Football
രാഷ്ട്രീയത്തിനു പകരം കളിയിൽ ശ്രദ്ധിച്ചവർ അനായാസം പ്രീക്വാർട്ടറിൽ കടന്നു: ആഴ്സൻ വെംഗർ
Football

'രാഷ്ട്രീയത്തിനു പകരം കളിയിൽ ശ്രദ്ധിച്ചവർ അനായാസം പ്രീക്വാർട്ടറിൽ കടന്നു': ആഴ്സൻ വെംഗർ

Web Desk
|
6 Dec 2022 4:24 PM GMT

ജപ്പാനെതിരായ മത്സരത്തിന് മുമ്പ് ജർമ്മൻ കളിക്കാർ ടീം ഫോട്ടോ എടുക്കുന്ന വേളയിൽ വായ മൂടിക്കെട്ടി പ്രതിഷേധിച്ചിരുന്നു

ദോഹ: രാഷ്ട്രീയക്കളികളിൽ കൂടുതൽ താൽപര്യം കാണിച്ച ടീമുകൾ ഖത്തർ ലോകകപ്പിൽ വലിയ പരാജയമായെന്ന് ഫിഫ ഉദ്യോഗസ്ഥനും മുൻ ആഴ്സനൽ മാനേജറുമായ ആഴ്‌സൻ വെംഗർ. ഗ്രൂപ്പ് മൽസരത്തിൽ തന്നെ പുറത്തായ ജർമനിയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇപ്പോൾ ഫിഫയുടെ ആഗോള ഫുട്ബോൾ വികസനത്തിന്റെ തലവനായി പ്രവർത്തിക്കുന്ന വെംഗറുടെ അഭിപ്രായ പ്രകടനം. രാഷ്ട്രീയ പ്രകടനങ്ങളേക്കാൾ ഫുട്‌ബോളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ടീമുകൾക്ക് ലോകകപ്പിൽ ആദ്യ റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതായി വാർത്താ സമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു.


നിങ്ങൾ ഒരു ലോകകപ്പിന് പോകുമ്പോൾ, നിങ്ങൾ ആദ്യ റൗണ്ടിൽ തോൽക്കരുതെന്ന് നിങ്ങൾക്ക് നിർബന്ധമുണ്ടാവും, 73കാരനായ വെംഗർ പറഞ്ഞു. ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനെ പോലെയുള്ള ടീമുകൾ അവരുടെ ഉദ്ഘാടന മത്സരങ്ങളിൽ വിജയിച്ചു. അതേപോലെ, രാഷ്ട്രീയ പ്രകടനങ്ങളിൽ താൽപര്യം കാണിക്കാതെ ഫുട്ബോൾ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തയ്യാറായ മറ്റു ടീമുകൾക്കും ആദ്യ റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും അദ്ദേഹം പറഞ്ഞു. ആദ്യ റൗണ്ടിൽ തന്നെ പുറത്തായ ജർമൻ ടീമിനെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ജപ്പാനെതിരായ മത്സരത്തിന് മുമ്പ് ജർമ്മൻ കളിക്കാർ ടീം ഫോട്ടോ എടുക്കുന്ന വേളയിൽ വായ മൂടിക്കെട്ടി പ്രതിഷേധിച്ചിരുന്നു. ഏഴ് യൂറോപ്യൻ ടീമുകളുടെ ക്യാപ്റ്റൻമാരെ മഴവില്ല് പ്രമേയമാക്കിയ ആംബാൻഡ് ധരിക്കാൻ ഫിഫ വിസമ്മതിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ജർമൻ ടീമിന്റെ ഈ നടപടി. ഖത്തർ എൽജിബിടിക്യു സമൂഹത്തോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് റെയിൻബോ ആംബാൻഡ് ധരിക്കാൻ യൂറോപ്യൻ ടീമുകൾ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ ഫിഫ വിലക്കിയതിനെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു. നാല് തവണ ലോകകപ്പ് ചാമ്പ്യൻമാരായ ജർമനി ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടറിലെത്താതെ പുറത്തായിരുന്നു.

Related Tags :
Similar Posts