Football
ഗോള്‍വേട്ടയില്‍ മെസ്സിയെ മറികടന്ന് ഛേത്രി; ഇനി മുന്നില്‍ റൊണാള്‍ഡോ മാത്രം
Football

ഗോള്‍വേട്ടയില്‍ മെസ്സിയെ മറികടന്ന് ഛേത്രി; ഇനി മുന്നില്‍ റൊണാള്‍ഡോ മാത്രം

Web Desk
|
8 Jun 2021 4:21 AM GMT

ബംഗ്ലാദേശിനെതിരെ തിങ്കളാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയതോടെയാണ് അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ ഛേത്രി മെസ്സിയെ മറികടന്നത്.

അന്താരാഷ്ട്ര മത്സരങ്ങളില്‍ ദേശീയ ടീമിന് വേണ്ടിയുള്ള ഗോള്‍വേട്ടയില്‍ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ മറികടന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. ബംഗ്ലാദേശിനെതിരെ തിങ്കളാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയതോടെയാണ് അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ ഛേത്രി മെസ്സിയെ മറികടന്നത്.

ഇരട്ട ഗോള്‍ നേട്ടത്തോടെ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 74 ആയി വര്‍ധിച്ചിച്ചു. 72 ഗോളുകളാണ് മെസ്സി ഇതുവരെ നേടിയത്. നിലവില്‍ ഫുട്‌ബോള്‍ കളിക്കുന്ന താരങ്ങളില്‍ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ് ഇനി ഛേത്രിക്ക് മുന്നിലുള്ളത്. 103 ഗോളുകളാണ് ദേശീയ ടീമിന് വേണ്ടി റൊണാള്‍ഡോ നേടിയത്.

നേരത്തെ ഗോള്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഛേത്രി. മെസിക്കും ഛേത്രിക്കും 72 ഗോളുകളായിരുന്നു ഉണ്ടായിരുന്നത്. 73 ഗോളുകള്‍ നേടിയ യു.എ.ഇയുടെ അലി മക്ബൂത്തായിരുന്നു രണ്ടാംസ്ഥാനത്ത്. ബംഗാദേശിനെതിരായ ഇരട്ടഗോള്‍ നേട്ടത്തോടെ മക്ബൂത്തിനെയും മറികടന്ന് ഛേത്രി രണ്ടാമതെത്തുകയായിരുന്നു.

ഇതുവരെയുള്ള ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോള്‍ നേടിയ രണ്ടാമത്തെ താരമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഇറാന്‍ താരം അലി ദേയ് ആണ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്. 109 ഗോളുകളാണ് അലി ദേയിയുടെ സമ്പാദ്യം. 2006ല്‍ ദേയി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.

Similar Posts