സൂപ്പർകപ്പ്: യോഗ്യതാ മത്സരങ്ങൾ മഞ്ചേരിയിലേക്ക് മാറ്റി
|ഏപ്രിൽ മൂന്ന് മുതൽ ആറ് വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഏപ്രിൽ എട്ട് മുതലാണ് സൂപ്പർകപ്പ് ആരംഭിക്കുക
മലപ്പുറം: കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന സൂപ്പർകപ്പിലെ യോഗ്യതാ മത്സരങ്ങൾ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് മാറ്റി. സ്‌പോർട്‌സ് സ്റ്റാറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ മൂന്ന് മുതൽ ആറ് വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഏപ്രിൽ എട്ട് മുതലാണ് സൂപ്പർകപ്പ് ആരംഭിക്കുക.
കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളിലാണ് സൂപ്പർകപ്പ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ സൂപ്പര്‍കപ്പിലെ പോരാട്ടങ്ങളില്‍ വേദിമാറ്റമില്ല. ഐ.എസ്എല്ലിലെയും ഐലീഗിലേയും ടീമുകൾ മാറ്റുരക്കുന്നതാണ് സൂപ്പർകപ്പ്. ഐ.എസ്.എല്ലിലെ പതിനൊന്ന് ടീമുകളും ഐലീഗ് ചാമ്പ്യന്മാരായ റൗണ്ട്ഗ്ലാസ് പഞ്ചാബും സൂപ്പർകപ്പിന് നേരിട്ട് യോഗ്യത നേടിമ്പോൾ യോഗ്യതാ മത്സരം കളിച്ചെത്തുന്ന ഐലീഗിലെ നാല് ടീമുകൾക്കും അവസരം ലഭിക്കും.
യോഗ്യതാ മത്സരങ്ങളാണ് കോഴിക്കോട് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് മത്സരം മഞ്ചേരിയിലേക്ക് മാറ്റിയതെന്നാണ് വിവരം. പതിനാറ് ടീമുകൾ അടങ്ങുന്നതാണ് സൂപ്പർകപ്പ്. നെരോക്ക എഫ്.സിയും രാജസ്ഥാൻ യുണൈറ്റഡും തമ്മിലാണ് ആദ്യ യോഗ്യതാ മത്സരം. നേരത്തെ പയ്യനാട്ട് നടന്ന എല്ലാഫുട്‌ബോൾ മത്സരങ്ങളും കാണികളുടെ എണ്ണംകൊണ്ട് ഏവരെയും അമ്പരപ്പിച്ചിരുന്നു.