ഏഷ്യൻ മേഖല ലോകകപ്പ് യോഗ്യത മത്സരത്തിന് ടീം തയ്യാർ: ഇന്ത്യൻ ഫുട്ബോൾ കോച്ച്
|നാളെ രാത്രി 7.30ന് കുവൈത്ത് ജാബിർ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് കുവൈത്തുമായുള്ള ഇന്ത്യയുടെ മത്സരം
ഫുട്ബോൾ ലോകകപ്പിനുള്ള ഏഷ്യൻ മേഖല യോഗ്യത മത്സരത്തിന് ടീം തയ്യാറാണ് ഇന്ത്യൻ ഫുട്ബോൾ കോച്ച് ഇഗോർ സ്റ്റിമാച്ച്. നാളെ രാത്രി 7.30ന് കുവൈത്ത് ജാബിർ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് കുവൈത്തുമായുള്ള ഇന്ത്യയുടെ മത്സരം. കുവൈത്ത് മികച്ച ടീമാണ്, അത് കൊണ്ട് തന്നെ ഫുട്ബാൾ ആരാധകർക്ക് മികച്ച മത്സരം നാളെ പ്രതീക്ഷിക്കാമെന്ന് ഇഗോർ സ്റ്റിമാക് പറഞ്ഞു. മത്സരത്തിന് മുന്നോടിയായി ജാബിർ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗ്രൂപ്പ് 'എ'യിൽ ഇന്ത്യയും, കുവൈത്തും കൂടാതെ ഖത്തറും അഫ്ഗാനിസ്ഥാനുമാണ് മറ്റു രണ്ടു രാജ്യങ്ങൾ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ 2027ൽ സൗദിയിൽ നടക്കുന്ന ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടും. ഒന്നും രണ്ടും സഥാനക്കാർ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലും പ്രവേശിക്കും. അവസാന രണ്ടു മത്സരത്തിലും കുവൈത്തിനെ തോൽപ്പിക്കാൻ ആയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം.
മികച്ച കളിയാണ് പ്രതീക്ഷിക്കുന്നതെന്നും മൈതാനത്ത് തങ്ങളുടെ പൂർണ്ണമായ കഴിവ് പുറത്തെടുക്കുമെന്നും ഇന്ത്യൻ താരം ബ്രാൻഡൻ ഫെർണാണ്ടസ് പറഞ്ഞു. ഇന്ത്യൻ ടീമിനെ നേരിടാൻ കുവൈത്ത് ടീം സജ്ജമാണെന്ന് കുവൈത്ത് കോച്ച് റൂയി ബെന്റോ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാർ മത്സരത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്.