Football
CristianohugsSyrianboy
Football

ദുരന്തഭൂമിയിൽനിന്ന് അവനെത്തി; ഇഷ്ടതാരത്തെ കാണാൻ-സിറിയന്‍ ബാലനെ ചേര്‍ത്തുപിടിച്ച് ക്രിസ്റ്റ്യാനോ

Web Desk
|
7 March 2023 5:53 AM GMT

സിറിയ-തുർക്കി ദുരന്ത ഭൂമിയിലേക്ക് ഭക്ഷണം, പുതപ്പ്, കിടക്ക, പാൽ, മരുന്ന് അടക്കമുള്ള സഹായങ്ങളുമായി നേരത്തെ ക്രിസ്റ്റ്യാനോ വിമാനം അയച്ചിരുന്നു

റിയാദ്: തുർക്കിയെയും സിറിയയെയും തകർത്തുകളഞ്ഞ ഭൂകമ്പത്തിന്റെ നടുക്കത്തിൽനിന്ന് ആ നാട്ടുകാർ ഇനിയും മുക്തരായിട്ടില്ല. ദുരന്ത ഭൂമിയിൽനിന്നുള്ള നിസ്സഹായതയുടെ നിലവിളികൾ ഇനിയും നിലച്ചിട്ടില്ല. ഇതിനിടെ, ഭൂകമ്പക്കെടുതികൾക്കിടയിൽ ആശ്വാസമായി ഹൃദയം കവരുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട സിറിയൻ ബാലനെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചേർത്തുപിടിക്കുന്ന ദൃശ്യങ്ങൽ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ദുരന്തഭൂമിയിൽനിന്ന് രക്ഷാപ്രവർത്തകർ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുമ്പോൾ നബീൽ സഈദ് എന്ന സിറിയൻ ബാലന് ഒരു ആഗ്രഹം മാത്രമാണ് പറയാനുണ്ടായിരുന്നത്; ക്രിസ്റ്റ്യാനോയെ നേരിൽ കാണണം, താരത്തിന്റെ കളി കാണണം. ആഗ്രഹം അറിഞ്ഞ അൽനസ്ർ മാനേജ്‌മെന്റ് വിവരം താരത്തെ ധരിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് ആ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നത്.

സൗദി പ്രോ ലീഗിൽ ശനിയാഴ്ച നടന്ന അൽനസ്ർ-അൽബാതിൻ മത്സരം കാണാനാണ് നബീലെത്തിയത്. റിയാദിലെ കിങ് സൗദ് യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ക്രിസ്റ്റിയാനോയ്ക്കു കീഴിൽ അൽനസ്ർ ഗംഭീര തിരിച്ചുവരവ് നടത്തിയ മത്സരംകൂടിയായിരുന്നു ഇത്. കളി കഴിഞ്ഞ് നബീൽ ഇഷ്ടതാരത്തെ കാണാൻ ഡ്രെസിങ് റൂമിലെത്തി. ക്രിസ്റ്റിയാനോ അവനെ കൈനീട്ടി സ്വീകരിച്ചു. കെട്ടിപ്പിടിച്ച് സ്‌നേഹവും കരുതലും പകർന്നു. ഒപ്പംനിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് താരം മടങ്ങിയത്.

സ്വപ്‌നം പോലെയായിരുന്നുവെന്നാണ് പ്രിയ താരത്തെ കണ്ട നിമിഷത്തെക്കുറിച്ച് നബീൽ സഈദ് പ്രതികരിച്ചത്. 'എനിക്ക് എന്നെത്തന്നെ വിശ്വസിക്കാനാകുന്നുണ്ടായിരുന്നില്ല. ഈ സ്വപ്‌നം എപ്പോൾ അവസാനിക്കുമെന്ന് അറിയില്ല. അത് സ്വപ്‌നമാകരുതേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയാണ്.'-നബീൽ കൂട്ടിച്ചേർത്തു.

സിറിയയിലും തുർക്കിയിലും ഭൂകമ്പത്തിന്റെ കെടുതി അനുഭവിക്കുന്നവർക്ക് സഹായങ്ങളുമായി ക്രിസ്റ്റ്യാനോ വിമാനം അയച്ചത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. ടെന്റ്, ഭക്ഷണം, പുതപ്പ്, തലയിണ, കിടക്ക, കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം, പാൽ, മരുന്നുകൾ അടക്കമാണ് വിമാനത്തിലുണ്ടായിരുന്നത്. 3,50,000 യു.എസ് ഡോളർ(ഏകദേശം മൂന്നു കോടി രൂപ) വിലമതിക്കുന്നതാണ് വിമാനത്തിലുണ്ടായിരുന്ന സാധനങ്ങളെന്നാണ് സ്പാനിഷ് മാധ്യമമായ 'മാഴ്‌സ' റിപ്പോർട്ട് ചെയ്തത്.

ക്രിസ്റ്റിയാനോ ഒപ്പുവച്ച ജഴ്‌സി ദുരന്തബാധിതരെ സഹായിക്കാൻ ലേലത്തിൽ വിൽക്കാനും താരം നൽകിയിരുന്നു. തുർക്കി ഫുട്‌ബോൽ താരമായ മെരീഹ് ദെമിറൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രിസ്റ്റ്യാനോയുമായി സംസാരിച്ചിരുന്നുവെന്നും ഭൂകമ്പത്തിൽ ഏറെ ദുഃഖിതനാണെന്ന് താരം പ്രതികരിച്ചെന്നും മെരീഹ് പറഞ്ഞു.

Summary: Nabil Saeed, a Syrian boy who survived the recent earthquake, meets Idol Cristiano Ronaldo

Similar Posts