Football
സെനഗലിനെതിരെ കളി വീണ്ടും നടത്തണം: ആവശ്യവുമായി ഈജിപ്ത്
Click the Play button to hear this message in audio format
Football

'സെനഗലിനെതിരെ കളി വീണ്ടും നടത്തണം': ആവശ്യവുമായി ഈജിപ്ത്

Web Desk
|
31 March 2022 11:46 AM GMT

സെനഗൽ കാണികളുടെ ഭാഗത്ത് നിന്നുണ്ടായ അനിഷ്ട സംഭവങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഈജിപ്ത് ഫുട്‌ബോൾ ഫെഡറേഷൻ രംഗത്ത് എത്തിയിരിക്കുന്നത്.

ഖത്തർ ലോകകപ്പിന് യോഗ്യത നേടാനാവാതെ പുറത്തായതിന് പിന്നാലെ സെനഗലിനെതിരെ ഈജിപ്ത് ഫുട്‌ബോൾ അസോസിയേഷൻ. സെനഗൽ കാണികളുടെ ഭാഗത്ത് നിന്നുണ്ടായ അനിഷ്ട സംഭവങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഈജിപ്ത് ഫുട്‌ബോൾ ഫെഡറേഷൻ രംഗത്ത് എത്തിയിരിക്കുന്നത്.

മത്സരത്തിലുടനീളം ഈജിപ്ത് കളിക്കാരെ അധിക്ഷേപിക്കുകയും പെനൽറ്റി കിക്ക് എടുക്കാനിരിക്കെ സൂപ്പർതാരം സലാഹിന് നേരെ ലേസർ പ്രയോഗം നടത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫിഫക്ക്, ഈജിപ്ഷ്യന് ഫുട്‌ബോള്‍ അസോസിയേഷന്‍ പരാതി നല്‍കിയിട്ടുണ്ട്. മത്സരം വീണ്ടും നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടതായി ഈജിപ്ത് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഗമാൽ അലം വ്യക്തമാക്കി.

'ആദ്യ പാദ മത്സരത്തിനായി വന്ന സെനഗല്‍ ടീമിനോട് ഞങ്ങൾ നന്നായി പെരുമാറിയിരുന്നു. വന്ന നിമിഷം മുതൽ അവരെ സംരക്ഷിച്ചിരുന്നു. എന്നാല്‍ ഞങ്ങൾ സെനഗലിൽ എത്തിയപ്പോൾ, വിമാനത്താവളത്തിൽവെച്ച് തന്നെ ഞങ്ങളെ അപമാനിക്കുകയും അവിടുത്തെ തൊഴിലാളികള്‍ മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്നും ഗമാൽ അലം പറഞ്ഞു.

അതേസമയം പരിശീലനത്തിനിടെ കളിക്കാരെ വംശീയമായി അധിക്ഷേപിച്ചതായും ടീം ബസ് ആക്രമിച്ചതായും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ സഹിതം ഈജിപ്ത് ആരോപിച്ചിരുന്നു. സെനഗല്‍ വിജയമുറപ്പിച്ചതിന് പിന്നാലെ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ സെനഗല്‍ ആരാധകര്‍ സലയെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

പെനല്‍റ്റിയിലൂടെയാണ് ഈജിപ്തിന് പുറത്തേക്കുളള വഴി സെനഗൽ കാണിച്ചുകൊടുത്തത്. മത്സരത്തിൽ സെനഗൽ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചെങ്കിലും ഇരു പാദങ്ങളിലുമായി സ്‌കോർ നില 1-1 ആയതോടെയാണ് മത്സരം പെനൽറ്റിയിലേക്ക് എത്തിയത്. പെനൽറ്റിയിൽ സെനഗൽ വിജയിക്കുകയും ചെയ്തു. സലാഹ് കിക്കെടുക്കാനെത്തിയപ്പോഴാണ് സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന ലേസർ രശ്മികൾ അദ്ദേഹത്തിന്റെ മുഖത്ത് പതിച്ചത്.

Senegal 'attack' on Salah prompts Egypt to make extraordinary World Cup play-off replay request

Similar Posts