ലുക്കാക്കുവിന് മുന്നിൽ തോറ്റ് സ്വീഡൻ: മിന്നൽ ജയവുമായി ബെൽജിയം
|യൂറോകപ്പ് യോഗ്യതാ പോരാട്ടത്തിൽ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബെല്‍ജിയം തോല്പിച്ചു
സ്റ്റോക്ക്ഹോം: ഖത്തർലോകകപ്പിലെ പുറത്താകലിന് ശേഷം തലയുയര്‍ത്തി ബെല്‍ജിയം. യൂറോകപ്പ് യോഗ്യതാ പോരാട്ടത്തിൽ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്പിച്ചാണ് ബെല്‍ജിയത്തിന്റെ മടങ്ങിവരവ്. മൂന്ന് ഗോളുകളും നേടിയത് സൂപ്പർതാരം റൊമേലു ലൂക്കാക്കുവായിരുന്നു. ഖത്തർലോകകപ്പിന് ശേഷം ആദ്യമായാണ് ബെൽജിയം പന്ത് തട്ടുന്നത്. അതും പുതിയ പരിശീലകന് കീഴില്‍.
ഡൊമിനികോ ടെഡസ്കോയ്ക്ക് കീഴിൽ ജയത്താടെ തുടങ്ങാനായത് ബെൽജിയത്തിന് ആശ്വാസമായി. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലേറ്റ പരാജയത്തെ തുടർന്നാണ് റൊബെർട്ടോ മാർട്ടിനസിനെ മാറ്റി ഡൊമിനികോയെ ചുമതലയേൽപ്പിക്കുന്നത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് അതും എതിരാളികളുടെ തട്ടകത്ത് തോൽപിച്ച് തുടങ്ങാനായത് ഡൊമിനികോയ്ക്കും ആശ്വാസമായി. ലുക്കാക്കുവായിരുന്നു ബെൽജിയത്തിന്റെ തുറുപ്പ്ചീട്ട്. 35, 49, 82 മിനുറ്റുകളിലായിരുന്നു ലുക്കാക്കുവിന്റെ ഗോളുകൾ.
41കാരൻ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ കളത്തിലിറക്കിയെങ്കിലും സ്വീഡന് രക്ഷയുണ്ടായില്ല. ഒരെണ്ണം പോലും മടക്കാന്‍ ഇബ്രക്കും സംഘത്തിനും ആയില്ല. അതിനിടെ സ്വിഡന്റെ ഡെജൻ കുലുസെവ്സ്കി പന്ത് ഗോൾവരകടത്തിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. ഒന്നാം പകുതി തീരാനിരിക്കെ പത്ത് മിനുറ്റ് മുമ്പാണ് ലുക്കാക്കു ആദ്യം വലകുലുക്കുന്നത്. വലത് ഭാഗത്ത് നിന്നും ഡോഡി ലൂക്ക്ബാക്കിയോ കൊടുത്ത ക്രോസിന് ലൂക്കാക്കുവിന്റെ മനോഹര ഹെഡർ. സ്വീഡൻ ഗോൾകീപ്പറെയും മറികടന്ന് പന്ത് വലക്കുള്ളിൽ.
49ാം മിനുറ്റിൽ ലൂക്കാക്കു തന്നെ ഗോൾ നേട്ടം ഇരട്ടിയാക്കി. 82ാം മിനുറ്റിൽ ഹാട്രിക്കും. അതോടെ സ്വീഡൻ വീണു. അതേസമയം ലുക്കാക്കുവിന്റെ ഫോം ബെൽജിയത്തിന് നൽകുന്ന ആശ്വാസം ചില്ലറയല്ല. 2015ന് ശേഷം യൂറോകപ്പ് ക്വാളിഫെയർ മത്സരങ്ങളെല്ലാം ജയിച്ച് റെക്കോർഡിട്ടാണ് ബെൽജിയത്തിന്റെ വരവ്. 2015ൽ വെയിൽസിതിരെ തോറ്റതിന് ശേഷം ബെൽജിയും ഒരൊറ്റ യൂറോ യോഗ്യതാ മത്സരങ്ങളും തോറ്റിട്ടില്ല. ഇബ്രാഹിമോവിച്ചിനെ വരെ ഇറക്കി ബെൽജിയത്തെ പൊട്ടിക്കാമെന്ന് കണക്ക്കൂട്ടിയ സ്വീഡന് എല്ലാം പിഴക്കുകയായിരുന്നു. അതേസമയം അസർബെയ്ജാനെതിരെയാണ് സ്വീഡന്റെ അടുത്ത മത്സരം. ബെൽജിയത്തിന് എതിരാളി ജർമ്മനിയും.