വീണ്ടും പെനാൽറ്റി സേവ്; ഒച്ചാവോക്ക് പിന്നാലെ ചെസ്‌നി
|പിയോറ്റർ സിയെലെൻസ്‌കി നേടിയ ഒരു ഗോളിന്റെ ബലത്തിൽ പോളണ്ട് ആണ് ആദ്യ പകുതിയിൽ സൗദിക്കെതിരെ മുന്നിട്ട് നിൽക്കുന്നത്.
ദോഹ: ഇരട്ട സേവുകളുമായി ആരാധകരെ ഞെട്ടിച്ച് പോളണ്ട് ഗോൾകീപ്പർ വോയ്‌സിയെച്ച് ചെസ്‌നി. ഒന്നാം പകുതിയുടെ അധിക സമയത്ത് സലീം അൽ ദൗസരി അടിച്ച പെനാൽറ്റിയാണ് ചെസ്‌നി സേവ് ചെയ്തത്. റീ ബൗണ്ട് ചെയ്ത പന്ത് അൽ ബുറൈക്ക് വീണ്ടും അടിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും ചെസ്‌നി അതും തട്ടിയകറ്റി. ഖത്തൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഷോട്ട് ഓൺ ടാർഗറ്റുകൾ സേവ് ചെയ്ത ഗോളിയും ചെസ്‌നിയാണ്. നേരിട്ട ഒമ്പത് ഷോട്ട് ഓൺ ടാർഗറ്റും അദ്ദേഹം രക്ഷപ്പെടുത്തി.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് മെക്‌സിക്കൻ ഗോളി ഗില്ലർമോ ഒച്ചാവോയും പെനാൽറ്റി സേവ് ചെയ്ത് താരമായിരുന്നു. മെക്‌സിക്കോ-പോളണ്ട് മത്സരത്തിനിടെ പോളണ്ട് നായകൻ റോബർട്ട് ലെവൻഡോസ്‌കി അടിച്ച പെനാൽറ്റിയാണ് ഒച്ചാവോ രക്ഷപ്പെടുത്തിയത്. ബോക്‌സിനുള്ളിൽ മെക്‌സിക്കൻ താരം ഫൗൾ ചെയ്‌തെന്ന് വാർ പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് റഫറി പെനാൽറ്റി വിധിച്ചത്.
പിയോറ്റർ സിയെലെൻസ്‌കി നേടിയ ഒരു ഗോളിന്റെ ബലത്തിൽ പോളണ്ട് ആണ് ആദ്യ പകുതിയിൽ സൗദിക്കെതിരെ മുന്നിട്ട് നിൽക്കുന്നത്. മത്സരത്തിന്റെ ആദ്യ മിനിറ്റ്‌തൊട്ട് ആക്രമണ ഫുട്‌ബോളാണ് സൗദി കാഴ്ചവെച്ചത്. നിരന്തരം പോളണ്ട് ഗോൾമുഖത്ത് ഇരച്ചുകയറി സമ്മർദം സ്ൃഷ്ടിക്കാൻ സൗദിക്ക് സാധിച്ചു. അർജന്റീനക്കെതിരെ സൗദി നേടിയ വിജയത്തിൽനിന്ന് ഊർജമുൾക്കൊണ്ട് മികച്ച മുന്നേറ്റങ്ങളാണ് സൗദി നടത്തുന്നത്.