'മോശം സമയങ്ങളിലാണ് ഞങ്ങൾ ശരിക്കും സംസാരിച്ചത്'; കോഹ്ലിയുമായുള്ള സൗഹൃദം പറഞ്ഞ് സുനിൽ ഛേത്രി
|'24 മണിക്കൂറും മിണ്ടിപ്പറഞ്ഞുകൊണ്ടിരിക്കുന്ന ശീലമില്ല ഞങ്ങൾക്കിടയിൽ. മാസങ്ങളോളം ഒരു ബന്ധവുമുണ്ടാകില്ല. എന്നാൽ, പിന്നീട് കാണുമ്പോൾ അന്നു നിർത്തിയേടത്തുനിന്നു തന്നെയാകും ഞങ്ങൾ തുടങ്ങുന്നത്.'
ന്യൂഡൽഹി: ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയും അടുത്ത സുഹൃത്തുക്കളാണ്. സന്തോഷങ്ങളിൽ പങ്കുചേർന്നും മോശം സമയങ്ങളിൽ പിന്തുണച്ചും ഉറ്റസൗഹൃദം ഊട്ടിയുറപ്പിക്കുന്നു ഇരുവരും. ഇപ്പോൾ കോഹ്ലിയുമായുള്ള സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു ഛേത്രി.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ(ഐ.എസ്.എൽ) ഔദ്യോഗിക യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന 'ഇൻ ദി സ്റ്റാൻഡ്സ്' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുനിൽ ഛേത്രി. കളിയും കളിക്കു പുറത്തുള്ള നിസ്സാര കാര്യങ്ങൾ വരെ പരസ്പരം സംസാരിക്കുന്നവരാണ് തങ്ങളെന്ന് ഛേത്രി പറയുന്നു. തമാശകൾ പങ്കുവച്ച് ചിരിക്കാറുണ്ട്. എന്നാൽ, രണ്ടുപേരുടെയും മോശം ഘട്ടത്തിലാണ് ആ സൗഹൃദം ശരിക്കും പ്രകടമായതെന്നും താരം വെളിപ്പെടുത്തി.
'പല സാധാരണ വിഷയങ്ങളും ഞങ്ങൾ സംസാരിക്കാറുണ്ട്. ഒരുപാട് ചിരിക്കുകയും ചെയ്തിട്ടുണ്ട്. തമാശകൾ പങ്കുവയ്ക്കും. ഗൗരവത്തിലുള്ള സംസാരവുമുണ്ടാകും. 24 മണിക്കൂറും മിണ്ടിപ്പറഞ്ഞുകൊണ്ടിരിക്കുന്ന ശീലമില്ല. മാസങ്ങളോളം ഒരു ബന്ധവുമുണ്ടാകില്ല. എന്നാൽ, പിന്നീട് കാണുമ്പോൾ അന്നു നിർത്തിയേടത്തുനിന്നു തന്നെയാകും ഞങ്ങൾ തുടങ്ങുന്നത്.'-ഛേത്രി പറഞ്ഞു.
സ്വന്തം നിലവാരത്തിനൊത്ത് ഉയരാത്ത ചില സമയങ്ങൾ ഞങ്ങൾ രണ്ടുപേർക്കുമുണ്ടായിട്ടുണ്ട്. അതിന്റെ വലിയ സമ്മര്ദവും നേരിട്ടിട്ടുണ്ട്. അത്തരം ഘട്ടങ്ങളിലാണ് ഞങ്ങൾ ശരിക്കും സംസാരിച്ചത്. ഞങ്ങൾ കടന്നുപോകുന്ന സാഹചര്യം മറ്റു പലർക്കും മനസിലാകില്ലെന്ന ബോധ്യം കോഹ്ലിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുനിൽ ഛേത്രി എന്നൊരാൾ ഒരാൾ മാത്രമേയുള്ളൂ. ഒരു സ്വപ്നജീവിതത്തിലാണ് ഞാൻ. തീർത്തും വിനയത്തോടെയാണ് ഞാനിതു പറയുന്നത്. ഞാനിപ്പോഴുള്ളതുപോലെ ആകുക എന്നാൽ വലിയ അംഗീകാരവും ബഹുമതിയുമാണ്. എത്ര കളികൾ, എത്രയെത്ര നേട്ടങ്ങൾ, എത്രപേരുമായെല്ലാം ഡ്രെസിങ് റൂം പങ്കിട്ടു! ഇതെല്ലാം അവിശ്വസനീയമായ നേട്ടമാണ്. അതിന് ഒരുപാടുപേരോട് കടപ്പാടുണ്ട്-സുനിൽ ഛേത്രി കൂട്ടിച്ചേർത്തു.
Summary: 'The few times when I have felt the heat of who I am and the need to perform and the few times that he has felt the heat of who he is and the need to perform, is exactly when we have chatted'; Indian Football captain Sunil Chhetri talks about his friendship with Virat Kohli