erupts for @chetrisunil11's 85th international goal 🙌
🇰🇬 0️⃣-2️⃣ 🇮🇳
📺 @starsportsindia & @DisneyPlusHS #KGZIND ⚔️ #HeroTriNation 🏆 #BlueTigers 🐯 #BackTheBlue 💙 #IndianFootball ⚽️ pic.twitter.com/0s0onBs5iM